ബി. പോക്കര്‍ സാഹിബ് – സ്വതന്ത്ര ഇന്ത്യയിലെ
ആദ്യത്തെ മുസ്‌ലിം ലീഗ് എം.പി
തലശ്ശേരി സ്വദേശി ബഡേക്കണ്ടി പോക്കര്‍ സാഹിബ്, കണ്ണൂര്‍ സ്വദേശി കോട്ടാല്‍ ഉപ്പി സാഹിബ്, കൊടുങ്ങല്ലൂര്‍ സ്വദേശി കെ.എം. സീതി സാഹിബ്, തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുഹമ്മദ് ഇസ്മായില്‍ സാഹിബ് – പാര്‍ലമെന്റിനകത്തും പുറത്തും പൊരുതിയ ഈ ആദ്യകാല മുസ്‌ലിം ലീഗ് നേതാക്കളുടെ ജീവിതം ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ധീരമായ പോരാട്ടങ്ങളുടെ കൂടി ചരിത്രമാണ്.
ഭരണഘടനാ നിര്‍മാണസഭയിലെ അംഗങ്ങളെന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പ് വെച്ച പതിമൂന്നു മലയാളികളില്‍ മദ്രാസ് നിയമസഭാംഗമായിരുന്ന ബി. പോക്കര്‍ സാഹിബുമുള്‍പ്പെടും. തലശ്ശേരിയിലെ പ്രമുഖ കുടുംബാംഗമായ പോക്കര്‍ സാഹിബ് ബ്രണ്ണന്‍ കോളേജിലേയും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേയും പഠനശേഷം 1915 ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. അതിനിടെയാണ് അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുന്നത്. മലബാറിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റി ഗ്രാഡ്വേറ്റുകളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി എന്നറിയപ്പെടുന്ന അവിഭക്ത മദ്രാസ് പ്രസിഡന്‍സിയെ പ്രതിനിധീകരിച്ച അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വാഗ്‌ധോരണി പ്രസിദ്ധമായിരുന്നു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ( പിന്നീട് ഈ മണ്ഡലം മഞ്ചേരിയാവുകയും അടുത്ത കാലത്ത് വീണ്ടും മലപ്പുറമാവുകയും ചെയ്തു) 1952 മുതല്‍ 1962 വരെ തുടര്‍ച്ചയായി പോക്കര്‍ സാഹിബ് പാര്‍ലമെന്റംഗമായി. ആദ്യപാര്‍ലമെന്റിലെ ആദ്യമുസ്‌ലിംലീഗ് അംഗം.
മലബാര്‍ ജില്ലയില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക നിയോജകമണ്ഡലം അനിവാര്യമെന്ന ആവശ്യവുമായി രാഷ്ട്രീയരംഗത്തേക്കെത്തിയ പോക്കര്‍ സാഹിബിന്റെ വൈഭവം മുസ്‌ലിം ലീഗ് നേതൃത്വം തിരിച്ചറിയുകയായിരുന്നു. മൊണ്ടേഗു -ചെംസ്‌ഫോര്‍ഡ് പരിഷ്‌കരണ തീരുമാനത്തിനെതിരെ ആദ്യനിവോദനം നല്‍കിയവരുടെ മുന്‍പന്തിയില്‍ പോക്കര്‍ സാഹിബുണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനവും മൗലാനാ ഷൗക്കത്തലിയും ആവേശം കൊള്ളിച്ച ആ നാളുകളില്‍ ഇരുപത്തഞ്ചാം വയസ്സില്‍ മദ്രാസ് ഹൈക്കോടതി അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് പോക്കര്‍ സാഹിബ് മലബാറിലുടനീളം മുസ്‌ലിം ലീഗിന്റെ സന്ദശവുമായി ജൈത്രയാത്ര നടത്തിയത്. ഖിലാഫത്ത് കാലത്ത് വീടും ഭൂമിയും നഷ്ടപ്പെട്ട് അശരണരായിത്തീര്‍ന്ന ആയിരങ്ങള്‍ക്ക് മദ്രാസില്‍ അഭയം നല്‍കാനും ജീവകാരുണ്യ-സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ അവരെ ആശ്വസിപ്പിക്കാനും പോക്കര്‍ സാഹിബ് മുന്‍കൈയെടുത്തു. അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ടാണ് രണ്ടു