കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ ഏറെ പ്രതീക്ഷകളോടെ നിരത്തിലിറക്കുന്ന ചെറു എസ്‌യുവി കൈലാഖ് അവതരിപ്പിച്ചു. ജനുവരിയിൽ ഈ വാഹനം നിരത്തിലിറങ്ങും. 75 ഇന്ത്യയിൽ നിർമ്മിച്ച കൈലാഖിന്റെ ആഗോളതലത്തിലുള്ള ആദ്യ അവതരമാണ് ഇന്ത്യയിൽ നടന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹന വിൽപ്പനയുള്ള സബ്-4 മീറ്റർ സെഗ്മെന്റിൽ സ്കോഡയുടെ ആദ്യ താരമാണ് കൈലാഖ്. രാജ്യത്ത് കൂടുതൽ വിപണി വിപുലീകരണം ലക്ഷ്യമിട്ട് ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഈ എസ്‌യുവിയുടെ ആദ്യ പ്രഖ്യാപനം. ഒക്ടോബറിൽ കൈലാക്കിൻ്റെ പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയാക്കി. തൊട്ടുപിന്നാലെയാണ് കൈലാഖ് ഇപ്പോൾ ആഗോള വിപണിക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ രണ്ട് മുതൽ ബുക്കിങ് ആരംഭിക്കും. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് സ്കോഡ വെബ്സൈറ്റിലും ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിലും രജിസ്റ്റർ ചെയ്യാം.
ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത സ്കോഡയുടെ ആദ്യ എൻട്രി ലെവൽ സബ്-4-മീറ്റർ എസ് യു വിയാണ് കൈലാഖ് എന്ന് സ്കോഡ ഓട്ടോ സിഇഒ ക്ലോസ് സെൽമർ പറഞ്ഞു. “ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കാർ വിപണിയായ ഇന്ത്യ ഞങ്ങളുടെ രാജ്യാന്തര വിപുലീകരണ പദ്ധതിയിൽ വളരെ പ്രാധാന്യം നൽകുന്ന രാജ്യമാണ്. കാഴ്ചയിൽ വേറിട്ടു നിൽക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ കരുത്തുറ്റ ഡിസൈൻ ഭാഷയുടെ ഇന്ത്യയിലെ അരങ്ങേറ്റവും കൈലാഖിലൂടെ നടന്നിരിക്കുന്നു. വൈവിധ്യമാർന്ന വകഭേദങ്ങളും കളറുകളും ഫീച്ചറുകളും, അടിസ്ഥാന മോഡലിൽ തന്നെ ലഭിക്കുന്ന 25ലേറെ സുരക്ഷാ സംവിധാനങ്ങളുമെല്ലാമാണ് കൈലാഖിന്റെ സവിശേഷത,” അദ്ദേഹം പറഞ്ഞു.
ഡ്രൈവർക്കും മുന്നിലെ പാസഞ്ചർക്കും വെൻ്റിലേഷനുള്ള സിക്സ്-വേ ഇലക്ട്രിക് സീറ്റുകൾ ഉൾപ്പെടെ ഈ സെഗ്മെന്റിൽ ആദ്യമെത്തുന്ന ചില ഫീച്ചറുകളും കൈലാഖിലുണ്ട്. 446 ലിറ്റർ ബൂട്ട് സ്പെയ്സ് സെഗ്‌മെൻ്റിലെ ഏറ്റവും മികച്ചതാണ്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾക്ക് വെൻ്റിലേഷനോട് കൂടിയ ഓട്ടോ ക്ലൈമാറ്റ്‌ട്രോണിക് ഫീച്ചറുമുണ്ട്. തിരഞ്ഞെടുത്ത വേരിയന്റിൽ ഇലക്‌ട്രിക് സൺറൂഫും ഉണ്ട്.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെടുക്കാൻ മാന്വൽ ട്രാൻസ്മിഷനുള്ള കൈലാഖിന് 10.5 സെക്കൻഡുകൾ മാത്രം മതി. മണിക്കൂറിൽ 188 കിലോമീറ്ററാണ് പരമാവധി വേഗം. 6-സ്പീഡ് മാന്വൽ/ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് 1.0 ടിഎസ്ഐ എഞ്ചിൻ 85Kw കരുത്തും 178Nm ടോർക്കും നൽകുന്നു. തിരഞ്ഞെടുത്ത വേരിയന്റുകളിൽ പാഡ്ൽ ഷിഫ്റ്റേഴ്സും ലഭ്യമാണ്. കുഷാക്കിലും സ്ലാവിയയിലുമുള്ള MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് കൈലാഖും നിർമ്മിച്ചിരിക്കുന്നത്.