തൃശ്ശൂർ– കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂരമായ മർദനമേറ്റതായി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റുമായ വി.എസ്. സുജിത്ത്. പോലീസ് അതിക്രൂരമായി മർദിച്ചുവെന്നും, സ്റ്റേഷനിലെത്തും മുമ്പും പിന്നീടും മർദനം തുടർന്നുവെന്നും സുജിത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. തലയിലും കാലിലും ചൂരലുകൊണ്ട് അടിച്ചതായും, കുടിവെള്ളം ചോദിച്ചിട്ട് നൽകാതിരുന്നതായും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ മർദനത്തിന്റെ പല ഭാഗങ്ങളും ഉൾപ്പെട്ടിട്ടില്ലെന്നും സുജിത്ത് ആരോപിച്ചു.
2023 ഏപ്രിലിൽ നടന്ന ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതോടെയാണ് വിവാദം വീണ്ടും ചർച്ചയായത്. മർദനത്തിൽ സുജിത്തിന്റെ കേൾവിശക്തിക്ക് തകരാറുണ്ടായി. കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്മാനും സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരുമാണ് മർദനം നടത്തിയതെന്ന് സുജിത്ത് ആരോപിക്കുന്നു. കൂടാതെ, സിസിടിവിയിൽ രേഖപ്പെടുത്താത്ത മറ്റ് രണ്ട് പോലീസുകാർ കൂടി മർദനത്തിൽ പങ്കെടുത്തതായി അദ്ദേഹം വെളിപ്പെടുത്തി.
സംഭവത്തിന്റെ തുടക്കം, വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് മർദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതോടെയാണ്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് പോലീസ് സുജിത്തിനെതിരെ കേസെടുത്തു. എന്നാൽ, വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു.
20 ലക്ഷം രൂപ വാഗ്ദാനം; കേസ് ഒതുക്കാൻ ശ്രമം
കേസ് പിൻവലിക്കാൻ പോലീസ് ഉദ്യോഗസ്ഥർ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി സുജിത്ത് ആരോപിച്ചു. കേസ് ഒതുക്കാൻ സമ്മർദം ഉണ്ടായെന്ന് കോൺഗ്രസ് നേതാവ് വർഗീസും ആരോപിച്ചു. മർദനത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി വേണമെന്നും അവരെ സർവീസിൽ നിന്ന് നീക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു. നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ സേതു കെ.സി.യുടെ അന്വേഷണ റിപ്പോർട്ട് സുജിത്തിന്റെ ആരോപണങ്ങൾ ശരിവെക്കുന്നു. സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് ഒറീന ജംഗ്ഷനിൽ വെച്ച് ജീപ്പ് നിർത്തി മർദിച്ചുവെന്നും, സ്റ്റേഷനിലെത്തിയ ശേഷവും മർദനം തുടർന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.