(ഒ.വി വിജയന്‍: 1930 ജൂലൈ രണ്ട് – 2005 മാര്‍ച്ച് 30)
ജൂലൈ രണ്ട്. ഒ.വി വിജയന്റെ ഒരു ജന്മവാര്‍ഷികം കൂടി.
അശാന്തരായ ഇഫ്രീത്തുകളുടെ സഞ്ചാരപഥം. കൂമന്‍കാവിലെ മാവുകള്‍ പിന്നിട്ട് തസറാക്കില്‍ എത്തിയ പഥികന്‍. കാല്‍വിരല്‍ പക്ഷെ നൊന്തില്ല.
….പത്ത് മണിയ്ക്ക് ഖാലിയാരും ശിവരാമന്‍നായരും തുന്നല്‍ക്കാരന്‍ മാധവന്‍നായരും കുപ്പുവച്ചനും പിന്നെ കുറെ ഖസാക്കുകാരും ഞാറ്റുപുരയില്‍ കൂടി. മുറ്റത്തെ ചന്ദനക്കല്ലില്‍ ചാണകം പിടിച്ച് പിള്ളയാറ് വെച്ച് ശിവരാമന്‍ നായര്‍ സ്‌കൂള്‍ തുറന്നു. അവരെല്ലാം പൊയ്ക്കഴിഞ്ഞപ്പോള്‍ രവിയും കുട്ടികളും മാത്രമായി.
ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് രവി ഇത്തിരി നേരം കൂടി അങ്ങനെ നിന്നുപോയി. മേഘങ്ങള്‍ക്കിടയില്‍ താമരക്കുളം നീലച്ചു. താമരയിലകള്‍ക്കിടയില്‍ നിന്നു പുറത്ത് വരാന്‍ ഒരു കുളക്കോഴിക്കുഞ്ഞ് പാടുപെടുന്നത് രവി കണ്ടു. ഒടുവില്‍ അത് കരകേറി. കാട്ടുചെടികളുടെ കടയ്ക്കല്‍ ആലംബമില്ലാതെ അത് നിന്നു. ഇത്തിരി നേരത്തിനുള്ളില്‍ കുളക്കോഴിപ്പിടയും ഇണയും പറന്നെത്തി ചിറകടിച്ച് കൊണ്ട് കുഞ്ഞിനുചുറ്റും നടന്നു. രവി ജനാലയില്‍ നിന്നു തിരിഞ്ഞു. കുളക്കോഴിക്കുഞ്ഞ് കുറുകുന്നത് അപ്പോഴും കേള്‍ക്കാനുണ്ട്.
തുന്നല്‍ക്കാരന്‍ മാധവന്‍നായര്‍ പടിയ്ക്കല്‍ നിന്ന് വീണ്ടും വിളിച്ചു.
– മാഷ്ഷേ, നിങ്ങളുടെ പട്പ്പ് മൊടക്കാന്‍ ഞാന്‍ രണ്ടാമ്മെറീം വന്നെട്ക്ക്ണ്.
വരണം മാധവന്നായരേ..
മാധവന്‍നായര്‍ ഞാറ്റുപുരയിലേക്ക് കേറി. പുറകെ വലിയ കോടിക്കുപ്പായങ്ങളിട്ട രണ്ടു പൊടികളും കേറി.
ഇതാ രണ്ടെണ്ണങ്കൂടി പിടിച്ചോളിന്‍.. മാധവന്‍നായര്‍ പറഞ്ഞു.
കവറക്കുട്ടികളാണ്. എന്താ മോശം?
രവി ചിരിച്ചു.
നിങ്ങളൊക്കെ ശ്ശി സഹായിച്ചു മാധവന്നായരേ..
അസ്സല് കാരിയം.
രവി ഹാജര് പുസ്തകം നിവര്‍ത്തി പേരുകളെഴുതിച്ചേര്‍ക്കാന്‍ തയ്യാറെടുത്തു.
കാല്‍മുട്ടും കടന്ന് താഴോട്ടുവരുന്ന ഷര്‍ട്ടുകളിട്ട പൊടികള്‍ മേശയോട് ചേര്‍ന്നു നിന്നു.