ലക്ഷം രൂപ അദ്ദേഹം പിരിച്ചെടുത്ത് മലബാര്‍ കലാപത്തിന്റെ ഇരകള്‍ക്ക് വിതരണം ചെയ്തത്. സൗത്ത് ഇന്ത്യ മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി, കേരള മുസ്‌ലിം എജുക്കേഷന്‍ അസോസിയേഷന്‍ എന്നിവ സ്ഥാപിച്ചതും പോക്കര്‍ സാഹിബാണ്. വിദ്യാഭ്യാസരംഗത്തെ അക്കാലത്തെ അദ്ദേഹത്തിന്റെ അമൂല്യമായ സംഭാവനകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
കുറുമ്പ്രനാട് മണ്ഡലത്തിലെ ആദ്യമല്‍സരത്തില്‍ പരാജയത്തിന്റെ കയ്പ് അനുഭവിക്കേണ്ടി വന്നെ പോക്കര്‍ സാഹിബ് പിന്നീടൊരിക്കലും തോല്‍വിയറിഞ്ഞിട്ടില്ല. വിഭജനാനന്തരം മുസ്‌ലിം ലീഗ് പിരിച്ചുവിടുകയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപിതമാവുകയും ചെയ്തപ്പോള്‍ അതിന്റെ മുന്‍നിരയില്‍ പോക്കര്‍ സാഹിബുണ്ടായിരുന്നു. മലപ്പുറം പാര്‍ലെമന്റ് മണ്ഡലത്തിലെ മല്‍സരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.വി ചാത്തുക്കുട്ടി നായരേയും കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി കെ. കുഞ്ഞാലിയെയുമാണ് പോക്കര്‍ സാഹിബ് പരാജയപ്പെടുത്തിയത്. 1957 ലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും മലപ്പുറത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ പാലാട്ട് കുഞ്ഞിക്കോയയേയും അവിഭക്ത സി.പി.ഐയിലെ കെ.പി മുഹമ്മദ് കോയയേയും അടിയറവ് പറയിച്ചാണ് പോക്കര്‍ സാഹിബ് പാര്‍ലമെന്റിലെത്തിയത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ ശരീഅത്ത് വിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയ പോക്കര്‍ സാഹിബ് പ്രധാനമന്ത്രി നെഹ്‌റുവിന്റെ മുഖത്ത് നോക്കി പ്രഖ്യാപിച്ചു: മിസ്റ്റര്‍ പ്രൈംമിനിസ്റ്റര്‍, ഐ ഡിസ് എഗ്രി വിത്ത് യൂ…
സഭയ്ക്ക് പുറത്തിറങ്ങിയ മൗലാനാ അബുല്‍കലാം ആസാദ് , പോക്കര്‍ സാഹിബിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. അങ്ങയുടെ എതിര്‍പ്പിന്റെ ശബ്ദത്തിലൂടെ ഈ ബില്‍ ഒലിച്ചുപോയിരിക്കുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ അങ്ങയോട് കടപ്പെട്ടിരിക്കുന്നു.
1965 ജൂലൈ 29 ന് എഴുപത്തഞ്ചാം വയസ്സില്‍ അന്തരിച്ച പോക്കര്‍ സാഹിബിന്റെ സ്മരണകള്‍ ഇന്നും പഴയ തലമുറയിലെ ന്യൂനപക്ഷരാഷ്ട്രീയം അടുത്തറിഞ്ഞവരെ പ്രചോദിതമാക്കുന്നു. തിരൂരങ്ങാടി കോളേജ് പോക്കര്‍ സാഹിബിനുള്ള സമുജ്വല സ്മാരകമാണ്. പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനും വിവര്‍ത്തകനും ഓറിയന്റ് ലോംഗ്മാന്‍സ് വിവര്‍ത്തകനുമായ വി.അബ്ദുല്ല, പോക്കര്‍ സാഹിബിന്റെ മകനാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത് അബ്ദുല്ലയാണ്. പ്രമുഖ പാചക വിദഗ്ധയും എഴുത്തുകാരി ബി.എം സുഹ്‌റയുടെ സഹോദരിയുമായ ഉമ്മി അബ്ദുല്ലയാണ് വി. അബ്ദുല്ലയുടെ പത്‌നി. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് പരേതനായ ബി.എം ഗഫൂറിന്റെ സഹോദരിമാരാണ് ഉമ്മിയും സുഹ്‌റയും.