ലണ്ടൻ: മുൻ ആർസനൽ മിഡ്ഫീൽഡർ തോമസ് പാർട്ടിക്കെതിരെ ലൈംഗിക അതിക്രമ കേസുകളിൽ കുറ്റം ചുമത്തി സ്‌കോട്ട്‌ലാന്റ് യാർഡ്. 2021-ലും 2022-ലും വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് സ്ത്രീകളെ ആക്രമിച്ചു എന്ന കേസിലാണ് മൂന്നു വർഷത്തെ അന്വേഷണത്തിനു ശേഷം 32-കാരനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 2020 മുതൽ ആർസനൽ താരമായിരുന്ന പാർട്ടിയുടെ കരാർ ഇക്കഴിഞ്ഞ ജൂൺ 30-നാണ് അവസാനിച്ചത്. നിലവിൽ പാർട്ടി ഒരു ക്ലബ്ബിലും അംഗമല്ല.
ബലാത്സംഗം സംബന്ധിച്ച് അഞ്ച് കൗണ്ട് ചാർജുകളാണ് ഘാന അന്താരാഷ്ട്ര താരമായ പാർട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നും നാളെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിൽ മൂന്ന് കൗണ്ടും മറ്റുള്ളവരെ ആക്രമിച്ചതിൽ ഓരോ കൗണ്ട് വീതവുമാണ് ചുമത്തിയിരിക്കുന്നത്.
പരാതി നൽകിയ സ്ത്രീകൾക്ക് പിന്തുണ നൽകുക എന്നതാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും ഈ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈവശമുള്ള ആരും അത് കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.