സത്യത്തിന്റെ അതിരുകളിലും ധൈര്യത്തിന്റെ നിഴലിലുമാണ് സത്യം വെളിപ്പെടുത്തിയ സത്യപാൽ മാലികിന്റെ ജീവിതയാത്ര അവസാനിച്ചത്. ജമ്മുകശ്മീർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലായി ഗവർണർ പദവിയിൽ രാജ്യത്തെ സേവിച്ച സത്യപാൽ , 79-ആം വയസ്സിൽ വിടവാങ്ങിയിരിക്കുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്കസംബന്ധമായ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആഴ്‌ചകളായി ചികിത്സയിലായിരുന്ന അദ്ദേഹം, ആരോഗ്യനില അതീവ ഗുരുതരമാണെന്ന ആശുപത്രി ബുള്ളറ്റിൻ പുറപ്പെടുവിച്ചിരുന്നതിന്റെ പിന്നാലെയാണ് അന്ത്യം.
മുതിർന്ന സംഘ് പരിവാർ നേതാവായിട്ടും ബിജെപിയുടെ അഴിമതിക്കെതിരെ വ്യക്തമായി നിലപാട് സ്വീകരിച്ച, ഗോവ സർക്കാരിനെയും കർഷക സമരത്തിനെതിരായ കേന്ദ്ര നിലപാടിനെയും വിമർശിച്ച് രാഷ്ട്രീയ ധീരതത കാണിച്ചത് ശ്രദ്ധേയമായിരുന്നു. ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വാഗ്ദാനം ചെയ്ത 300 കോടി രൂപയുടെ കൈക്കൂലി, അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നു.
രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച പുൽവാമ ആക്രമണ സമയത്ത് ജമ്മു കശ്‌മീർ ഗവർണറായിരുന്നു സത്യപാൽ മാലിക്. പുൽവാമ ആക്രമണം, അദാനി, അംബാനി, അഴിമതി അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെയും പ്രതിരോധത്തിലാക്കി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവിട്ടിരുന്നു. ‘ദ വയർ’നു വേണ്ടി പ്രമുഖ മാധ്യമപ്രവർത്തകരിലൊരാളായ കരൺ ഥാപ്പറിനു നൽകിയ അഭിമുഖത്തിലായിരുന്നു ഗൗരവമേറിയ പ്രസ്താവനകൾ ലോകത്തിനു മുന്നിൽ തുറന്നു പറഞ്ഞിരുന്നത്.
സംഭവുമായി ബന്ധപ്പെട്ട സിആർപിഎഫിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടും ഇന്റലിജൻസ് പരാജയത്തിലേക്ക് വിരൽ ചൂണ്ടിയതായിരുന്നു. ആക്രമണമുണ്ടായേക്കാമെന്ന നിരവധി രഹസ്യാന്വേഷണ വിവരങ്ങൾ ലഭ്യമായിരുന്നെങ്കിലും ഇതൊന്നും ഗൗനിക്കാതെ അറിഞ്ഞോ അറിയാതെയോ പറ്റിയ വലിയ പിഴവായിരുന്നു പുൽവാമ.
പുൽവാമ ഭീകരാക്രമണം സിആർപിഎഫിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും വീഴ്ചയാണ്. വലിയ വാഹനവ്യൂഹം ഒഴിവാക്കുന്നതിന് ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അത് നിരസിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ വീഴ്ച്ചകളെല്ലാം ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യം ആരോടും പറയരുതെന്ന മറുപടിയാണ് മോദി നൽകിയത്. വീഴ്ച്ചകൾ മറച്ചുവെക്കണമെന്നായിരുന്നു സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെയും നിർദേശം; സത്യപാൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.
