ജിദ്ദ – ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട ആഗോള വാഹന വിപണിയില്‍ ആധിപത്യം തുടരുന്നു. വ്യാപാര പ്രതിസന്ധികള്‍ക്കിടയിലും 2025 ല്‍ ടൊയോട്ടയുടെ വില്‍പ്പന റെക്കോര്‍ഡ് ഉയരത്തിലെത്തി. തുടര്‍ച്ചയായ ആറാം വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളെന്ന സ്ഥാനം നിലനിര്‍ത്തുകയും ജര്‍മ്മന്‍ എതിരാളിയായ ഫോക്സ്വാഗണുമായുള്ള വിടവ് വര്‍ധിപ്പിക്കുകയും ചെയ്തു. അനുബന്ധ കമ്പനികളായ ഡൈഹാറ്റ്സു, ഹിനോ മോട്ടോഴ്സ് എന്നിവയുള്‍പ്പെടെയുള്ള ടൊയോട്ട ഗ്രൂപ്പിന്റെ ആഗോള വില്‍പ്പന കഴിഞ്ഞ വര്‍ഷം 4.6 ശതമാനം ഉയര്‍ന്നു. ടൊയോട്ട ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം 1.13 കോടി വാഹനങ്ങളാണ് വിറ്റത്. ഫോക്സ്വാഗന്റെ പ്രകടനത്തെക്കാള്‍ ഏറെ മുന്നിലാണിത്. ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞ വര്‍ഷം ആകെ 89.8 ലക്ഷം വാഹനങ്ങളാണ് വിറ്റത്.
വെല്ലുവിളി നിറഞ്ഞ സാമ്പത്തിക കാലാവസ്ഥയില്‍ വിലയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനീസ് കമ്പനികളില്‍ നിന്നുള്ള, പ്രത്യേകിച്ച് മുന്‍നിര ഇലക്ട്രിക് വാഹന നേതാക്കളായ ബി.വൈ.ഡിയുടെ കടുത്ത മത്സരം നേരിടുന്നതിനാല്‍, നിര്‍ണായക വിപണിയായ ചൈനയില്‍ കഴിഞ്ഞ വര്‍ഷം ടൊയോട്ട വില്‍പ്പന സ്തംഭനാവസ്ഥയിലായി. കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നിട്ടും അമേരിക്കയില്‍ ടൊയോട്ടയുടെ വില്‍പ്പന എട്ടു ശതമാനം തോതില്‍ വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ജാപ്പനീസ് കാര്‍ ഇറക്കുമതിക്ക് അമേരിക്ക 25 അധിക താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ പകുതിയോടെ അമേരിക്ക താരിഫ് പരമാവധി 15 ശതമാനമായി കുറച്ചു. എന്നാല്‍ 2025 ന്റെ തുടക്കത്തിലെ 2.5 ശതമാനം നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കൂടുതലായി തുടരുന്നു.
അമേരിക്ക ടൊയോട്ടക്ക് നിര്‍ണായക വിപണിയാണ്. ടൊയോട്ട വില്‍പ്പനയുടെ ഏകദേശം നാലിലൊന്ന് അമേരിക്കയിലാണ്. 2025 ല്‍ ടൊയോട്ട അമേരിക്കയില്‍ 25.2 ലക്ഷം വാഹനങ്ങള്‍ വിറ്റു. ഇതില്‍ 13.9 ലക്ഷം അമേരിക്കയിലുള്ള ടൊയോട്ട ഗ്രൂപ്പിന്റെ പതിനൊന്ന് പ്ലാന്റുകളിലാണ് നിര്‍മ്മിച്ചത്. ഹൈബ്രിഡ് വാഹനങ്ങളുടെ ജനപ്രീതി വീണ്ടും ഉയര്‍ന്നതിനാല്‍ കഴിഞ്ഞ വര്‍ഷം കമ്പനി തങ്ങളുടെ അമേരിക്കന്‍ പ്ലാന്റുകളില്‍ ഉല്‍പാദനം 10 ശതമാനം തോതില്‍ വര്‍ധിപ്പിച്ചു.
യു.എസ് വിപണിയില്‍ മത്സരക്ഷമത നിലനിര്‍ത്താന്‍, ടൊയോട്ടക്ക് കാറുകളുടെ വില കുറക്കേണ്ടിവന്നു. വാര്‍ഷിക പ്രവര്‍ത്തന ലാഭത്തില്‍ യു.എസ് താരിഫുകളുടെ സ്വാധീനം ഏകദേശം 800 കോടി യൂറോയായി നവംബര്‍ തുടക്കത്തില്‍ ടൊയോട്ട കണക്കാക്കി.
ഇതിന് വിപരീതമായി മറ്റ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം നേരിട്ടു. ഗണ്യമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന നിസ്സാന്‍ 32 വക്ഷം വാഹനങ്ങള്‍ വിറ്റു. നിസ്സാന്‍ കാര്‍ വില്‍പ്പന 4.4 ശതമാനം തോതില്‍ കുറഞ്ഞു. തങ്ങളുടെ പ്രധാന വിപണിയായ ചൈനയില്‍ നിസ്സാന്റെ വില്‍പ്പന 6.3 ശതമാനം തോതില്‍ കുറഞ്ഞു.
ആഗോളതലത്തില്‍ ഉല്‍പ്പാദനത്തില്‍ ഏകദേശം ഒമ്പതു ശതമാനം കുറവുണ്ടായതായി ഹോണ്ട അറിയിച്ചു. കഴിഞ്ഞ വര്‍ഷം 34 ലക്ഷം വാഹനങ്ങളാണ് ഹോണ്ട ഉല്‍പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷത്തില്‍ താഴെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് ടൊയോട്ട വിറ്റത്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ടൊയോട്ട ഇലക്ട്രിക് വാഹന വില്‍പ്പന 42 ശതമാനം തോതില്‍ വര്‍ധിച്ചെങ്കിലും ആഗോള ഇലക്ട്രിക് വാഹന വിപണിയില്‍ ടൊയോട്ടയുടെ വിഹിതം ഇപ്പോഴും തുലോം പരിമിതമാണ്.