മൂക്ക് തുടയ്ക്കെടാ മലയോ.. മാധവന്‍നായര്‍ ഒരുത്തനോട് പറഞ്ഞു. ചെറുക്കന്‍ ആനക്കൊമ്പുകള്‍ മേലോട്ട് വലിച്ചു.
അസരീകരമേ, ഉതിച്ച് കളാ..
അവന്‍ കുപ്പായത്തിന്റെ അറ്റം കൊണ്ട് മൂക്ക് തുടച്ചു.
***
മാധവന്‍ നായര്‍ പോയി. രവി മേശപ്പുറത്ത് ചാരിക്കൊണ്ട് നിന്നു.
ഇന്നൊര് കഥ പറയാം. അയാള്‍ പറഞ്ഞു.
എന്ത് കഥ്യാ വേണ്ടത്?
കുട്ടികളെല്ലാരുമൊന്നിച്ച് സംസാരിക്കാന്‍ തുടങ്ങി.
സാര്‍, സാര്‍.. സുറുമയിട്ട പെണ്‍കുട്ടി കയ്യുയര്‍ത്തിക്കാട്ടി.
പറയൂ.. രവി പറഞ്ഞു.
സാര്‍, ആരും ചാകാത്ത കത.
രവി ചിരിച്ചു പോയി. അവള്‍ തുടുത്തു.
എന്താ പേര്? രവി ചോദിച്ചു.
കുഞ്ഞാമിന.
ശരി, രവി പറഞ്ഞു.
രവി കഥ പറയാനൊരുങ്ങി….
(അധ്യായം ഏഴ്, ഖസാക്കിന്റെ ഇതിഹാസം)
**
ഇതാ എന്റെ ഒരു ഖസാക്ക് അനുഭവം.
തസറാക്കില്‍ ഞാറ്റുപുര അതേ പടിനിലനിര്‍ത്തിയിരിക്കുന്നു, ചെറിയ പരിഷ്‌കാരങ്ങളോടെ. പനങ്കാടുകള്‍ കാണാനില്ല. പള്ളിക്കുളം പായല്‍ വന്ന് മൂടിയിരിക്കുന്നു. പറന്നകലുന്ന പനന്തത്തകളുടെ ധനുസ്സുകളെവിടെ? അപ്പുക്കിളിയുടേയും അല്ലാപിച്ച മൊല്ലാക്കയുടേയും ഖാലിയാരുടേയും മൈമൂനയുടേയും ആബിദയുടേയും കുഞ്ഞുനൂറുവിന്റേയും ഓര്‍മ്മകള്‍ നിറഞ്ഞു. കുപ്പുവച്ചന്‍ വെയില്‍ കാഞ്ഞ അത്താണി ഇവിടെയില്ല. അപ്പുക്കിളിയുടെ അദൃശ്യസാന്നിധ്യം വൃഥാ മനസ്സില്‍ നിറഞ്ഞു. ഏറെക്കാലം പാലക്കാട് വിക്ടോറിയാ കോളേജിനടുത്ത് ജീവിച്ചിരുന്ന അപ്പുക്കിളിയുടെ പിന്തുടര്‍ച്ചയിലുള്ള ബന്ധുക്കളാരും ഇപ്പോഴില്ല.
മൈമൂനയുടെ പിന്തുടര്‍ച്ചക്കാരുടെ വീട് കണ്ടു. അന്നേരം രാജാവിന്റെ പള്ളിയില്‍ നിന്ന് (പള്ളി പുതുക്കിപ്പണിത് മോടി പിടിപ്പിച്ചിരിക്കുന്നു) സ്മൃതിധാരയെ പൊട്ടിച്ച് ബാങ്ക്‌വിളി. ഞങ്ങള്‍ വുദുവെടുത്ത് പള്ളിയില്‍ കയറി അസര്‍ നമസ്‌കരിച്ചു. ബൈക്കോടിച്ച് പള്ളിയിലെത്തിയ തസറാക്കിലെ ചെറുപ്പക്കാരായ ലിയാഖത്തിനേയും യാക്കൂബിനേയും പരിചയപ്പെട്ടു. വിജയന്റേയും സഹോദരി ശാന്ത ടീച്ചറുടേയും സുഹൃത്ത് കരീമിനെ കണ്ടു. വിജയനെക്കുറിച്ച് കുറേ പറയവെ അദ്ദേഹത്തിന്റെ വാക്കുകള്‍ വിതുമ്പി. നല്ല സ്നേഹമുള്ള മനുഷ്യനായിരുന്നു.. കരീം ഓര്‍മകളിലേക്ക് ഊളിയിട്ടു.
