റിയാദ്: സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ബിസിനസ് നോളജ് ഷെയറിങ് പ്ലാറ്റ്‌ഫോമായ സിനര്‍ജിയ സംരംഭകര്‍ക്കായി സംഘടിപ്പിച്ച രണ്ടാമത് ബിസിനസ് വര്‍ക്ക്‌ഷോപ്പ് റിയാദില്‍ നടന്നു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ സൗദിയില്‍ തുറന്നു വരുന്ന പുതിയ അവസരങ്ങള്‍ക്കൊത്ത് ബിസിനസിനെ വളര്‍ത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക പാഠങ്ങളും പകര്‍ന്നു നല്‍കിയ ശില്‍പ്പശാലയ്ക്ക് പ്രമുഖ ബിസിനസ് കോച്ച് കസാക് ബെഞ്ചാലി നേതൃത്വം നല്‍കി. രജിസ്റ്റര്‍ ചെയ്ത നൂറിലേറെ പ്രവാസി സംരംഭകര്‍ പങ്കെടുത്തു.
പരമ്പരാഗത രീതിയില്‍ നിന്ന് മാറി ബിസിനസില്‍ പുതിയ രീതികള്‍ നടപ്പിലാക്കേണ്ട രീതി, ഉടമകളുടെ അഭാവത്തിലും ബിസിനസിനെ മുന്നോട്ടു നയിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കല്‍, ബിസിനസിന്റെ കടിഞ്ഞാണ്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള ആസൂത്രണം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ സംരംഭകര്‍ക്ക് സിനര്‍ജിയ ബിസിനസ് ശില്‍പ്പശാല അറിവുകള്‍ പകര്‍ന്നു നല്‍കി.

സൗദിയിലെ മുൻനിര കൺസൽട്ടൻസികളിലൊന്നായ ഐഐബിഎസും പ്രവാസികളുടെ ജനപ്രിയ ഡിജിറ്റൽ പത്രമായ ദ മലയാളം ന്യൂസും, ബെഞ്ചാലി അക്കാഡമിയും ചേർന്നാണ് സിനർജിയ ബിസിനസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. റിയാദ് അൽ മലാസയിൽ നടന്ന പരിപാടിയിൽ ഐഐബിഎസ് ചെയർമാൻ ഡോ. ഫിറോസ് ഉമർ ആര്യൻതൊടിക, മാനേജിംഗ് ഡയറക്ടർ ആബിദ് ആര്യന്‍തൊടിക, ദ മലയാളം ന്യൂസ് സൗദി ചീഫ് റിപ്പോർട്ടർ സൂലൈമാൻ ഊരകം, അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാർക്കറ്റിംഗ് മാനേജർ അർഷാദ് വെല്ലൂർ, ഒഐസിസി ദേശീയ കമ്മിറ്റി ട്രഷററും റിയാദ് ഫോർക്ക ചെയർമാനുമായ റഹ്മാൻ മുമ്പത്ത്, കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ സി.പി., ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുപാടം, ഫോർക്ക വൈസ് ചെയർമാൻ ജെയിൻ കൊടുങ്ങല്ലൂർ, റിയാദ് നവോദയ പ്രതിനിധി കുമ്പിൾ സുധീർ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, റൈസ് ബാങ്ക് പ്രതിനിധി ടിവിഎസ് സലാം, ഐഐബിഎസ് ഓപ്പറേഷൻ ഹെഡ് നജ്മല്‍ കാരാട്ടുതൊടി, മാർക്കറ്റിങ് ഹെഡ് നാഷിദ് സല്‍മാന്‍ എന്നിവർ പങ്കെടുത്തു.
