ശ്രീനാരായണ ദർശനങ്ങളുടെ അഗാധമായ ആഴങ്ങളെ മലയാളിക്ക് ലളിതമായി വ്യാഖ്യാനിച്ചു നൽകിയ ജ്ഞാനസൂര്യൻ- മുനി നാരായണ പ്രസാദ് അസ്തമിച്ചിരിക്കുന്നു. വർക്കല നാരായണ ഗുരുകുലത്തിന്റെ അധിപതിയായിരിക്കുമ്പോഴും ആർഭാടങ്ങളില്ലാത്ത, ലാളിത്യം നിറഞ്ഞ ഒരു ജീവിതം നയിച്ച മുനി നാരായണ പ്രസാദ്, ജ്ഞാനനിഷ്ഠയിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ടാണ് ശ്രദ്ധേയനായത്. 1938-ൽ തിരുവനന്തപുരത്തെ നഗരൂരിൽ ജനിച്ച അദ്ദേഹം, 1970-ൽ പി.ഡബ്ലു.ഡി.യിലെ എൻജിനീയർ ഉദ്യോഗം രാജിവെച്ചാണ് സന്യാസത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവെച്ചത്. വർക്കല ഗുരുകുലത്തിൽ നടരാജ ഗുരുവിന്റെ ശിഷ്യനായി ചേർന്നതോടെ അദ്ദേഹത്തിന്റെ ജീവിതം ആത്മീയ പര്യവേഷണത്തിനായി സമർപ്പിക്കപ്പെട്ടു.
തന്റെ മുൻഗാമിയായിരുന്ന ഗുരു നിത്യചൈതന്യയതിയിൽ നിന്ന് തികച്ചും ഭിന്നമായൊരു പ്രകൃതമായിരുന്നു മുനിയുടേത്. ആളുകളെ ആകർഷിക്കുന്ന പ്രഭാവലയത്തേക്കാൾ താൻ വിശ്വസിക്കുന്ന ദർശനങ്ങളുടെ സത്യസന്ധതയ്ക്കാണ് അദ്ദേഹം വിലകൽപ്പിച്ചത്. “ഞാൻ എന്നും ഏകാകിയായി ജീവിച്ചു, ഇന്നും ഏകാകിയാണ്” എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നടരാജഗുരുവിൽ നിന്ന് നിത്യചൈതന്യയതിയിലേക്കും അവിടെനിന്ന് മുനി നാരായണ പ്രസാദിലേക്കും ഗുരുകുലത്തിന്റെ അധ്യക്ഷസ്ഥാനം എത്തുമ്പോൾ, ഓരോരുത്തരും അവരവരുടെ തനിമയോടെ ജീവിക്കണമെന്ന ഗുരുദർശനമാണ് അവിടെ പുലർന്നത്. കഠിനമായ ജീവിത സാഹചര്യങ്ങൾ നൽകിയ ഗൗരവം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നെങ്കിലും ജിജ്ഞാസുക്കൾക്ക് മുന്നിൽ ആ ജ്ഞാനനിധി എപ്പോഴും തുറന്നുകിടന്നു.
അറിവിന്റെ ലോകത്ത് അദ്ദേഹം നടത്തിയ വിപ്ലവം സമാനതകളില്ലാത്തതാണ്. ഉപനിഷത്തുക്കൾക്കും ഭഗവദ്ഗീതയ്ക്കും ഉൾപ്പെടെ നിരവധി പ്രധാന ഗ്രന്ഥങ്ങളുടെ വിവർത്തനവും വ്യാഖ്യാനവും അദ്ദേഹം നിർവഹിച്ചു. ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകൾക്കും ഭഗവദ്‌ഗീതയ്‌ക്കും നാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹം വ്യാഖ്യാനങ്ങൾ രചിച്ചു. നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികൾ ആ തൂലികയിൽ നിന്ന് പിറന്നു.
അദ്ദേഹത്തിന്റെ സാഹിത്യ-ജ്ഞാന സപര്യയെ തേടി നിരവധി അംഗീകാരങ്ങളുമെത്തി. 2015-ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം ‘സൗന്ദര്യലഹരി’ എന്ന കൃതിയുടെ വിവർത്തനത്തിനു ലഭിച്ചു. 2018-ൽ ‘ആത്മായനം’ എന്ന ആത്മകഥയിലൂടെ അക്കാദമിയുടെ ആത്മകഥാ പുരസ്കാരത്തിനും അദ്ദേഹം അർഹനായി. 2024-ൽ രാജ്യം പദ്മശ്രീ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ പോലും വർക്കല ഗുരുകുലത്തിൽ മിന്നിത്തിളങ്ങുന്ന വൈദ്യുത വിളക്കുകളോ ഫ്ലെക്സുകളോ ഉണ്ടായിരുന്നില്ല. “ഗുരുകുലം പകർന്ന അറിവിന്റെ ശോഭ മാത്രം മതി” എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കെട്ടിടങ്ങൾ പണിയുന്നതിനേക്കാൾ അറിവ് പകരുക എന്ന ലക്ഷ്യത്തിന് അദ്ദേഹം മുൻതൂക്കം നൽകി. വിദ്യാലയങ്ങളോ ആശുപത്രികളോ അല്ല, മറിച്ച് മനുഷ്യാത്മാവിന് ഉൾക്കാഴ്ച നൽകുന്ന ജ്ഞാന കേന്ദ്രമായാണ് ഗുരുകുലം നിലകൊള്ളേണ്ടതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ശ്രീനാരായണ ഗുരുവിനെ ഒരു ജാതിയുടെ മാത്രം ചട്ടക്കൂടിൽ ഒതുക്കാൻ ശ്രമിക്കുന്നവർക്കെതിരെ അദ്ദേഹം ശക്തമായ നിലപാടെടുത്തു. ഗുരു മാനവരാശിക്കാകെയുള്ളതാണെന്നും ജാതിബോധം ഉറപ്പിക്കുന്നത് ഗുരുവിൽ നിന്ന് അകറ്റുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജീവിതം പോലെ തന്നെ മരണത്തെയും അദ്ദേഹം തികഞ്ഞ അവബോധത്തോടെയാണ് സമീപിച്ചത്. മലയാളത്തിന്റെ ആത്മീയ ചരിത്രത്തിൽ ആ ഏകാന്ത പഥികൻ എന്നും ജ്വലിച്ചുനിൽക്കും.



