കൊച്ചി: വാഹന വിപണിയിൽ മികച്ച വരവേൽപ്പ് ലഭിച്ച സ്കോഡ കൈലാഖ് ചെറു എസ് യു വിയുടെ വിവിധ വേരയിന്റുകളുടെ വിലകൾ പ്രഖ്യാപിച്ചു. 7.89 ലക്ഷം രൂപയാണ് പ്രാരംഭ വില. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്രസ്, പ്രസ്റ്റീജ് എന്നീ നാല് വകഭേദങ്ങളിൽ പുതുമയാർന്ന ഫീച്ചറുകളുമായാണ് കൈലാഖിന്റെ വരവ്. ഏറ്റവും ഉയർന്ന വേരിയന്റായ പ്രസ്റ്റീജ് എ ടിയുടെ വില 14.40 ലക്ഷം രൂപയാണ്. ആദ്യത്തെ 33,333 ഉപഭോക്താക്കൾക്ക് മൂന്ന് വർഷ സ്റ്റാൻഡേർഡ് മെയിന്റനൻസ് പാക്കേജ് സൗജന്യമായി ലഭിക്കും. ബുക്കിങ്ങിന് തുടക്കമായി. ജനുവരി 27 മുതൽ ഡെലിവറി ആരംഭിക്കും.
ഓപ്ഷനുകൾ ധാരാളം
രണ്ടിനം ട്രാൻസ്മിഷനുകൾ, നാല് വേരിയൻ്റുകൾ, ഏഴ് നിറങ്ങൾ എന്നിങ്ങനെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വകഭേദങ്ങളിൽ കൈലാഖ് ലഭ്യമാണ്. മികച്ച കാര്യക്ഷമതയുള്ള 1.0 ടിഎസ്ഐ എഞ്ചിൻ 85കിലോവാട്ട് പവറും 178 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, ഏറ്റവും ഉയർന്ന പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകൾ ടോർണാഡോ റെഡ്, ബ്രില്യൻ്റ് സിൽവർ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, കൈലാക്ക് എക്‌സ്‌ക്ലൂസീവ് ഒലിവ് ഗോൾഡ് എന്നിങ്ങനെ ഏഴ് നിറങ്ങളിൽ ലഭ്യമാണ്.
മൂല്യത്തിനൊത്ത ക്ലാസിക്
സ്കോഡ കുടുംബത്തിലെ ആദ്യ എൻട്രി പോയിന്റാണ് കൈലാഖ് ക്ലാസിക്. 6 എയർബാഗുകളും 25ലധികളം വൈവിധ്യമാർന്ന ഫീച്ചറുകളും സ്റ്റാൻഡേർഡ് മോഡലായ ക്ലാസിക്കിലും ലഭ്യമാണ്. . ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്റ്റിയറിംഗ് വീലിനുള്ള ടിൽറ്റ് ആൻഡ് റീച്ച് അഡ്ജസ്റ്റ്മെൻ്റ്, അഞ്ച് സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രിക് മിററുകൾ, റിയർ പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, ഡ്രൈവേഴ്സ് ഡെഡ് പെഡൽ, ഓട്ടോമാറ്റിക് സ്പീഡ് സെൻസിറ്റീവ് സെൻട്രൽ ലോക്കിംഗ്, ഫുൾ എൽഇഡി ലൈറ്റിംഗ് എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളായി ക്ലാസിക്കിലുണ്ട്.
സിഗ്നേച്ചറിന്റെ കയ്യൊപ്പ്
ക്ലാസിക്കിൽ സുരക്ഷയും സൗകര്യവുമാണ് പ്രധാനമായും ഉള്ളതെങ്കിലും കൈലാഖിൻ്റെ സിഗ്നേച്ചർ വേരിയൻ്റിൽ ഇവയ്ക്കു പുറമെ ടയർ പ്രഷർ മോണിറ്ററിംഗ്, ക്രൂയിസ് കൺട്രോൾ, R16 അലോയ്‌സ്, വയേഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, യുഎസ്ബി സി സോക്കറ്റുകൾ, 7 ഇഞ്ച് സ്കോഡ ടച്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രമീകരിക്കാവുന്ന പിൻ എസി വെൻ്റുകൾ എന്നിവ കൂടി ഉൾപ്പെടുത്തിയിരികക്കുന്നു.