പോരാന്‍ തോന്നിയില്ല തസറാക്കില്‍ നിന്ന്. ചാറ്റല്‍ മഴ പെയ്യവെ, പടമെടുപ്പുകാരന്‍ ചങ്ങാതി തിരൂരങ്ങാടിക്കാരന്‍ സിറാജ് ലെന്‍സ്മാന്‍
എന്ന നല്ല വായനക്കാരന്‍ എന്നോട് പറഞ്ഞു: കാലവര്‍ഷത്തിന്റെ വെളുത്ത മഴ…
പോതിയുടെ പുളിമരമുണ്ടോ അവിടെ? വഴിയിറമ്പുകളില്‍ കണ്ടത് പോതിയുടെ പുളിമരം തന്നെയോ? അറിയില്ല.
ചെതലി മറ്റെവിടെയോ ആണ്. അങ്ങ് ദൂരെയാണ്. പിറ്റേന്ന് മഞ്ഞ് നനഞ്ഞ പുല്ലില്‍ ചവിട്ടി രവിയും കുട്ടികളും ചെതലിമല കയറി. പാട്ടുകാരനായ മങ്കുസ്താന്‍ ബദര്‍ യുദ്ധത്തിന്റെ കഥ പാടി. വാറു പൊട്ടിയ ചെരുപ്പുമായി ഇതിഹാസകാരന്‍ യുദ്ധഭൂമിയിലൂടെ ഇടറിത്തടഞ്ഞുനടന്നു. ആ ഗാഥയുടെ വികല്‍പങ്ങള്‍. (ഖസാക്കിന്റെ കാമുകന്‍ ആഷാമേനോനുമൊത്ത് ഒറ്റപ്പാലത്ത് അടുത്തടുത്ത മുറികളില്‍ താമസിക്കുന്ന കാലത്ത് ഖസാക്കിന്റെ ഇതിഹാസത്തിലെ പല ഖണ്ഡികകളും കാണാതെ പറഞ്ഞിരുന്ന ഞാനിപ്പോള്‍ അതൊക്കെ മറന്നേ പോയി. പക്ഷേ വിജയനും ഖസാക്കും തന്നെയാണ് എനിക്ക് അന്നും ഇന്നും എന്നും ഇഷ്ടപ്പെട്ട എഴുത്തുകാരനും ഇഷ്ടപ്പെട്ട കൃതിയും…ഖസാക്ക് ഇന്നും മനസ്സിലാകെ ലാസ്യനൃത്തം ചവിട്ടുന്ന അഭൗമ ലഹരി തന്നെ.)
പ്രാചീനമായ പായലുകള്‍ അതിന്‍മേല്‍ പാടുകള്‍ വരച്ചു. കൊമ്പുകള്‍ ഇണര്‍ച്ചു പൊങ്ങി. ഇണര്‍പ്പുകളില്‍ വിഷമുള്ള ഉറുമ്പുകള്‍ കൂട് വെച്ചു. പെണ്ണുങ്ങള്‍ ചാരിത്രവതികള്‍ ആണെങ്കില്‍ പായല്‍ വഴുക്കാതെ അതിന്‍മേല്‍ കയറാം. പുളിങ്കൊമ്പത്തെ പോതി ചാരിത്രവതികളെ കാക്കും. അക്ഷയവടം കണക്കെ പോതിയുടെ പുളി..
ഇളംവെയിലില്‍ തുമ്പികള്‍ പാറി നടന്നു.
