ബംഗളൂരു– കാറിൻ്റെ റിയർ വ്യൂ മിറർ തകർത്തതിൻ്റെ പേരിൽ 24 വയസ്സുള്ള ഡെലിവറി ഏജൻ്റിനെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ. ഒക്ടോബർ 25-ന് നടന്ന ദാരുണമായ സംഭവത്തിൽ കെമ്പട്ടള്ളി സ്വദേശിയായ ദർശനാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മുകശ്മീർ സ്വദേശിയാണ് ആരതി. അറസ്റ്റിലായ ദമ്പതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ദക്ഷിണ ബംഗളൂരുവിലെ നടരാജ ലേഔട്ടിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഭക്ഷണ വിതരണത്തിന് പോവുകയായിരുന്ന ദർശൻ്റെ സ്‌കൂട്ടർ, ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചതിനെ തുടർന്ന് വലതുവശത്തെ റിയർ വ്യൂ മിററിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു.
സംഭവത്തിൽ ദർശൻ ക്ഷമ ചോദിച്ച് യാത്ര തുടരുകയായിരുന്നു. എന്നാൽ, കുപിതനായ മനോജ് കുമാർ കാർ യൂടേൺ എടുത്ത് സ്‌കൂട്ടറിനെ പിന്തുടർന്നു. തുടർന്ന് മനഃപൂർവം പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ദർശൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. സ്‌കൂട്ടറിൽ പിറകിലിരുന്ന വരുണിനും പരിക്കേറ്റിരുന്നു.
ആദ്യം ഇതൊരു സ്വാഭാവിക റോഡപകട മരണമായാണ് പോലീസ് കരുതിയത്. എന്നാൽ, ദർശൻ്റെ സഹോദരി മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ജെ.പി നഗർ ട്രാഫിക് പോലീസിൽ പരാതി നൽകിയതോടെയാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്. തുടർന്നാണ് ഇത് മനഃപൂർവം ചെയ്ത ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
കൊലപാതകം നടന്നയുടൻ, കാറിൻ്റെ തകർന്ന ഭാഗങ്ങൾ എടുക്കാനായി ദമ്പതികൾ തിരികെ സ്ഥലത്ത് എത്തിയതിൻ്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ദർശനെ കാറിടിപ്പിക്കുന്ന വേളയിൽ ദമ്പതികൾ മുഖംമൂടി ധരിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ദർശനെ കാറിടിപ്പിക്കുമ്പോൾ താൻ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ എന്നാണ് മനോജ് കുമാർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കാറിൻ്റെ ഭാഗങ്ങൾ എടുക്കാനാണ് ഭാര്യ ആരതി എത്തിയതെന്നും മൊഴിയിലുണ്ട്. ഈ മൊഴി പോലീസ് പരിശോധിച്ചുവരികയാണ്.
സഹോദരിയും അമ്മയുമടങ്ങുന്ന നിർധന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട ദർശൻ. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.



