വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലൈലത്തുൽ ഖദ്റിനുള്ള പ്രാധാന്യം വിവരണാതീതമാണ്. വിധി, തീരുമാനം, മഹത്വം എന്നൊക്കെയാണ് ഖദ്‌റിന്റെ അര്‍ഥം. ഈ രാത്രിയിലെ സല്‍കര്‍മങ്ങള്‍ ലൈലതുല്‍ ഖദ്ർ ഇല്ലാത്ത ആയിരം മാസങ്ങളിലെ സല്‍കര്‍മങ്ങളെക്കാള്‍ ശ്രേഷ്ഠമാണ്. ‘യഥാര്‍ഥ വിശ്വാസത്തോടെയും പ്രത്യേകം പരിഗണിച്ചും ലൈലതുല്‍ ഖദ്‌റില്‍ ആരെങ്കിലും നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും’ എന്ന് നബി(സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
മുഹമ്മദ് നബിയുടെ സമുദായത്തിനുള്ള പാരിതോഷികമായാണ് ഈ രാവിനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ആയുർദൈർഘ്യം കൂടുതലുള്ളവരായിരുന്നു മുൻകാല സമുദായങ്ങൾ. ഇക്കാരണത്താൽത്തന്നെ നൂറ്റാണ്ടുകളോളം ദൈവാരാധന നടത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ, 60 നും 70നും ഇടയിലാണ് മുഹമ്മദീയ സമുദായത്തിന്റെ ആയുസ്സ് (ഹദീസ്). ആരാധനകളുടെ കാര്യത്തിൽ മുൻകാല സമുദായങ്ങളുമായി കിടപിടിക്കുവാനും അവരെ മറികടക്കുവാനും ലൈലത്തുൽ ഖദ്ർ സഹായിക്കുന്നു.
ലൈലത്തുൽ ഖദ്റിനെക്കുറിച്ച് പ്രത്യേകമായൊരു അധ്യായംതന്നെയുണ്ട് ഖുർആനിൽ. ‘നിശ്ചയം നാം ഇതിനെ (ഖുർആനിനെ) ലൈലത്തുൽ ഖദ്റിൽ അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുൽ ഖദ്ർ എന്താണെന്ന് നിങ്ങൾക്കറിയാമോ? ആയിരം മാസങ്ങളേക്കാൾ ഉത്തമമാകുന്നു അത്. മാലാഖമാരും ആത്മാവും ദൈവാനുമതിപ്രകാരം എല്ലാ കാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ’ (97:15).
ശരാശരി മനുഷ്യൻ തന്റെ ആയുഷ്കാലമത്രയും ആരാധനാ കർമങ്ങൾക്കായി ചെലവഴിച്ചാലും നേടിയെടുക്കാൻ കഴിയാത്ത മഹത്വം ലൈലത്തുൽ ഖദ്റിന്റെ ഒരേയൊരു രാത്രിയിലൂടെ നേടിയെടുക്കാനാകും. അറുപതും എഴുപതും വർഷം മാത്രം നീണ്ടുനിൽക്കുന്ന നമ്മുടെ ജീവിതചക്രത്തെ ഈ ഒരൊറ്റ രാത്രികൊണ്ട് നന്മയുടെ ആധിക്യവുമായി മറികടക്കാൻ കഴിയുന്നത് ഇക്കാരണത്താലാണ്.
നബി തിരുമേനി ഒരിക്കൽ ബനൂ ഇസ്റാഈൽ സമുദായത്തിലെ ഒരു യോദ്ധാവിനെ അനുയായികൾക്കു പരിചയപ്പെടുത്തി. ശക്തനായ ഈ യോദ്ധാവിനു മുന്നിൽ നിരന്തര പരാജയം നേരിട്ട ശത്രുക്കൾ ഭർത്താവിനെ കീഴടക്കാൻ തങ്ങൾക്ക് അവസരമൊരുക്കിത്തന്നാൽ സമ്പത്ത് നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ പ്രലോഭിപ്പിച്ചു. ഭാര്യയുടെ വഞ്ചനയ്ക്കു വിധേയനായി ശത്രുസൈന്യം യോദ്ധാവിനെ കീഴടക്കുന്നു. ഈ സമയം തന്റെ രക്ഷയ്ക്കായി ഇയാൾ അല്ലാഹുവിനോടു പ്രാർഥിക്കുകയും പ്രാർഥന കേട്ട അല്ലാഹു രക്ഷപ്പെടാനുള്ള വഴി കാണിക്കുകയും ചെയ്തു. ഇതുപോലെ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടാൻ എന്തു ചെയ്യണമെന്ന് അനുയായികൾ പ്രവാചകനോടു ചോദിച്ചു. വിശുദ്ധ റമദാനിലെ അനുഗ്രഹീത രാത്രികളിലെ പ്രാര്ഥനകളിലൂടെ നേടിയെടുക്കാൻ സാധിക്കുമെന്ന് പ്രവാചകൻ (സ) വിശദീകരിച്ചു.
