വാഷിങ്ടൻ: വിദേശത്ത് നിർമിച്ച സിനിമകൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസിലെ സിനിമാ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഒരു കുട്ടിയുടെ കൈയിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് മോഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ദുർബലനായ ഒരു ഗവർണറുള്ള കാലിഫോർണിയയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. അതിനാൽ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി, യുഎസിനു പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും ഞാൻ 100 ശതമാനം തീരുവ ചുമത്തും” – ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
ഇന്ത്യൻ സിനിമകളുടെ വിദേശ ബോക്സ് ഓഫീസ് വരുമാനത്തിന്റെ ഏകദേശം 35 മുതൽ 40 ശതമാനം വരെ യുഎസിൽ നിന്നാണ്. ട്രംപിന്റെ തീരുമാനം ബോളിവുഡിനും ഇന്ത്യയിലെ പ്രാദേശിക സിനിമാ വ്യവസായത്തിനും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. തീരുവ നടപ്പിലായാൽ ടിക്കറ്റ് വിലയും വിതരണചെലവും ഇരട്ടിയാകുകയും ചെയ്യാം.