78 വാഹനങ്ങളാണ് സിആർപിഎഫിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. ഇത് ആക്രമണത്തിന്റെ സാഹചര്യം വർധിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 2019 ഫെബ്രുവരി 14ന് വൈകുന്നേരം മൂന്നേക്കാലോടെ ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരിക്ക് സമീപമാണ് ആക്രമണമുണ്ടായിരുന്നത്. ലോക്സഭ തെരെഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നിൽക്കെ നടന്ന ഈ ആക്രമണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു.സഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ കാർ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റി. 76-ാം ബെറ്റാലിയന്റെ ബസിലുണ്ടായിരുന്ന 40 സൈനികർ തൽക്ഷണം മരിച്ചു. പാക് ഭീകരസംഘടനയായ ജെയ്ശെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.പുൽവാമ കാഗാപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു 40 സൈനികരുടെ ജീവനെടുത്ത ചാവേർ. ആക്രമണത്തിന്റെ 12-ാം നാൾ ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലർച്ചെ ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ പാകിസ്താനിലെ ഖൈബർ പ്രവിശ്യയിലെ ബാലാകോട്ടിൽ ജെയ്ശെ മുഹമ്മദ് ക്യാമ്പിൽ പ്രത്യാക്രമണം നടത്തി.
ആക്രമണം നടന്ന ആറാം നാൾ അന്വേഷണം കശ്മീർ പോലീസിൽ നിന്ന് എൻ.ഐ.എ ഏറ്റെടുത്തു. ജെയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഉൾപ്പെടെ 19 പേർക്കെതിരെ 2020 ആഗസ്റ്റിൽ ദേശീയ അന്വേഷണ ഏജൻസി 13,800 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.ജെയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ വിപുലമായ നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചത് ഇതിന് പിന്നാലെയായിരുന്നു. പുൽവാമ സംഭവത്തിനു പിന്നാലെ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു.അക്രമണം ഉണ്ടാവുന്നതിനു കാരണമായ ഇന്റലിജൻസ് വീഴ്ചയെക്കുറിച്ചും ആരോപണം ഉയർന്നു.
രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീക്ഷണിയുള്ള ദേശീയ പാതകളിലൊന്നാണ് ജമ്മു-ശ്രീനഗർ പാത. 2547 സിആർപിഎഫ് ജവാന്മാരെ 78 വാഹനങ്ങളിൽ ഒരേ സമയം ഇതുവഴി കൊണ്ടുപോയപ്പോൾ പാലിക്കേണ്ടിയിരുന്ന സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം പല ഭാഗങ്ങളിലായി ഉയർന്നിരുന്നു. അതുണ്ടായില്ല എന്ന് ഉറപ്പിക്കുന്നതായിരുന്നു സത്യപാൽ മാലിക് എന്ന ബിജെപി മുൻ ദേശീയ ഉപാധ്യക്ഷന്റെ വാക്കുകൾ.
ജവാന്മാരെ നീക്കാൻ ആഭ്യന്തരമന്ത്രാലയത്തോട് സിആർപിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇത്രയേറെ സൈനികരെ റോഡ് മാർഗം മാറ്റുന്നത് സുരക്ഷിതമല്ലാത്തതിനാലായിരുന്നു ഇത്. ആഭ്യന്തര വകുപ്പ് അഞ്ചു വിമാനങ്ങൾ വിട്ടുനൽകിയാൽ മാത്രം മതിയായിരുന്നു. എന്നാൽ അനുമതി നൽകിയില്ല. വലിയ വാഹനവ്യൂഹം റോഡ് മാർഗം പോവാൻ സാഹചര്യമുണ്ടാവുകയും സൈനികർ കൂട്ടത്തോടെ കൊല്ലപ്പെടുകയും ചെയ്തു. സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ ഇതിനെതിരെ കേന്ദ്ര സർക്കാർ ഒരു മറുപടിയും പറഞ്ഞിരുന്നില്ല.രാജ്യസുരക്ഷയും സൈനികരുടെ ജീവനും രാഷ്ട്രീയ നേട്ടത്തിനുള്ള വഴികൾ മാത്രമാണോ എന്ന ചോദ്യത്തിന്റെ മൗനം ഭരണകൂടം ഇന്നും തുടരുകയാണ്.
ഭാരതീയ ക്രാന്തിദൾ, ലോക്‌ദൾ, കോൺഗ്രസ്, ജനതാദൾ എന്നീ പാർട്ടികളിൽ പ്രവർത്തിച്ച മാലിക് 1989-90 ൽ വി.പി.സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു. 2004ൽ ബി.ജെ.പിയിൽ ചേർന്നു. 2012 ലും 2014 ലും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി. പിന്നീട് 2017 മുതൽ 2022 വരെ വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ പദവിയിലിരുന്നു.