ജിദ്ദ: ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരായ നിക്ഷേപകരെ ആകർഷിക്കാൻ കർണാകട സർക്കാർ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിന് ജിദ്ദയിൽ മികച്ച പ്രതികരണം. സൗദിയില്‍ വിവിധ മേഖലകളിൽ ബിസിനസ് രംഗത്ത് സജീവമായ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസി വ്യവസായികൾ ഞായറാഴ്ച ജിദ്ദ പാർക്ക് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച സംഗമത്തിനെത്തി. ഇന്ത്യയുടെ ഐടി കയറ്റുമതിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്ന കർണാകട പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ വൈവിധ്യമാർന്ന ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ധനകാര്യ വകുപ്പ് സെക്രട്ടറി ഡോ. പി സി ജാഫർ ഐഎഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നിക്ഷേപകരുമായി സംവദിച്ചു.
ഐ.ടിക്കു പുറമെ ടൂറിസം, ഇടത്തരം-ചെറുകിട വ്യവസായങ്ങൾ, ടെക്സ്റ്റൈൽസ്, ആരോഗ്യം-വെൽനെസ് തുടങ്ങി നിരവധി രംഗങ്ങളിൽ കർണാകടയിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരമുണ്ടെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. അഞ്ച് കോടി രൂപ മുതലുള്ള വിവിധ നിക്ഷേപങ്ങൾക്ക് ആകർഷകമായ സബ്സിഡിയും മറ്റാനുകൂല്യങ്ങളും സർക്കാർ നൽകും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകജാലക സംവിധാനവും ഭൂമി ലഭ്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്.
വിപുൽ ബൻസാൽ ഐഎഎസ്, എംഎസ്എംഇ വകുപ്പ് ഡയറക്ടർ നിതേഷ് പാട്ടിൽ ഐഎഎസ്, ഡോ. ശ്രീശൈൽ എന്നിവരും കർണാടക പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ജിദ്ദയ്ക്കു പുറമെ റിയാദിലും ദമാമിലും ദോഹയിലും കർണാകട ഉദ്യോഗസ്ഥ പ്രതിനിധി സംഘം നിക്ഷേപ സംഗമങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. റനീം ടൂർസ് ആന്റ് ഇവന്റ്സ് മേധാവി നാസർ വെളിയങ്കോട്, ന്യൂസ്ട്രയൽ ഡയറക്ടർ സിദ്ധീഖ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ജാവേദ് മിയാൻദാദ് നന്ദി പറഞ്ഞു.