ദോഹ– ഖത്തറിലേക്ക് അനധികൃതമായി തോക്ക് കടത്താൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ.
രണ്ട് പൗരന്മാർ ഉൾപ്പെടെ അഞ്ച് പ്രതികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു.
പ്രതികൾ ഇത്തരം പ്രവർത്തിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക സുരക്ഷാ വിഭാഗം ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയുന്നതിനായും വിവരങ്ങൾ ശേഖരിക്കുന്നതിനായും ബന്ധപ്പെട്ട അധികാരികൾ നടപടികൾ ആരംഭിച്ചു.
അന്വേഷണത്തിലൂടെയും സൂക്ഷ്മ നിരീക്ഷണത്തിലൂടെയും എല്ലാവരുടെയും പങ്കാളിത്തം സ്ഥിരീകരിച്ചതിനുശേഷം നടത്തിയ റെയ്ഡിലൂടെയാണ് ക്രിമിനൽ ശൃംഖലയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തത്. റൈയ്ഡിൽ വിവിധതരം തോക്കുകൾ ഇവരുടെ കൈവശം കണ്ടെത്തി. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അറസ്റ്റ് ചെയ്തവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും ശക്തമാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമപരവും സുരക്ഷാ നടപടികളും സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും അധികൃതർ വ്യക്തമാക്കി.