ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ മീഡിയ കമ്പനികളില്‍ ഒന്നായ എം.ബി.സി ഗ്രൂപ്പിന്റെ 54 ശതമാനം ഓഹരികള്‍ സ്വന്തമാക്കി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്. എം.ബി.സി ഗ്രൂപ്പില്‍ ഇസ്തിദാമ ഹോള്‍ഡിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 17.955 കോടി ഓഹരികളാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തത്. ഇത് എം.ബി.സി ഗ്രൂപ്പിന്റെ ഓഹരി മൂലധനത്തിന്റെ 54 ശതമാനമാണ്. ഓഹരിയൊന്നിന് 41.60 സൗദി റിയാല്‍ വില നിശ്ചയിച്ച് 2024 നവംബര്‍ ഒന്നിന് 746.9 കോടി സൗദി റിയാലിന് എം.ബി.സി ഗ്രൂപ്പിന്റെ 17.955 കോടി ഓഹരികള്‍ വാങ്ങാന്‍ പി.ഐ.എഫും ഇസ്തിദാമ ഹോള്‍ഡിംഗ് കമ്പനിയും കരാര്‍ ഒപ്പുവെച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതിനെ തുടര്‍ന്ന് ഇരു കക്ഷികളും ഇടപാട് പൂര്‍ത്തിയാക്കുകയായിരുന്നു.
പ്രാദേശിക ഉള്ളടക്ക വ്യവസായം വികസിപ്പിച്ചുക്കൊണ്ട് മികച്ച മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തുക, വിനോദ മേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് എം.ബി.സി ഗ്രൂപ്പ് ഓഹരികള്‍ ഏറ്റെടുത്തത്.
പ്രധാന നിക്ഷേപക സ്ഥാപനമെന്ന നിലയില്‍ പി.ഐ.എഫിന്റെ പ്രവേശനം എം.ബി.സി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും അതിന്റെ ദീര്‍ഘകാല മൂല്യം വര്‍ധിപ്പിക്കുകയും ഓഹരി ഉടമകളില്‍ മികച്ച സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഇത് വളർച്ച കൈവരിക്കാൻ സഹായിക്കുമെന്നും കരുതുന്നു. മാധ്യമ, വിനോദ വ്യവസായത്തിന് സ്വാധീനമുള്ള പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഇത് സഹായകമാകും.