ദുബായ്– ട്രംപ് തന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതിന് ശേഷം യുഎഇലെ ഷോപ്പർമാരെ അലട്ടുന്ന വിഷയം ഉയരങ്ങൾ കീഴടക്കിയ സ്വർണവില ഇനിയെങ്കിലും താഴെ ഇറങ്ങുമോ എന്നതാണ്. കാറ്റ് അനുകൂലമായാണ് വീശുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദിവസം അവസാനിക്കുന്നതോടെ ഗ്രാമിന് 370 ദിർഹത്തിലും (8602.98 രൂപ) താഴെ പോകുമെന്നാണ് ചെറുകിട സ്വർണ വ്യാപാരികൾ പറയുന്നത്.
നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 371.75 ദിർഹമാണ് (8643.67 രൂപ), ജൂലൈ ഒന്നിന് സ്വർണം 374 ദിർഹമായിരുന്നു. ഇതിൽ തന്നെ രാവിലെ 9:30 ന് 372.75 ദിർഹമായിരുന്നു (8666.92 രൂപ). എന്നാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ കാത്തിരിക്കുന്നത് 365 ദിർഹത്തിനടുത്ത് (8486.72 രൂപ) സ്വർണവില എത്താനാണ്. 360 നും 365 നും ഇടയിലേക്ക് സ്വർണവില താഴ്ന്ന് കഴിഞ്ഞാൽ സ്വർണം വാങ്ങാൻ തയ്യാറായി ഇരിക്കുന്ന ഉപഭോക്താക്കളുണ്ടെന്നാണ് ഒരു ചെറുകിട സ്വർണ വ്യാപാരി പറയുന്നത്. ജൂലൈ 15 ന് യുഎഇ നിവാസികളുടെ വേനലവധി കഴിഞ്ഞ് സ്വർണത്തിന്റെ വിൽപ്പനയിൽ കാര്യമായ കുതിച്ച് ചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യാപാരി കൂട്ടിചേർത്തു.
ഈ പ്രവചനങ്ങളും കണക്ക് കൂട്ടലുകളുമെല്ലം യാഥാർത്ഥ്യമാകണമെങ്കിൽ സെനറ്റിന്റെയും കോൺഗ്രസിന്റെയും അംഗീകാരങ്ങൾ നേടിയ ബിഗ് ബ്യൂട്ടിഫുൾ ബിൽ എങ്ങനെ ആഗോള വിപണിയെ സ്വാധീനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പുതിയ ബില്ലിൽ നികുതി കുറക്കുന്നതിനായുള്ള നിരവധി സാധ്യതകൾ കാണിക്കുന്നുണ്ട്. അങ്ങനെ ആണെങ്കിൽ ഡോളർ ശക്തിപ്പെടുകയും ആളുകൾക്ക് സ്വർണത്തോടുള്ള ആകർഷണം കുറയാനും സാധ്യതയുണ്ട്.