തിരുവനന്തപുരം– നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. സംഭവത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത മകൻ സിജോയി സാമുവേലിനെ (19) റിമാൻഡ് ചെയ്തു. അമിതമായ മൊബൈൽ ഉപയോഗമാണ് സിജോയിയുടെ ജീവിതത്തിൽ വെല്ലുവിളി ആയത്. അമിത മൊബൈൽ ഉപയോഗത്തെത്തുടർന്ന് സിജോയിയുടെ മാനസികനില തകരാറിലായിരുന്നു എന്നും മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നു എന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ചികിത്സയെ തുടർന്ന് സിജോയി സാധാരണ നിലയിലേക്ക് എത്തിയിരുന്നെങ്കിലും ആക്രമണം അവസാനിപ്പിച്ചില്ല. ഇതോടെ സുനിൽ കുമാറിനും ഭാര്യ ലളിത കുമാരിക്കും കാഞ്ഞിരംകുളം പനനിന്നയിലേക്ക് വാടകയ്ക്ക് താമസം മാറേണ്ടി വന്നു. എന്നാൽ, സിജോയിക്ക് ദിവസവും ഇവർ ഭക്ഷണം എത്തിച്ചിരുന്നു. ഭക്ഷണവുമായി എത്തിയ പിതാവിനോട്, ഇയാൾ പണം ആവശ്യപ്പെടുകയും അതു ലഭിക്കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു.
അടിയേറ്റ് വീണ സുനിൽ കുമാർ ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു. നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാൽ വഴുതി വീണു എന്നാണ് ആദ്യം ആശുപത്രി അധികൃതരോട് സുനിൽ കുമാർ പറഞ്ഞത്. എന്നാൽ സംശയം തോന്നിയ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.