രാജ്യത്തെ മൊബൈൽ റീചാർജ് ഇനി കൂടുതൽ ചിലവേറും. ഈ വർഷം അവസാനത്തോടെ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ 12 ശതമാനം വരെ വർധനവ് ഉണ്ടാകാമെന്നാണ് സൂചന.
കഴിഞ്ഞ വർഷം ജൂലൈയിൽ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ റീചാർജ് നിരക്കുകള് 11 മുതൽ 23 ശതമാനം വരെ ഉയർത്തിയിരുന്നു. 18 മാസത്തിനിടെ രണ്ടാമതൊരു വർധനവ് കൂടി ഉണ്ടാവുന്നതോടെ മൊബൈൽ റീചാർജ് പ്ലാനുകൾ കൂടുതൽ ചിലവേറിയതാകും. സജീവ വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് പുതിയ നിരക്ക് വർധനയ്ക്ക് പിന്നിലെ പ്രധാന കാരണമായി പറയുന്നത്.
സമീപമാസങ്ങളിൽ ജിയോയും എയർടെല്ലും അവരുടെ എൻട്രി ലെവൽ പ്ലാനായ പ്രതിദിനം ഒരു ജിബി ഡാറ്റ വരുന്ന പ്ലാനുകൾ നിശബ്ദമായി നിർത്തലാക്കിയിരുന്നു. ഇത് ഉയർന്ന പ്ലാനിലേക്ക് ഉപയോക്താക്കളെ മാറാൻ നിർബന്ധിതരാക്കി. മിക്ക പ്രീപെയ്ഡ് ഡാറ്റ ഉപയോക്താക്കളും പുതിയ അടിസ്ഥാന നിരക്ക് പ്രതിദിനം 1.5 ജിബിയിലാണ് ആരംഭിക്കുന്നത്.
ടെലികോം സർവീസിലെ ചെലവ് വർധിച്ചതും 5ജി ഇൻഫ്രാസ്ട്രകചർ നിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി എയർടൽ, വിഐ കമ്പനികൾ നിരക്ക് വർധന വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പെട്ടെന്ന് നേരിട്ട് നിരക്ക് വർധിപ്പിക്കുന്നതിന് പകരം കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഒഴിവാക്കി ഉപയോക്താക്കളെ കൂടിയ നിരക്കുള്ള പ്ലാനുകളിലേക്ക് തള്ളിവിടുന്ന സമീപനമാണ് കമ്പനികൾ നിലവിൽ സ്വീകരിക്കുന്നത്.