കുറച്ചു നാള്‍ പനങ്കാടുകളുടെ ധനുസ്സ് നുകര്‍ന്ന്, ഖസാക്കിന്റെ ആദ്യവായനക്കാരനായ ആഷാമേനോനോടൊപ്പം പാലക്കാടന്‍ പരിസരങ്ങളിലൊക്കെ ജീവിച്ചിട്ടും, പ്രവാസത്തിന്റെ അവധിക്കിടെ, അതും അടുത്ത കാലത്ത് മാത്രമാണ് ഞാനും സകുടുംബം തസറാക്ക് കാണാന്‍ പോയത്.
പത്മയുടെ കാല്‍ത്തണ്ടയില്‍ വിഷം നീലിച്ചുകിടന്നിരുന്നു. രവിയെവിടെ?
മൈമൂനയുടെ അകന്ന ബന്ധുവിനെ കാണാന്‍ സാധിച്ചു. കുഞ്ഞാമിനയുടെ കാല്‍ത്തള കിലുങ്ങി. തെറുത്ത് കയറ്റിയ കൈത്തണ്ടയില്‍ മയിലച്ചാര്‍ കൊത്തി ചോര വരുത്തിയതൊക്കെ ഓര്‍ത്തോര്‍ത്ത്, ഒരു ഖസാക്ക് ദിനം.. കുഞ്ഞാമിന രജസ്വലയായപ്പോള്‍ രവിയുടെ മടിയിലെ ഘനസ്പര്‍ശവും പനങ്കാടിനു ചുവടെയിരിക്കെ സുഖകരമായ അതീന്ദ്രിയാനുഭവമായി.
** **
കിണാശ്ശേരിയില്‍ നിന്ന് തസറാക്കിലേക്ക് കടക്കുമ്പോള്‍ സ്ഥാപിച്ച കമാനം കുറച്ച് കൂടി പൗരാണിക ഛായയോടെ നിര്‍മിക്കാമായിരുന്നുവെന്ന് തോന്നി.
എവിടെ നിന്നോ കുഞ്ഞാമിനയുടെ കാല്‍ത്തള കിലുക്കം. തെറുത്ത് കയറ്റിയ അവളുടെ കൈത്തണ്ട. പനങ്കാടിനു ചുവടെയിരിക്കെ സുഖകരമായ അതീന്ദ്രിയാനുഭവം.
തസറാക്കില്‍ നിന്നു മടങ്ങുമ്പോള്‍ ചൂട് നഷ്ടപ്പെട്ട വെയില്‍. കരിമ്പനകളുടെ സീല്‍ക്കാരം. എന്താണ് മനസ്സിലൂടെ കടന്നുപോയത്? കരുണ, ആസക്തി, നീരസം. ക്രൂരമായ ജിജ്ഞാസ, കൃതാര്‍തഥ എന്തായിരുന്നു അത്?
അല്ലെങ്കില്‍ അത് എല്ലാമായിരുന്നു. ജന്മാന്തരങ്ങളുടെ ഇളവെയിലില്‍ തുമ്പികള്‍ പറന്നലഞ്ഞു. രവി നടന്നു. നെടുവരമ്പ് അറ്റമില്ലാതെ നീണ്ടു കിടന്നു.
****
2019 സെപ്റ്റംബര്‍ മധ്യത്തില്‍ രണ്ടാമതും ഞാന്‍ തസറാക്കിന്റെ സാന്ദ്രസവിധത്തിലണഞ്ഞു. ഗര്‍ഭവതിയായ ചിങ്ങവെയില്‍ അന്നേരം ഖസാക്കിനെ പൊതിഞ്ഞിരുന്നു. കരിമ്പനകളില്‍ കാറ്റ് ശമിച്ചിരുന്നു.
