ജിദ്ദ– സ്വര്‍ണ, രത്‌നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകര്‍ക്കും ഉല്‍പ്പാദകര്‍ക്കുമായി ജെം ആന്റ് ജുവലറി പ്രോമോഷന്‍ കൗണ്‍സില്‍ (ജി.ജെ.ഇ.പി.സി) ഇന്ത്യ സൗദി അറേബ്യയുമായി ചേര്‍ന്ന് വിപുലമായ ആഗോള എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. സൗദി അറേബ്യ ജുവലറി എക്‌സ്‌പൊസിഷന്‍ (സജെക്‌സ് 2025) എന്ന പേരില്‍ ജിദ്ദ സൂപ്പര്‍ഡോമില്‍ സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ നടക്കുന്ന ആഗോള എക്‌സ്‌പോയുടെ പ്രഖ്യാപനം ജിദ്ദയില്‍ നടന്നു. ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി മുഖ്യാതിഥിയായി. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഫസ്റ്റ് വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ റഅ്ദ് ഇബ്‌റാഹിം അല്‍മുദൈഹിം, ജിദ്ദ ജുവലറി അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് അലി ബതര്‍ഫി അല്‍ കിന്ദി, ജി.ജെ.ഇ.പി.സി ചെയര്‍മാന്‍ കിരിത് ഭന്‍സാലി, നാഷനല്‍ ഇവന്റ്‌സ് കണ്‍വീനര്‍ നിരവ് ഭന്‍സാലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സബ്യസാചി റായ്, അറേബ്യന്‍ ഹൊറൈസന്‍ സാരഥികളായ ശാക്കിര്‍ ഹുസൈന്‍, അബ്ദുല്‍ നിഷാദ്, ഇന്ത്യയിലേയും സൗദിയിലേയും പ്രമുഖ ജുവലറി വ്യവസായികള്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.
ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍ സജെക്‌സ് 2025 തുറന്നിടുന്ന പുതിയ അവസരങ്ങളും ചടങ്ങില്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളിലേയും സ്വര്‍ണ, രത്‌നാഭരണ വ്യവസായ മേഖലകള്‍ കൈകോര്‍ക്കുന്ന ഈ എക്‌സ്‌പോയില്‍ യുഎഇ, തുര്‍ക്കി, ഹോങ്കോങ്, ലെബനോന്‍ എന്നീ രാജ്യങ്ങളും പങ്കാളികളാണ്. 250ലേറെ ബൂത്തുകളാണ് ഈ എക്‌സ്‌പോയില്‍ ഒരുക്കുന്നത്. 200ലേറെ ആഭരണ വ്യവസായികളും പ്രദര്‍ശനത്തിനുണ്ടാകും. വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണങ്ങളുടേയും രത്‌നാഭരണങ്ങളുടേയും പ്രദര്‍ശനം, ആഭരണ വ്യവസായ രംഗത്തെ സാങ്കേതിക വിദ്യകള്‍ എന്നിവയും ഒരുക്കുന്നുണ്ട്. സാജെക്‌സിനോടനുബന്ധിച്ച് ആഗോള ആഭരണ നിക്ഷേപ സമ്മേളനവും, പ്രഭാഷണങ്ങളും, ബിസിനസ് പങ്കാളിത്ത യോഗങ്ങളും നടക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജുവലറി ഉല്‍പ്പാദകര്‍, ഡിസൈര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങിയവരെ ഒരു കുടയ്ക്കു കീഴില്‍ ഒരുമിപ്പിക്കുന്ന ജുവലറി ബിസിനസ് രംഗത്തെ ലോകത്തെ ഏറ്റവും വലിയ ബിടുബി എക്‌സിബിഷനുകളിലൊന്നാണിതെന്ന് സജെക്‌സ് 2025 സംഘാടന പങ്കാളികളായ അറേബ്യന്‍ ഹൊറൈസന്‍ ചെയര്‍മാന്‍ ശാക്കിര്‍ ഹുസൈനും പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ കേന്ദ്രവും അതിവേഗ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യവുമായ സൗദി അറേബ്യ ഈ ആഗോള എക്‌സ്‌പോയ്ക്ക് ആതിഥ്യമരുളുന്നത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അറേബ്യന്‍ ഹൊറൈസന്‍ സിഇഒ അബ്ദുല്‍ നിഷാദ് പറഞ്ഞു.

