ലണ്ടൻ– ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അക്രമിയുടെ മരണം സ്ഥിരീകരിച്ചു.
ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയാണ് അക്രമി ആക്രമണം നടത്തിയത്. യു.കെ. പൊലീസ് ഇതിനെ തീവ്രവാദ ആക്രമണമായി കണക്കാക്കുന്നു. ക്രൈംപീസലിലെ ഹിറ്റൺ പാർക്ക് ഹിബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്ത്, ജൂത കലണ്ടറിലെ പുണ്യദിനമായ യോം കിപ്പൂർ സമയത്ത്, പ്രാദേശിക സമയം രാവിലെ 9:30-നാണ് സംഭവം.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. കെട്ടിടത്തിന് പുറത്ത് രണ്ട് ആയുധധാരികളായ ഉദ്യോഗസ്ഥർ അക്രമിയെ വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തെ തുടർന്ന് ഡെൻമാർക്കിൽ യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂനിറ്റി ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജ്യത്തേക്ക് മടങ്ങി. ബ്രിട്ടനിലെ സിനഗോഗുകളിൽ സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ചാൾസ് രാജാവ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ഈ ആക്രമണം ജൂത സമുദായത്തിൽ രാഷ്ട്രീയ അക്രമം മതവിദ്വേഷമായി മാറുമോ എന്ന ഭയം വർധിപ്പിക്കുമെന്ന് ഗ്രേറ്റ് ബ്രിട്ടനിലെ റബ്ബിക് കോടതി തലവൻ റബ്ബി ജോനാഥൻ റൊമെയ്ൻ ചൂണ്ടിക്കാട്ടി.
യോം കിപ്പൂർ ദിനത്തിലെ ആക്രമണത്തെ അപലപിച്ച മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ, ഇത് അതീവ ദുഃഖകരമാണെന്നും പ്രതികരിച്ചു.