ന്യൂഡൽഹി– ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിൽ അപ്രതീക്ഷിത മുന്നേറ്റവുമായി എസ്‍യുവി, ഹൈബ്രിഡ് കാറുകൾ. വിപണിയിൽ ക്രമാതീതമായി എസ്‍യുവി, ഹൈബ്രിഡ് വിൽപ്പന ഉയർന്നതോടെ ഇന്ത്യൻ തദ്ദേശീയ വാഹനങ്ങളും, വിദേശ വാഹനങ്ങളും ഇന്ത്യൻ നിരത്തിൽ ഇത്തരം കാറുകൾ ഇറക്കാൻ മത്സരിക്കുകയാണ്. തലയെടുപ്പും ആകാര ഭംഗിയുമാണ് ഇന്ത്യക്കാരെ എസ്‍യുവിയിലേക്ക് നയിക്കുന്നതെങ്കിൽ, ഉയരുന്ന പെട്രോൾ ഡീസൽ വിലയാണ് സ്ട്രോങ് ഹൈബ്രിഡ് കാറുകളിലേക്ക് ഇന്ത്യക്കാരെ തള്ളിവിടുന്നത്.
എസ്‍യുവിയുടെ അരക്കിട്ടുറപ്പിച്ച ആധിപത്യം


ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യവും ജിഎസ്ടിയും കാർ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 2024ൽ ഇന്ത്യയിലെ കാർ വിപണിയിൽ പാസഞ്ചർ കാറുകളുടെ വളർച്ച 4.2% മാത്രമാണ്. എന്നാൽ, അതിൽ എസ്‍യുവി കാറുകൾ വിറ്റഴിക്കപ്പെട്ടത് 16.8% എന്ന അമ്പരപ്പിക്കുന്ന കണക്കാണ്.
ഇന്ത്യയിലെ പ്രമുഖ കാർ നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര 2025ൽ 551,000 എസ്‍യുവി കാറുകളാണ് ഇന്ത്യയിൽ മാത്രം വിറ്റത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനത്തിന്റെ വർദ്ധനവാണ്. മാർച്ച് മാസത്തിൽ കയറ്റുമതി അടക്കം വിറ്റഴിക്കപ്പെട്ടത് 50,835 യൂണിറ്റ് ആണ്. ജപ്പാൻ-ഇന്ത്യ ഐക്യമായ മാരുതി സുസുക്കി പൊതുവിൽ എസ്‍യുവി കാറുകളിൽ പിന്നിലാണെങ്കിലും, 2025 മാർച്ച് മാസത്തെ റിപ്പോർട്ട് പ്രകാരം 61,097 എസ്‍യുവി കാറുകളാണ് വിറ്റത്. അതായത് കഴിഞ്ഞ വർഷത്തെ മാർച്ച് മാസത്തെ റിപ്പോർട്ട് പ്രകാരം 4.5 ശതമാനത്തിന്റെ വർദ്ധനവ് ആണ് മാരുതി സുസുക്കി രേഖപ്പെടുത്തിയിരിക്കുന്നത്.
ഹ്യുണ്ടായി ക്രെറ്റയുടെ മിഡ്സൈസ് എസ്‍യുവി കാറുകൾ മാർച്ച് മാസത്തെ റിപ്പോർട്ട് പ്രകാരം 14,860 കാറുകൾ ആണ് നിരത്തിലെത്തിയത്. മഹീന്ദ്രയുടെ സ്കോർപ്പിയോ 14,401 കാറുകളുമായി തൊട്ട് പിന്നിലുണ്ട്. ടൊയൊട്ടോ പുറത്തിറക്കുന്ന അർബൺ ക്രൂയിസർ ഹൈറൈഡർ ആണ് ഇക്കൂട്ടത്തിലെ വമ്പൻ. 2024 മാർച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 7,573 കാറുകളുമായി 94 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
വിശകലന വിദഗ്ദരുടെ അഭിപ്രായ പ്രകാരം, ഇന്ത്യൻ മാർക്കറ്റിൽ എസ്‍യുവി കാറുകളുടെ വളർച്ച 2024ലെ സാമ്പത്തിക വർഷത്തിൽ ഏകദേശം 50 ശതമാനം ആയിരുന്നെങ്കിൽ, 2025-26 സാമ്പത്തിക വർഷത്തിൽ അത് 56-65 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തുന്നത്. എസ്‍യുവികളുടെ വളർച്ചയും കയറ്റുമതിയും ഉറപ്പാക്കുന്നതിനായി റെനോ പോലുള്ള ഒഇഎം കമ്പനികൾ 600 മില്ല്യൺ യുഎസ് ഡോളർ ആണ് നിക്ഷേപിച്ചിരിക്കുന്നത്.
ഹൈബ്രിഡ് എന്ന ചീറ്റ കോഡ്


കാർ കമ്പനികൾ ആകെ ഇറക്കുന്നത് കുറഞ്ഞ എണ്ണം മാത്രമാണെങ്കിലും, എന്നിരുന്നാലും സ്ട്രോങ് ഹെബ്രിഡ് കാറുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ്. പെട്രോളോ ഡീസലോ ഉപയോഗിച്ച പ്രവർത്തിക്കുന്ന എഞ്ചിനും ഒന്നോ അതിലധികമോ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുമായി രണ്ട് രൂപത്തിൽ ശക്തി ഉൽപ്പാദിപ്പിക്കുന്ന കാറുകളാണ് ഹൈബ്രിഡ് എന്നാൽ.
