ഇസ്തംബൂൾ – ഇസ്രായിൽ തലസ്ഥാനമായ തെൽ അവീവിലെ പ്രധാന വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പൂർണമായി ഉപേക്ഷിച്ച് തുർക്കിയിലെ വിമാനക്കമ്പനികൾ. ടർക്കിഷ് എയർലൈൻസ്, ബജറ്റ് എയർലൈൻസ് ആയ പെഗാസസ് എന്നിവയാണ് തെൽ അവിവ് ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ തങ്ങളുടെ സ്ലോട്ടുകൾ തിരികെ നൽകിയത്. ഗാസയിൽ ഇസ്രായിൽ നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഇതെന്നാണ് സൂചന.
എയർപോർട്ടിലെ ടേക്ക് ഓഫ്, ലാൻഡിംഗ് സ്ലോട്ടുകൾ തിരിച്ചുനൽകിയ വിമാനക്കമ്പനികളുടെ നടപടി ബെൻ ഗുറിയോൺ വിമാനത്താവളത്തിന് വൻ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ഇസ്രായിൽ തലസ്ഥാനത്തേക്കുള്ള സർവീസ് നിർത്തലാക്കുന്നതിനു മുമ്പ് ടർക്കിഷ് എയർലൈൻസും പെഗാസസ് എയർലൈൻസും ബെൻ ഗുറിയോണിലെ പ്രധാന സാന്നിധ്യങ്ങളായിരുന്നു.
2019-ൽ കോവിഡ് മഹാമാരി വ്യാപിക്കുന്നതിനു മുമ്പ് ബെൻ ഗുറിയോണിലെ ഏറ്റവും സജീവമായ അന്താരാഷ്ട്ര ഓപറേറ്റർമാരിൽ നാലാം സ്ഥാനം ടർക്കിഷ് എയർലൈൻസിലും പന്ത്രണ്ടാം സ്ഥാനം പെഗാസസിനുമായിരുന്നു. ടർക്കിഷ് എയർലൈൻസിന്റെ ഏറ്റവും ലാഭമേറിയ സർവീസ് സെക്ടറും തെൽ അവീവ് – ഇസ്താംബൂൾ ആയിരുന്നു. ഇസ്രായേലിൽ നിന്ന് യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്കുള്ള പ്രവേശന കവാടമായാണ് ഈ റൂട്ട് പരിഗണിക്കപ്പെട്ടിരുന്നത്. തെൽ അവിവിൽ നിന്ന് ഇസ്താംബൂൾ വഴി ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക മേഖലകളിലേക്ക് നിരവധി സർവീസുകൾ ഉണ്ടായിരുന്നു.
ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിനു മുമ്പ് പ്രതിദിനം 12 മുതൽ 16 വിമാനങ്ങളാണ് തെൽ അവീവിനും ഇസ്താംബൂളിനുമിടയിൽ ടർക്കിഷ് എയർലൈൻസ് പറത്തിയിരുന്നത്. അധിനിവേശം ആരംഭിച്ചതോടെ തുർക്കിയിൽ നിന്ന് ഇസ്രായേലിലേക്കുള്ള സർവീസുകൾ മുടങ്ങാൻ തുടങ്ങി. തുർക്കി ഭരണകൂടത്തിന്റെ സ്വാധീനമാണ് ഇതിനു പിന്നിൽ എന്നാണ് സൂചന.
അതിനിടെ, യു.കെ ആസ്ഥാനമായുള്ള വിർജിൻ അറ്റ്‌ലാന്റിക്കും തെൽ അവിവിലേക്കുള്ള സർവീസ് നിർത്തുന്നതായി പ്രഖ്യാപിച്ചു. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് ബെൻ ഗുറിയോണിലേക്കുള്ള സർവീസുകൾ പൂർണമായി ഉപേക്ഷിക്കുകയാണെന്ന് തിങ്കളാഴ്ചയാണ് കമ്പനി വ്യക്തമാക്കിയത്.