ന്യൂഡൽഹി- ഇന്ത്യയുടെ കായിക വിപണി 2030ഓടെ 10-12 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ മികച്ച വളർച്ച കൈവരിക്കുമെന്ന് കെയർഎഡ്ജ് റേറ്റിംഗ്സ് റിപ്പോർട്ട്. സർക്കാർ പദ്ധതികളും ജനങ്ങളിൽ വർധിച്ചുവരുന്ന ഫിറ്റ്നസ് താൽപ്പര്യവും ഈ വളർച്ചയ്ക്ക് വഴിയൊരുക്കുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഇന്ത്യയുടെ കായിക വിപണിയുടെ മൂല്യം ഏകദേശം 52 ബില്യൺ ഡോളറാണ്. ഇതിൽ 31 ബില്യൺ ഡോളർ പ്രധാന കായിക വിഭാഗങ്ങളിൽ നിന്നും 21 ബില്യൺ ഡോളർ കായികാനനുബന്ധ വിഭാഗങ്ങളിൽ നിന്നുമാണ്. ഈ വളർച്ച 2030 വരെ തുടരുമെന്ന പ്രതീക്ഷയും റിപോർട്ട് പങ്കുവയ്ക്കുന്നു.
കായിക ഉപകരണങ്ങളുടെ ഉൽപ്പാദനമാണ് ഈ വളർച്ചയുടെ പ്രധാന ചാലകശക്തി. ഇന്ത്യയുടെ ജിഡിപിയുടെ 0.9 ശതമാനമാണ് കായിക മേഖലയുടെ സംഭാവന. ഇത് മറ്റു പ്രമുഖ കായിക രാജ്യങ്ങളുടേതിന് തുല്യമായി വരും. മാധ്യമം, ടെലികോം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, ടൂറിസം തുടങ്ങിയ മേഖലകളുമായുള്ള ബന്ധം കായിക വ്യവസായത്തിന് വലിയ സാമ്പത്തിക-സാമൂഹിക നേട്ടങ്ങളുണ്ടാക്കാൻ സഹായകമാകുന്നു.
കായിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും സ്ഥിരമായ വർധിയുണ്ട്. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെയുള്ള കണക്കനുസരിച്ച് 497.3 മില്യൺ ഡോളറിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. 2026ഓടെ ഇത് 660 മില്യൺ ഡോളറിലെത്തുമെന്നാണ് കെയർഎഡ്ജ് റേറ്റിങ് പ്രവചനം. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന 60 ശതമാനം കായിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നു, ഇതിൽ 75-80 ശതമാനവും പഞ്ചാബിലെ ജലന്ധറിലും ഉത്തർപ്രദേശിലെ മീററ്റിലുമാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.
തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ പുതിയ ഉൽപ്പാദന നിർമാണ കേന്ദ്രങ്ങൾ ഉയർന്നുവരുന്നു. സ്പോർട്സ് വെയർ, സിന്തറ്റിക് മെറ്റീരിയലുകൾ, ഇൻഡോർ കായിക ഉപകരണങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിലാണ് ഈ കേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.