കൊച്ചി: അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ മറവുചെയ്യാൻ ശ്രമിച്ച മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി വെണ്ണലയിൽ ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം.
വെണ്ണല സ്വദേശിയായ 70 വയസുള്ള അല്ലിയുടെ മൃതദേഹം മറവുചെയ്യാനായി കുഴി എടുത്ത മകൻ പ്രദീപി(50)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പാലാരിവട്ടം പോലീസ് അറിയിച്ചു.
മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. മദ്യലഹരിയിലായിരുന്നു പ്രദീപ്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാൻ പുറത്ത് പോയിരുന്നു. പ്രദീപ് സ്ഥിരം മദ്യപിച്ച് വീട്ടിൽ പ്രശ്‌നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും വീട്ടിൽനിന്ന് ബഹളം കേട്ടതായി പരിസരവാസികൾ പറഞ്ഞു.

അമ്മ മരിച്ചതിനെ തുടർന്ന് കുഴിച്ചിടാനാണ് ശ്രമിച്ചതെന്നാണ് പ്രദീപ് പോലീസിനോട് പ്രതികരിച്ചത്. പോസ്റ്റ്‌മോർട്ടം റിപോർട്ടിനായി കാത്തിരിക്കുകയാണ് തുടർ നടപടികൾക്കെന്ന് പോലീസ് വ്യക്തമാക്കി.