മുംബൈ– വൈദ്യുതി വാഹന നിർമ്മാണത്തിലെ ആഗോള ഭീമന്മാരായ ടെസ്‍ല മോട്ടോഴ്സ് ഇനി ഇന്ത്യയിലും. അമേരിക്കൻ ശതകോടീശ്വരനായ ഇലോണൺ മസ്ക് ഉടമസ്ഥനായ ടെസ്‍ല മോട്ടോഴ്സിന്റെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്രയിലെ കുർല കോംപ്ലക്സിൽ ആണ്. ടെസ്‍ല ഇന്ത്യയിലിറക്കുന്ന ആദ്യ വാഹനം ടെസ്‍ല മോഡൽ വൈ ആണ്. ഡൽഹി അടക്കമുള്ള മറ്റ് മെട്രോപൊളിറ്റൻ സിറ്റികളിലും ടെസ്‍ല ഉടൻ പുതിയ ഷോറൂം തുടങ്ങും എന്നാണ് കമ്പനി അറിയിച്ചത്.
ടെസ്‍ലയുടെ മിഡ്സൈസ് എയ്.യു.വി കാറ്റഗറിയിൽ വരുന്ന വാഹനമാണ് മോഡൽ വൈ. സ്റ്റാൻഡേഡ്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളായിരിക്കും ടെസ്‍ല ഇന്ത്യൻ നിരത്തുകളിൽ ഇറക്കുക. സ്റ്റാൻഡേഡിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ചിന് 67.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. സിംഗിൾ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സ്റ്റാൻഡേഡിന് കഴിയുമെങ്കിൽ ലോങ് റേഞ്ച് സിംഗിൾ ചാർജിൽ 622 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. മണിക്കൂറിൽ 201 കിലോമീറ്ററാണ് ഇരുവണ്ടികളുടെയും ഉയർന്ന വേഗത. ഈ വർഷം അവസാനത്തോടെ വാഹനം ഡെലിവറി ചെയ്യുമെന്നാണ് വിവരം. നിലവിൽ മുംബൈ, ഡൽഹി, ഗുരുഗ്രാം നഗരങ്ങളിലാണ് വാഹനം ലഭ്യമാകുക.
മുമ്പ് ലോകത്തെ ഏറ്റവും വിൽപനയുള്ള കാറായിരുന്നു മോഡൽ വൈ. അമേരിക്കക്ക് പുറത്തേക്ക് സഞ്ചരിക്കുന്ന ടെസ്‍ല, നിലവിൽ ചൈനയിലടക്കം തന്റേതായ ഇടം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, ടെസ്‌ലയുടെ ജനപ്രീതിയേറിയ മോഡൽ വൈ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ത്യയിൽ വിൽക്കുന്നത്. യുഎസിൽ 44,900 ഡോളർ ആണ് വിലയെങ്കിൽ ചൈനയിൽ വെറും 36,700 ഡോളറാണ് വില. ജർമനിയിൽ 45,970 ഡോളർ വിലവരുന്ന വാഹനം ഇന്ത്യയിലെത്തുമ്പോഴേക്കും 70,000 ഡോളർ ആണ് വിലവരുന്നത്. വിദേശ വാഹനങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി ഈടാക്കുന്നതാണ് കാരണം.