കൊച്ചി – സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് കുതിപ്പിൽ. ഒരു പവന്‍ സ്വര്‍ണത്തിന് വില 80,000 കടന്നു. ഒറ്റയടിക്ക് 1000 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ പവന് 80,880 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയായി.
ഇന്നലെ രാവിലെ പവന് 80 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും തിരിച്ചുകയറി. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് 80,000 കടന്നത്.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ദുര്‍ബലമാകുന്നതും യു.എസിലെ തൊഴില്‍കണക്ക് പുറത്തുവന്നതോടെ കൂടുതല്‍ അളവില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കും എന്ന വിലയിരുത്തലുമാണ് സ്വർണവില കൂടാൻ കാരണം.