ഖസാക്കിലെത്തിയ വിജയന്റെ അനിയത്തി ഒ. വി ഉഷ പറഞ്ഞു: ഏട്ടന്റെ ആത്മാവ് ഇന്നിവിടെ നമ്മോടൊപ്പമുണ്ട്. വിക്ടോറിയ കോളേജ് അധ്യാപന കാലം തൊട്ട് വിജയന്റെ ആത്മസുഹൃത്തായ പ്രിയമിത്രം വാസുമാഷ് (പ്രൊഫ. പി. എ. വാസുദേവന്‍) ഓര്‍ത്തെടുത്തു: വിജയനും ഞാനുമൊരിക്കല്‍ ഇവിടെ വന്നപ്പോള്‍ മൈമൂനയുടെ – അതോ ആബിദയുടെയോ? – താവഴിയില്‍ പെട്ട മജീദിനെ കെട്ടിപ്പിടിച്ചു. മജീദിന്റെ ശക്തിയുള്ള ആ സ്‌നേഹാശ്ലേഷത്തിനിടെ, തീര്‍ത്തും മെലിഞ്ഞു ക്ഷീണിതനായ വിജയന്‍ ഞാറ്റുപുരയുടെ മുറ്റത്ത് വീണു… അന്നേരം വെയില്‍ കാഞ്ഞിരുന്ന കുപ്പുവച്ചന്റെ പൊട്ടിച്ചിരി അവിടെ മുഴങ്ങിയ പോലെ….മജീദ്ക്ക വാസുമാഷ് പറഞ്ഞ ഈ കഥ കേള്‍ക്കെ ഞങ്ങള്‍ക്കരികെ നിന്ന് ഉറക്കെ ചിരിക്കുകയും പിന്നെ വിഷാദം നിഴലിട്ട കണ്ണ് തുടയ്ക്കുകയും ചെയ്തു.
പഴയ പാലക്കാടന്‍ ചങ്ങാത്തം പുതുക്കാനും എനിക്കൊരു സുവര്‍ണാവസരം. മുണ്ടൂര്‍ സേതുമാധവന്‍, വിനോദ് മങ്കര, ടി. കെ ശങ്കരനാരായണന്‍, രഘുനാഥ് പറളി….. (ഏറനാട്ടിലെ പാണ്ടിക്കാട്ടു നിന്ന് തസറാക്കിലോളം ഏകാന്തനായി എത്തിയ അവധൂതകവിസുഹൃത്ത് വി. പി ഷൗക്കത്തലി), തിരുവനന്തപുരത്ത് നിന്ന് അടൂര്‍ ഗോപാലകൃഷ്ണനെ അനുഗമിച്ചെത്തിയ മലയാളം ന്യൂസ് മുന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് സി. റഹീം എന്നിവരോടൊപ്പം ഓര്‍മയില്‍ തങ്ങി നിന്ന ഒരു വിജയന്‍സ്മൃതിയായിരുന്നു അത്.
നീലത്താമര തല നീട്ടിയ ഖസാക്കിലെ കുളത്തിന് മീതെ പായല്‍ നരച്ചു കിടക്കുകയായിരുന്നു. പക്ഷെ ജലത്തിന്റെ വില്ലീസ് പടുതയില്ല. ഉള്‍ക്കിണറിലേക്ക് കൂപ്പു കുത്തിയ മുങ്ങാംകോഴിയെന്ന ചുക്രു റാവുത്തര്‍ ഇല്ല….. അനാദിയായ വെളുത്ത മഴയുമില്ല. വിജയന്റെ കഥാപാത്രങ്ങള്‍ മനസ്സിന്റെ ജലരാശിയില്‍ നിറഞ്ഞേന്തി, ശിരസ്സറ്റ ഒറ്റക്കരിമ്പന ഖസാക്കിന്റെ ആകാശത്തെ നമിച്ചു നില്‍ക്കുന്ന ദൃശ്യം. ഇഷ്ടപ്പെട്ട എഴുത്തുകാരനെ മനസാ വണങ്ങി ശിവരാമന്‍ നായരുടെ ഞാറ്റുപുരയോട് വിട പറയുമ്പോഴൊരു ദുഃഖം. സുഹൃത്ത് ആഷാ മേനോനെ കണ്ടില്ലല്ലോ. ഉവ്വ്, ‘തീവ്ര ഖസാക്കിസ്റ്റ്’ ആഷാ മേനോനില്ലാതെ വിജയന്‍ അനുസ്മരണം തീര്‍ത്തും അപൂര്‍ണമല്ലേയെന്ന സന്ദേഹം വാസു മാഷോട് പങ്ക് വെച്ചു. വിജയന്‍ കത്തെഴുതുമ്പോഴൊക്കെ ആഷാ മേനോനെ സംബോധന ചെയ്തിരുന്നത് ‘പ്രിയ ശ്രീ’ എന്നായിരുന്നു.
