ജിദ്ദ- നിലവിലെ സുരക്ഷാ സാഹചര്യങ്ങളും, തുടരുന്ന സുരക്ഷാ വിലയിരുത്തലുകളും കണക്കിലെടുത്ത്, സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ നീട്ടി. യാത്രക്കാര്‍ക്ക് അവരുടെ യാത്രാ പദ്ധതികളില്‍ മാറ്റം വരുത്താന്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിക്കൊണ്ടാണ് എയര്‍ലൈന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
ജിദ്ദ സര്‍വീസുകള്‍ 2027 ജനുവരി 10 വരെയും റിയാദ് 2027 ജനുവരി 31 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക്, ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ ലഭിക്കാനോ അല്ലെങ്കില്‍ അധിക ചെലവില്ലാതെ യാത്ര മറ്റൊരു തീയതിയിലേക്ക് മാറ്റാനോ അവസരമുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച അതേ പേയ്മെന്റ് രീതിയിലേക്ക് ഏഴ് ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കുമെന്ന് ആകാശ എയര്‍ അറിയിച്ചു. ട്രാവല്‍ ഏജന്‍സികളും മറ്റ് ട്രാവല്‍ പങ്കാളികളും വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍, സഹായത്തിനായി അവരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. മേഖലയിലെ സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരുന്നതായും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.



