തൃശൂർ– തൃശൂർ ജില്ലയിലെ മുളയം കൂട്ടാലയിൽ മകൻ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. കൂട്ടാല സ്വദേശിയായ മുത്തേടത്ത് സുന്ദരൻ നായരെയാണ് (80) മകൻ സുമേഷ് ആണ് കൊലപ്പെടുത്തിയത്. സ്വർണമാലക്കായാണ് പ്രതി പിതാവിനെ കൊലപ്പെടുത്തുകയും, ശേഷം ചാക്കിൽ കെട്ടി വീടിന് സമീപത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയും ആണ് ചെയ്തത്.
സ്ഥിരമദ്യപാനിയായ സുമേഷ് പിതാവായ സുന്ദരൻ നായരെ നിരന്തരം പണം ചോദിച്ച് തർക്കിക്കാറുണ്ടായിരുന്നതായും, ഇന്നലെ പണം നൽകാത്തതിനെ തുടർന്ന് മാല ആവശ്യപ്പെടുകയുമായിരുന്നു. പിതാവ് സ്വർണമാല നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പട്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് എന്ന് പ്രതിയായ സുമേഷ് കുറ്റസമ്മതം നടത്തി. കൃത്യം ചെയതതിന് ശേഷം കയ്യും കാലും കെട്ടി ചാക്കിലാക്കി, കൂട്ടാല പാൽ സൊസൈറ്റി പരിസരത്ത് വീടിനോട് ചേർന്ന് പറമ്പിൽ ഉപേക്ഷിക്കുകയുമായിരുന്നു.
പുത്തൂരിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് സുമേഷിനെ പിടികൂടിയത്. പിടിയിലാകുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. ഇവരുടെ വീടിനുള്ളിൽ നിന്ന് രക്തക്കറ പോലീസ് കണ്ടെത്തിയിരുന്നു.