ലണ്ടൻ/ദുബൈ– മലയാളി യുവാവ് യുകെയിൽ ബൈക്കപകടത്തിൽ മരിച്ചു. യുഎഇയിൽ ജനിച്ചു വളർന്ന ജെഫേഴ്‌സൺ ജസ്റ്റിൻ (27) ആണ് മരണപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ ജസ്റ്റിൻ, വിൻസി ദമ്പതികളുടെ മകനാണ് ജെഫേഴ്‌സൺ. വൈകിട്ട് ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിന്റെ വളവിൽ ബൈക്ക് സ്‌കിഡ് ആയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഉപരിപഠനത്തിനായി യുകെയിൽ പോയ യുവാവ് അവിടെ തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ദുബൈലുള്ള മാതാപിതാക്കളെ പോലീസാണ് വിവരം അറിയിച്ചത്. പിതാവ് ജസ്റ്റിൻ പെരേര ഷാർജ റോയൽ ഫ്‌ളെറ്റിൽ അക്കൗണ്ട്‌സ് മാനേജരാണ്.
ഷാർജ നാഷണൽ സ്‌കൂളിൽ നിന്ന് പ്ലസ് ടു വിദ്യാഭ്യാസം, തേവര സേക്രഡ് ഹാർഡ് കോളജിൽ ബിരുദവും പൂർത്തിയാക്കിയതിന് ശേഷാണ് ഗ്രാഫിക് ഡിസൈൻ പഠിക്കാൻ യുകെയിലേക്ക് പോയത്. മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് ജെഫേഴ്‌സൺ. മകന്റെ മൃതദേഹം യുഎഇയിൽ സംസ്‌കരിക്കാനാണ് തീരുമാനമെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ഇപ്പോൾ ലീഡ്‌സ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎയിൽ എത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.