*****
ദുരൂഹമായ സ്ഥലരാശി. കാലത്തിന്റെ ഗംഗാതടം, ദുരൂഹതയുടെ ദുഃഖം. ഉച്ചവെയിലില്‍ ആകാശത്തിന്റെ തെളിമയില്‍ മരണമില്ലാത്ത ദേവന്മാര്‍ ദാഹം മാറ്റി. കല്‍പവൃക്ഷത്തിന്റെ കരിക്കിന്‍ തൊണ്ടുകള്‍ താഴോട്ടുതിര്‍ന്നു വന്നു. ഖസാക്കിന്റ ഇതിഹാസത്തിന്റെ സുവര്‍ണ ജൂബിലി കൂടിയായിരുന്നു അന്ന്. ഖസാക്കിലെ 28 പേജുകളും അനുബന്ധമായി രണ്ടു പേജുകളും സുഹൃത്ത് ഭട്ടതിരി ചേതോഹരമായി കലിഗ്രഫിയില്‍ ചെയ്തതിന്റെ ഉദ്ഘാടനവും നടന്നു.
തസറാക്കിലെ കരിമ്പനയോലകളില്‍ കാറ്റ് പതിയെ താളം പിടിച്ചു.
ചെതലിമല, ഒരു വിദൂര സമസ്യയായി. മൈമൂനയുടെ കാല്‍വണ്ണയില്‍ കൊത്തിയ മയില്‍, ആര്‍ത്തവാരംഭത്തില്‍ മനം നിറഞ്ഞേന്തിയ കുഞ്ഞാമിന, അന്നേരം രവിയുടെ മടിയിലെ ഘനസ്പര്‍ശം, കൊഴണശ്ശേരിയിലെ സഖാവ്…. ഖസാക്കിലെ പുരോഹിതന്‍ അല്ലാപിച്ച മൊല്ലാക്ക…….ഇണര്‍പ്പ് പൊട്ടിയ കറുത്ത നാക്ക് പുറത്തേക്ക് വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നത് രവി കൗതുകത്തോടെ നോക്കി.
അതാ, രവിയുടെ കാല്‍പടത്തില്‍ പാമ്പിന്റെ പല്ലുകള്‍ അമര്‍ന്നു.
**
തസറാക്കില്‍ നിന്നു മടങ്ങുമ്പോള്‍ ചൂട് നഷ്ടപ്പെട്ട വെയില്‍. കരിമ്പനകളുടെ സീല്‍ക്കാരം….
എന്താണ് മനസ്സിലൂടെ കടന്നുപോയത്? കരുണ, ആസക്തി, നീരസം. ക്രൂരമായ ജിജ്ഞാസ, കൃതാര്‍ഥത.. എന്തായിരുന്നു അത്?
അല്ലെങ്കില്‍ അത് എല്ലാമായിരുന്നു. ജന്മാന്തരങ്ങളുടെ ഇളവെയിലില്‍ തുമ്പികള്‍ പറന്നലഞ്ഞു.
രവിയുടെ ഓര്‍മയോടൊപ്പം ഞങ്ങളും തിരിഞ്ഞുനടന്നു.
കരിമ്പനകളില്‍ സീല്‍ക്കാരമില്ല. കരിമ്പനകളില്‍ കാറ്റ് പിടിക്കുന്നതും കരിമ്പനയുടെ ചക്രവാളത്തില്‍ സന്ധ്യ കറുത്തതും നാഗത്താന്മാര്‍ മാണിക്യമിറക്കിവെച്ച
പനങ്കുരലുകള്‍ക്കപ്പുറം പച്ചക്കിളികള്‍ പറന്നുപോകുന്നതും നോക്കി പടിക്കല്‍ നിന്ന അപ്പുക്കിളി. മനസ്സില്‍ നിന്ന് മായാത്ത അപ്പുക്കിളി.
ഞങ്ങള്‍ക്ക് പിന്നില്‍ ഖസാക്കിലെ നെടുവരമ്പ് അന്നേരം അറ്റമില്ലാതെ നീണ്ടു കിടന്നു.