ചുണ്ടനുകൾ അവസാനവട്ട പരിശീലനത്തിൽ
ആലപ്പുഴ : അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞതോടെ ആലപ്പുഴ ആവേശപ്പുഴയായി.
വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്റുട്രോഫി, വള്ളംകളി പ്രേമികളുടെ നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിൽ ഒന്നര മാസത്തിനു ശേഷം നടക്കുകയാണ്. ശനിയാഴ്ച പുന്നമടയിലെ പൂരം പ്രൗഢിയും തനിമയും ചോരാതെ നടക്കും. ഏറ്റവുമധികം കായികതാരങ്ങൾ ഒന്നിച്ചണിനിരക്കുന്ന ഒളിമ്പിക്സാണ് പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ അരങ്ങേറുന്നത്. ഇരുപതോളം ജലരാജാക്കന്മാർ പണ്ഡിറ്റ്ജിയുടെ കൈയൊപ്പുള്ള വെള്ളിക്കപ്പ് ഉയർത്താനുള്ള വീറിലും വാശിയിലുമാണ്.
കുട്ടനാട്ടിലെ നെട്ടായങ്ങളിലെല്ലാം ഇപ്പോൾ വഞ്ചിപ്പാട്ടിന്റെ അലയൊലികളാണ്. നൂറ്റിപ്പത്തുപേർവരെ തുഴച്ചിലിലും അമരത്തുമായി കൈമെയ് മറന്ന് അധ്വാനിക്കുമ്പോഴാണ് തങ്ങളുടെ ചുണ്ടനെ ജലരാജപ്പട്ടമണിയിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥിയായി എത്തുന്നത്. വള്ളംകളിയ്ക്കായി മുമ്പ് നിര്‍മ്മിക്കുകയും മത്സരത്തിന്റെ അനിശ്ചതാവസ്ഥ കണക്കിലെടുത്ത് അഴിച്ചു മാറ്റുകയും ചെയ്ത താത്ക്കാലിക പവിലിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ആഗസ്റ്റ് മാസത്തിലെ രണ്ടാംശനിയാഴ്ചയാണ് വള്ളംകളി നടക്കേണ്ടത്.
അന്ന് ടൂറിസം സീസണ്‍ കണക്കിലെടുത്ത് വിദേശികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളും ഉള്‍പ്പടെയുള്ളവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും അതെല്ലാം റദ്ദാക്കിയിരുന്നു. നിലവില്‍ ടിക്കറ്റ് വില്‍പ്പന കാര്യമായ രീതിയില്‍ നടന്നിട്ടില്ല. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ വഴിയാണു വില്‍പന. ബാങ്കുകളുമായി സഹകരിച്ച് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയുമുണ്ട്. ഈ വര്‍ഷം മത്സര ട്രാക്ക് 1150 മീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടിങ് പോയിന്റിനു സമീപം നെഹ്‌റു ട്രോഫി വാര്‍ഡിലേക്കുള്ള പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ വള്ളങ്ങള്‍ തിരിക്കാന്‍ ബുദ്ധിമുട്ടാണ്.
ഇതിനാലാണു സ്റ്റാര്‍ട്ടിങ് പോയിന്റില്‍ മാറ്റം വരുത്തി ദൂരം കുറച്ചത്. ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ 28ന് രാവിലെ 11ന് ആരംഭിക്കും. 12.30ന് അവസാനിക്കും. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരം നടക്കും.
ചുണ്ടന്‍ വള്ളത്തില്‍ ഇതര സംസ്ഥാനക്കാര്‍ ആകെ തുഴച്ചില്‍ക്കാരുടെ 25 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ല. ചുണ്ടന്‍ വള്ളങ്ങളില്‍ തുഴക്കാരുടെ എണ്ണം 75ല്‍ കുറയുവാനും 95ല്‍ കൂടാനും പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്.എല്ലാവര്‍ക്കും യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ്. നിബന്ധനകൾ പാലിച്ചുകൊണ്ട് ചുണ്ടനുകൾ അവസാനഘട്ട പരിശീലനത്തിലാണ്.