ലണ്ടൻ: യുകെയിലെ മിൽട്ടൺ കീൻസിൽ പ്രമുഖ മലയാളി ഡോക്ടർ അച്ചാമ്മ ജോൺ സ്വന്തം വസതിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യുകെ മലയാളി സമൂഹത്തെയാകെ നടുക്കിയ ദുരന്ത വാർത്ത പുറത്തുവരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ വിദ്യാർത്ഥിനിയായിരുന്ന അച്ചാമ്മ ജോൺ, യുകെയിൽ ഏറെ പ്രശസ്തയായ ഹിസ്റ്റോപതോളജിസ്റ്റും സ്കിൻ കാൻസർ രോഗനിർണ്ണയ രംഗത്തെ പ്രമുഖ വിദഗ്ദ്ധയുമായിരുന്നു.
ഞായറാഴ്ച വൈകുന്നേരം മിൽട്ടൺ കീൻസിലെ വൂൾവർട്ടൺ പ്രദേശത്തെ ഈസ്റ്റ് മൂർ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയിൽ നിന്നാണ് പോലീസിന് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം ലഭിക്കുന്നത്. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ അച്ചാമ്മ ജോണിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊലപാതകം നടന്ന സ്ഥലത്തുണ്ടായിരുന്ന ഇവരുടെ 58 വയസ്സുകാരനായ ഭർത്താവിനെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിൽ ഏറെ പ്രിയങ്കരിയായ ഡോക്ടറായിരുന്നു അച്ചാമ്മ ജോൺ. ഒദ്യോഗിക ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചെങ്കിലും ഇവരുടെ കുടുംബജീവിതത്തിൽ ദമ്പതികൾക്കിടയിൽ ദീർഘനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകുന്നേരമുണ്ടായ കടുത്ത വാക്കേറ്റമാണ് ഒടുവിൽ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രാദേശിക ദേവാലയത്തിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ദമ്പതികൾ, പൊതുവേ മറ്റ് മലയാളി കൂട്ടായ്മകളിൽ നിന്നും സാമൂഹിക പരിപാടികളിൽ നിന്നും അകന്നുമാറിയാണ് ജീവിച്ചിരുന്നത്. നിലവിൽ അറസ്റ്റിലായ പ്രതിയെ പോലീസ് സ്റ്റേഷനിൽ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി വരികയാണ്. കൊല്ലപ്പെട്ട ഡോക്ടറുടെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും നിലവിൽ പുരോഗമിക്കുകയാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചു.



