ചെന്നൈ: തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട അസി. ജയിലറെ ചെരിപ്പൂരി അടിച്ച് പെൺകുട്ടി. തമിഴ്‌നാട്ടിലെ മധുര സെൻട്രൽ ജയിൽ അസി.ജയിലർ ബാലഗുരു സ്വാമിയെയാണ് പെൺകുട്ടി തല്ലിയത്. ഒരു കേസിൽ ജയിലിലുള്ള പ്രതിയുടെ ചെറുമകളാണ് പെൺകുട്ടി.
മുത്തശ്ശനെ കാണാൻ ജയിലിൽ എത്തിയപ്പോഴാണ് പെൺകുട്ടിയുമായി അസി. ജയിലർ പരിചയത്തിലായത്. തുടർന്ന് ജയിലിൽ പോകുമ്പോഴെല്ലാം ഇയാൾ പെൺകുട്ടിയോട് അടുക്കാൻ ശ്രമിക്കുകയും മോശമായി പെരുമാറാൻ ശ്രമിച്ചതായും പറയുന്നു. ഏറ്റവും ഒടുവിൽ, ഈയിടെ ജയിലിലെത്തിയപ്പോൾ തനിച്ചു വീട്ടിലേക്ക് വരാൻ പെൺകുട്ടിയോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടിനടുത്തുള്ള സ്ത്രീകളെയും കൂട്ടി എത്തിയാണ് ജയിലറെ തല്ലിയത്.
പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ തനിക്കൊപ്പം പോലീസ് സ്റ്റേഷനിൽ വന്നാൽ മാത്രമേ പിന്തിരിയുകയുള്ളൂവെന്ന് യുവതി അറിയിച്ചു. തുടർന്ന് പോലീസ് മധുരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ അസിസ്റ്റന്റ് ജയിലറെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾ മറ്റു സ്ത്രീകളോടും മര്യാദയില്ലാതെ പെരുമാറിയതായി ആക്ഷേപങ്ങളുണ്ട്.