റമസാനിലെ അവസാന പത്തു ദിനങ്ങൾ പ്രവാചകൻ പ്രത്യേകമായി ആരാധനകൾക്കു തയാറെടുക്കുമായിരുന്നു. അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ പദവി നേടിയെടുക്കാന്‍ അവ മുഖേന വിശ്വാസിക്ക് സാധിക്കുന്നതാണ്. പാപങ്ങളില്ലാത്ത നബി (സ) പോലും ഈ ദിനങ്ങളില്‍ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. ആഇശ(റ) പറയുന്നു:’ അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയാറാവുകയും ചെയ്യാറുണ്ടായിരുന്നു’.
പ്രതിഫലങ്ങളുടെ ആ പവിത്ര രാവ് എന്നാണെന്നു പ്രവാചകൻ (സ) വ്യക്തമായി പറഞ്ഞുതരാത്തതു റമസാൻ മുഴുവനും നഷ്ടപ്പെടുത്താതെ ജീവസുറ്റതാക്കാൻ വേണ്ടിയാണ്. ലൈലതുല്‍ ഖദ്ര്‍ ഏത് ദിവസമാണെന്ന് കൃത്യമായി പറയുക സാധ്യമല്ല. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: ”നബി (സ) ലൈലതുല്‍ ഖദ്ർ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി ((സ)പറഞ്ഞു. ലൈലതുല്‍ ഖദ്‌റിന്റെ ദിവസം പ്രഖ്യാപിക്കാന്‍ വന്നതായിരുന്നുഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വയ്ക്കുന്നത്. അതോടെ അല്ലാഹു അത് ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം. ഏതെങ്കിലും ഒരു പ്രത്യേകദിനത്തില്‍ മാത്രം ഇബാദത്തുകള്‍ ചെയ്ത് ബാക്കി ദിനങ്ങളില്‍ അലസരാകുന്നത് അല്ലാഹു ഇഷ്ടപ്പെട്ടില്ല. നിശ്ചിതരാവാണെന്ന് വ്യക്തമായാല്‍ മറ്റ് രാവുകള്‍ വൃഥാ പാഴാക്കാന്‍ കാരണമാകുന്നു.
അന്ത്യനാളില്‍ വിശ്വാസികളുടെ നന്മകള്‍ക്ക് എങ്ങനെ എങ്കിലും വര്‍ധനവ് ഉണ്ടാകണമെന്നാണ് കാരുണ്യവാനായ അല്ലാഹു ഉദ്ദേശിക്കുന്നത്. മലക്കുകളുടെ മുന്‍പില്‍ അല്ലാഹു അഭിമാനത്തോടെ ഇങ്ങനെ പറയും: ലൈലത്തുല്‍ ഖദ്‌റ് കൃത്യമായി അറിയാതിരിന്നിട്ടുപോലും എന്റെ അടിമകള്‍ രാത്രിയില്‍ ഇബാദത്തിലാണ്. ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എത്രമാത്രം ഇബാദത്ത് ചെയ്യുമായിരുന്നു. റമദാന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം. ആഇശാ ബീവി പറയുന്നു: ‘നബി (സ) പറഞ്ഞു: നിങ്ങള്‍ റമദാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ പ്രതീക്ഷിക്കുക’ (ബുഖാരി)
ബുഖാരി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: ‘ഇബ്‌നുഉമറി(റ)ല്‍ നിന്ന് നിവേദനം. ചില സ്വഹാബികള്‍ക്ക് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ചുള്ള സ്വപ്നദര്‍ശനമുണ്ടായി. റമദാനിന്റെ അവസാന ഏഴുദിവസങ്ങളിലായിരുന്നു ഇത്. ഇതറിഞ്ഞ നബി (സ) പറഞ്ഞു. നിങ്ങളുടെ സ്വപ്നദര്‍ശന പ്രകാരം ലൈലതുല്‍ ഖദ്‌റ് കാംക്ഷിക്കുന്നവര്‍ റമദാന്റെ ഒടുവിലത്തെ ഏഴു രാവുകളില്‍ പ്രതീക്ഷിക്കുക.’ ‘നിങ്ങള്‍ റമദാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്‌റ് പ്രതീക്ഷിക്കുക. അതില്‍ തന്നെ 21, 23, 25 രാവുകളില്‍’ (ബുഖാരി) അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു. ‘ലൈലതുല്‍ ഖദ്‌റിനെപ്പറ്റി നബി(സ്വ)യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമദാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.’ (അബൂദാവൂദ്, ത്വബ്‌റാനി). അബൂഹുറൈറ (റ) പറയുന്നു: ‘ഞങ്ങള്‍ നബി (സ)യുടെ അടുക്കല്‍ വച്ച് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തില്‍ എത്രയുണ്ട് ബാക്കി? ഞങ്ങള്‍ പ്രതിവചിച്ചു: 22 ദിനങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു. 22 ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. അതില്‍ 29-മത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്‌റ് പ്രതീക്ഷിക്കുക.’
ഖുര്‍ആനില്‍ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്‌വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്‌റ് റമദാന്‍ ഇരുപത്തിയേഴാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കിയാണ് ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം പണ്ഡിതരുടെ വീക്ഷണവും.’ (തര്‍ശീഹ്, 1168, റാസി 3230). കുറഞ്ഞ ആയുസിൽ കൂടുതൽ കാലം ജീവിച്ച് പുണ്യങ്ങൾ കൊയ്‌തെടുക്കുന്ന ഒരു അനുഭൂതിയാണിത്.
(SIC സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടാണ് ലേഖകൻ)