മുംബൈ – പല തരത്തിലുള്ള സൈബർ തട്ടിപ്പുകളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ആളുകളാണ് നിരന്തരം തട്ടിപ്പുകൾക്ക് ഇരയായി തീരുന്നത്. മുംബൈയിലിതാ ഒരു വ്യത്യസ്തമായ തട്ടിപ്പിന് ഇരയായ യുവാവിന് 11 ലക്ഷം രൂപയാണ് നഷ്ടമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ കണ്ട വിചിത്രമായ പരസ്യത്തിന് മറുപടി നൽകിയതിന് പിന്നാലെയാണ് പൂനെ സ്വദേശിയായ 44 കാരന് പണം നഷ്ടമായത്.
‘എന്നെ അമ്മയാക്കാൻ കഴിയുന്ന ഒരു പുരുഷനെ എനിക്ക് വേണം. മാതൃത്വത്തിൻ്റെ സന്തോഷം നൽകുന്നയാൾക്ക് 25 ലക്ഷം രൂപ നൽകാം. വിദ്യാഭ്യാസമോ ജാതിയോ നിറമോ എനിക്ക് പ്രശ്നമല്ല’, ഇതായിരുന്നു ഓൺലൈൻ പരസ്യം. താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാനായി ഫോണ്‍നമ്പറും പരസ്യത്തില്‍ നല്‍കിയിരുന്നു.
പരസ്യം കണ്ടതിന് പിന്നാലെ യുവാവ് ഈ ഫോണ്‍നമ്പറിലേക്ക് വിളിച്ചു. എന്നാല്‍, ഒരു പുരുഷനാണ് ഫോണെടുത്തത്. ഗര്‍ഭം ധരിപ്പിക്കാനുള്ള ജോലി നല്‍കുന്ന ഏജന്‍സിയിലെ ജീവനക്കാരനാണെന്നാണ് ഇയാള്‍ യുവാവിനോട് പറഞ്ഞത്. ഗര്‍ഭം ധരിപ്പിക്കാനുള്ള സ്ത്രീക്കൊപ്പം താമസിക്കണമെങ്കില്‍ ആദ്യം ഏജന്‍സിയില്‍ രജിസ്റ്റര്‍ചെയ്ത് ഐഡി കാര്‍ഡ് നേടണമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പലതവണകളായി രജിസ്‌ട്രേഷന്‍ ചാര്‍ജ്, ഐഡി കാര്‍ഡ് ചാര്‍ജ്, വെരിഫിക്കേഷന്‍ ചാര്‍ജ്, ജിഎസ്ടി, ടിഡിഎസ്, പ്രോസസിങ് ഫീ എന്നിങ്ങനെയെല്ലാം പറഞ്ഞ് പണം വാങ്ങി. ഇത്തരത്തില്‍ ഏകദേശം നൂറിലേറെ തവണകളായി 11 ലക്ഷത്തോളം രൂപയാണ് ഒന്നരമാസത്തിനിടെ യുവാവ് അയച്ചുനല്‍കിയത്.
എന്നാല്‍, പിന്നീട് ജോലിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ യുവാവിൻ്റെ ഫോണ്‍നമ്പര്‍ തട്ടിപ്പുകാര്‍ ബ്ലോക്ക്‌ചെയ്തു. വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായ യുവാവ് പിന്നീട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



