ശരിയായ റോഡ് പോലും ഇല്ലാത്ത ഇന്ത്യയുടെ വീഥികളിൽ രാജാവായിരുന്നു മാരുതി. കാലം മാറിയപ്പോൾ ആളുകൾ മറന്നു തുടങ്ങിയ മാരുതി കോലം മാറി വീണ്ടും വരികയാണ്, ഇന്ത്യൻ ഇല്ക്ട്രിക് കാർ വിപണിയിൽ തന്റേതായ സ്ഥാനം ഉറപ്പാക്കാൻ. അമേരിക്കയിൽ നിന്ന് ടെസ്‍ലയും ചൈനയിൽ നിന്ന് ബിവൈഡിയും ബ്രിട്ടനിൽ നിന്ന് എംജിയടക്കം ഇന്ത്യൻ ഇലക്ട്രിക് കാർ മാർക്കറ്റിൽ കളം വാഴുകയാണ്. ഇതിനിടയിലേക്ക് കാൽ വെക്കുന്ന ജാപ്പനീസ് ഇന്ത്യൻ കമ്പനികളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര കാലത്തിനനുസൃതമായി മാറിയോ എന്നും പരിശോധിക്കേണ്ടതുണ്ട്.
സെപ്റ്റംബർ മൂന്നിനായിരിക്കും ഇ-വിറ്റാര ഇന്ത്യയിലെ റോഡുകളിലേക്ക് എത്തുക. വാഹനം ഈ വർഷാരംഭത്തിൽ ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിന് എത്തിച്ചെങ്കിലും, 2025 ആരംഭത്തിൽ തന്നെ റോഡുകളിൽ എത്തും എന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. വൈകിയാണേലും മാരുതി ഒടുവിൽ കാറിന്റെ ലോഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ഈ വാഹനം യുകെയിൽ കഴിഞ്ഞ മാസമാണ് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ റോഡുകളിലും വാഹനം ടെസ്റ്റ് ചെയ്യുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്.
സുരക്ഷ സവിശേഷതകൾ


സേഫ്റ്റി ഫീച്ചേഴ്സിലെ മാരുതിയുടെ പരാജയം ഒരു ട്രോൾ മെറ്റീരിയൽ ആണ്. ഇ-വിറ്റാര നിരത്തിലെത്തുമ്പോൾ ഇന്ത്യക്കാർ ആദ്യം തിരക്കുന്നതും സുരക്ഷയെ കുറിച്ച് തന്നെ ആയിരിക്കും. ഏഴ് എയർബാഗ്, ടെയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, മുൻ വശത്തും പിൻ വശത്തും പാർക്കിങ് സെൻസറുകൾ കൂടാതെ 360 ഡിഗ്രി കാമറയും ആയി അത്യാധുനിക സേഫ്റ്റി ഫീച്ചേഴ്സും കൊണ്ടാണ് ഇ-വിറ്റാരയുടെ രംഗപ്രവേശം.
ഇന്റീരിയർ ഡിസൈൻ


സുരക്ഷയെ കൂടാതെ പ്രീമിയം ഇന്റീരിയറും പ്രധാന ആകർഷണമാണ്. 10.25 ഇഞ്ച് ഇൻഫോടെയിന്മെന്റ് സിസ്റ്റം, 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ രണ്ട് മോണിറ്റുകൾ വഴിയായിരിക്കും കാറിന്റെ ഭൂരിഭാഗം ഫീച്ചേഴ്സും പ്രവർത്തിപ്പിക്കാനും അറിയാനും സാധിക്കുക. ഡ്രൈവിങ് സീറ്റ് 10 തരത്തിൽ ക്രമീകരിക്കാവുന്നതാണ്. മികച്ച യാത്ര അനുഭവത്തിനായി വായു സഞ്ചാരമുള്ള സീറ്റുകളുമാണ് കമ്പനി നൽകിയിട്ടുള്ളത്. മാരുതിയുടെ കാറുകളിൽ ആദ്യമായി അഡാസ് L-2 സ്ഥാപിച്ച ആദ്യ കാറും ഇ-വിറ്റാരയാണ് എന്നതും ഒരു പ്രത്യേകതയാണ്.
രൂപകൽപ്പന


മാരുതി സുസുക്കിയുടെ തനത് ഡിസൈൻ മോഡലായ ‘ഹൈടെക് ആൻഡ് അഡ്വഞ്ചർ’ മോഡലും ഇമോഷണൽ വെർസറ്റൈൽ ക്രൂയിസർ എന്ന മോഡലും സമന്വയിപ്പിച്ചാണ് ഇ-വിറ്റാര രൂപകൽപ്പന ചെയ്തിരിക്കുന്നത്. Y-ആകൃതിയിലുള്ള LED DRL-കൾ, മുന്നോട്ടാഞ്ഞ് നിൽക്കുന്ന ബമ്പറിലെ ഫോഗ് ലാമ്പ്, വിപുലീകരിച്ച ടെയിൽ ലാമ്പ് ഇവയെല്ലാം ഇ-വിറ്റാരയെ മറ്റു കാറുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.
സി-പില്ലറിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഡോർ ഹാൻഡിലുകൾ ഡിസൈനിൽ മറ്റ് കാറുകളിൽ നിന്ന് വേറിട്ടതാക്കുന്നു. എസ്‌യുവി മാതൃകയിൽ, 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളും, പിന്നിലായി വെള്ളി നിറമുള്ള സുസുക്കി ലോഗോയും “ഇ-വിറ്റാര” ബാഡ്ജിംങും ഉണ്ട്.
ഉപഭോക്താക്കൾ അമ്പരപ്പെടുക ഏത് കളറിലുള്ള കാർ എടുക്കണമെന്നതിലായിരിക്കും. കാരണം 10 വ്യത്യസ്തമായി കളറുകളിലാണ് കാർ ലഭ്യമാകുക. നെക്സ ബ്ലു, ഗ്രാൻഡുവർ ഗ്രേ, സ്പ്ലെൻഡിഡ് സിൽവർ, ആർക്ടിക് വൈറ്റ്, ഒപ്പുലന്റ് റെഡ്, ബ്ലുവിഷ് ബ്ലാക്ക് തുടങ്ങിയ ആറ് മോണോ ടോൺ കളറുകളും, ആർട്ടിക് വൈറ്റ്, ഒപുലന്റ് റെഡ്, സ്പ്ലെൻഡിഡ് സിൽവർ, ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള ലാൻഡ് ബ്രീസ് ഗ്രീൻ തുടങ്ങിയ നാല് ഡുവൽ ടോൺ കളറുകളുമായിട്ടായിരിക്കും വിപണിയിൽ എത്തുക.
ബാറ്ററിയും ശക്തിയും


മാരുതി സുസുക്കി നിർമ്മിക്കുന്ന പ്ലാറ്റ്ഫോം ആണ് ഹേർട്ടെക്റ്റ്-ഇ-പ്ലാറ്റ്ഫോം ഇക്കുറി ടോയോട്ടോയുമായി സഹകരിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇ-ആക്സിളിന് ശക്തി പകരുന്നത്. ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററികൾ ആണ്.
രണ്ട് ബാറ്ററികൾ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്:
49 kWh (2WD): 142 bhp, 189 Nm
61 kWh:
2WD: 172 bhp, 189 Nm
AWD (ഡ്യുവൽ മോട്ടോർ): 181 bhp, 300 Nm
വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുസരിച്ച് ഇതിൽ മാറ്റം വരാൻ ഉള്ള സാധ്യതയുള്ളതായി കമ്പനി പറയുന്നുണ്ട്.