2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ–ജൂൺ 2025) 26,460 കാറുകളാണ് വിറ്റതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 12,111 മാത്രമാണ് വിറ്റത്. അഥവാ ഹൈബ്രിഡ് കാർ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത് 118 ശതമാനത്തിന്റെ വളർച്ച. ഹൈബ്രിഡ് വാഹനങ്ങളിൽ ടൊയൊട്ടോയുടെ കിർലോസകർ ആണ് 81 ശതമാനവും വിറ്റഴിച്ച് ഏറിയ പങ്കും വഹിക്കുന്നത്. ഹൈബ്രിഡ് വിൽപ്പനയിൽ മാരുതി സുസുക്കിയുടെ പങ്ക് 18 ശതമാനവും ഹോണ്ടയുടെ പങ്ക് 1 ശതമാനവുമാണ്.
2024 ജനുവരി-ജൂലൈ മാസങ്ങളിൽ കാർ വിപണിയിൽ, ഹൈബ്രിഡ് വാഹനങ്ങൾ എത്തിയത് 51,897 ആണ്. അഥവാ കാറുകളിൽ 27 ശതമാനവും ഹൈബ്രിഡ് ആണ്. അതേസമയം ബിഇവി (ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ) കൾക്ക് 54,118 യൂണിറ്റുകൾ മാത്രമേ നേടാനായുള്ളൂ, ഇത് 10% വാർഷിക വർധനവാണ്.
എച്ച്എസ്ബിസി ഗ്ലോബൽ റിസർച്ച് നടത്തിയ ഒരു പഠനത്തിൽ, ഇന്ത്യൻ കാർ വിപണിയിൽ ആളുകൾക്കിടയിൽ വേറിട്ട പ്രവണത കാണുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. 2024 ൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയുടെ 2% മാത്രമേ ഹൈബ്രിഡ് ആയിരുന്നുള്ളൂ, എന്നാൽ 2030 ആകുമ്പോഴേക്കും ആ കണക്ക് 18-20% ആയി വളരുമെന്നും എച്ച്എസ്ബിസി റിപ്പോർട്ട് ചെയ്യുന്നു, ഇത് ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയെ മാറ്റിസ്ഥാപിക്കുന്നതിനുപകരം, ഇലക്ട്രിക് വഹനങ്ങളെ പോലെ പ്രചാരത്തിലെത്തുമെന്നും പഠനം സൂചിപ്പിക്കുന്നു.
ഗ്രാന്റ് തോൺടൺ നടത്തിയ ഒരു ഉപഭോക്തൃ സർവേയിൽ ഹൈബ്രിഡ് വാഹനങ്ങളെ ഇഷട്പ്പെടുന്നതായി രേഖപ്പെടുത്തിയത് 40% ആണ്. ഇലക്ട്രിക് വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരാകട്ടെ 17% മാത്രമാണ്.
ഇന്ത്യൻ കാർ വിപണിയുടെ പ്രവണത
ആരെയും ആകർഷിക്കുന്ന സ്റ്റൈൽ, വിശാലമായ ഇന്റീരിയറുകൾ, ഇന്ത്യയിലെ പൊളിഞ്ഞ റോഡുകളിലൂടെയുള്ള സുഖകരമായ സഞ്ചാരം, ലാഭത്തിനായി എസ്‌യുവികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒഇഎം എന്നിവയാണ് ഇന്ത്യക്കാരെ എസ്‍യുവി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. കുഴിയുള്ള റോഡുകളിലൂടെ ഗ്രൗണ്ട് ക്ലിയറൻസ് കുറവള്ള വാഹനങ്ങൾ ഓടിക്കുന്നത് പ്രയാസകരമാണ് എന്നതാണ് ഏറ്റവും പ്രധാനമായ വസ്തുത.
എസ്‍യുവി തിരഞ്ഞെടുക്കാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ടെങ്കിലും. ഹൈബ്രിഡ് തിരഞ്ഞെടുക്കാൻ ഒറ്റ കാരണം മാത്രമേ ഉള്ളു. കൂടിയ മൈലേജ്. റേഞ്ച് ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ലഭ്യമാകുന്ന മികച്ച മൈലേജ്, ഒരു ലിറ്റർ പെട്രോളിന് കൂടുതൽ നൂറ് രൂപയിൽ കൂടുതൽ വിലയായതിനാൽ ഇന്ത്യക്കാർക്ക് ഹൈബ്രിഡ് വാഹനങ്ങൾ കുറച്ചൊന്നുമല്ല ആശ്വാസമാകുന്നത്.
ഇതിന് പുറമേ, പ്രമുഖ കാർ നിർമ്മാതാക്കളെല്ലാം ഹൈബ്രിഡ് കാറുകളുടെ നിർമ്മാണം വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടൊയൊട്ടോ തങ്ങളുടെ വാഹനങ്ങളായ ഇന്നോവ ഹൈക്രോസ്, ഹൈറൈഡർ, കാംറി, വെൽഫയർ തുടങ്ങിയവയിലേക്ക് ഹൈബ്രിഡ് വ്യാപിപിക്കും എന്നാണ് സൂചന നൽകുന്നത്. മാരുതി സുസുക്കിയും മഹീന്ദ്രയും ഹൈബ്രിഡ് വാഹനങ്ങളുടെ വിപുലീകരണത്തിനായുള്ള പദ്ധതിയിലാണെന്നാണ് അറിയാൻ സാധിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും എസ്‍യുവി കാറുകൾ ആണെന്നത് ഒരു വസ്തുതയാണ്.