സിഗ്നേച്ചർ പ്ലസ് മൂല്യം കൂട്ടുന്നു
ഏറ്റവും ഉയർന്ന വേരിയൻ്റിൽ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന മിക്കവാറും എല്ലാ സൗകര്യങ്ങളും ഒരു മിഡ് വേരിയൻ്റിൻ്റെ വിലയിൽ ലഭിക്കുന്നു എന്നതാണ് സിഗ്നേച്ചർ പ്ലസിന്റെ സവിശേഷത. 10.1 ഇഞ്ച് സ്കോഡ ടച്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, യും ഈ വേരിയൻ്റിൽ ലഭ്യമാണ്. ഇത് ഡ്രൈവർക്കായി 20.32cm (8-ഇഞ്ച്) വെർച്വൽ കോക്ക്പിറ്റ് തന്നെ ഒരുക്കിയിരിക്കുന്നു. റിയർ വ്യൂ ക്യാമറ, ക്ലൈമട്രോണിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഹിൽ-ഹോൾഡ് കൺട്രോൾ, ബാംബൂ-ഫൈബർ ഉൾപ്പെടുത്തിയ ഡാഷ്‌ബോർഡ് പാഡ്, കാർ ലോക്കോടുകൂടിയ ഇലക്ട്രിക്കൽ ഫോൾഡിംഗ് എക്സ്റ്റീരിയർ മിറർ എന്നിവയും ഈ വേരിയന്റിൽ ലഭ്യമാണ്.
പ്രസ്റ്റീജ് എന്ന ഉന്നതൻ
ഒരു എസ് യു വിയിൽ ഉപഭോക്താവ് ആഗ്രഹിക്കുന്ന എല്ലാ ഫീച്ചറുകളും ഉൾക്കൊള്ളിച്ചതാണ് സ്കോഡ കൈലാഖിന്റെ ഏറ്റവും ഉയർന്ന വകഭേദമായ പ്രസ്റ്റീജ്. ആൻ്റി-പിഞ്ച് സാങ്കേതികവിദ്യയുള്ള ഇലക്ട്രിക് സൺറൂഫ്, ആർ17 ഡ്യുവൽ ടോൺ അലോയ് വീലുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, കോർണറിങ് ഫംഗ്‌ഷനോടുകൂടിയ എൽഇഡി ഫോഗ് ലാമ്പുകൾ, സ്‌കോഡ ക്രിസ്റ്റലിൻ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ആംബിയൻ്റ് ഇൻ്റീരിയർ ലൈറ്റിംഗ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. സീറ്റ് വെൻ്റിലേഷനോട് കൂടിയ സിക്സ്-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മുൻ സീറ്റുകൾ ഈ സെഗ്മെന്റിൽ ആദ്യമാണ്. മാനുവൽ ഗിയർഷിഫ്റ്റുകൾക്കായി സ്റ്റിയറിംഗ് മൗണ്ടഡ് പാഡിൽ-ഷിഫ്റ്ററുകളും പ്രസ്റ്റീജിൽ നൽകിയിരിക്കുന്നു.
ഉടമകളുടെ സ്വന്തം
സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മികച്ച മൂല്യവും മികച്ച സാങ്കേതികവിദ്യയും നൽകുന്ന കൈലാഖിന്റെ എല്ലാ വേരിയന്റുകൾക്കും മൂന്ന് വർഷത്തെ സൗജന്യ മെയിന്റനൻസ് പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യത്തെ 33,333 ഉപഭോക്താക്കൾക്കാണ് ഈ കോംപ്ലിമെൻ്ററി 3 വർഷ സ്റ്റാൻഡേർഡ് മെയിൻ്റനൻസ് പാക്കേജ് ലഭിക്കുക. ഈ പാക്കേജിലൂടെ കൈലാഖിന്റെ പരിപാലന ചെലവ് കിലോമീറ്ററിന് വെറും 0.24 രൂപയായി കുറയ്ക്കാം. ഇത് സെഗ്‌മെൻ്റിലെ ഏറ്റവും കുറഞ്ഞ പരിപാലനച്ചെലവുള്ള വാഹനമായി ഇതിനെ മാറ്റുന്നു.
ഇത് കൂടാതെ, 3 വർഷം അല്ലെങ്കിൽ ഒരു ലക്ഷം കി.മീ. എന്ന സ്റ്റാൻഡേർഡ് വാറന്റിയും നൽകുന്നുണ്ട്. ഇതോടൊപ്പം എല്ലാ വേരിയന്റുകൾക്കും ആറ് വർഷത്തെ ആൻ്റി-കൊറോഷൻ വാറൻ്റിയും നൽകുന്നു. കുഷാക്ക്, സ്ലാവിയ എന്നീ മോഡലുകളുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് കൈലാഖും ഒരുക്കിയിരിക്കുന്നത്. സ്കോഡയുടെ പേരുകേട്ട ഡ്രൈവിങ് ഡൈനാമിക്സിനും സുരക്ഷയ്ക്കുമൊപ്പം കുറഞ്ഞ പരിപാലച്ചെലവ് എന്ന സവിശേഷത കൂടി ഉൾപ്പെടുത്തി ഇന്ത്യയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും ടീമുകൾ സംയുക്തമായാണ് കൈലാഖ് രൂപകൽപ്പന ചെയ്തത്.