ഇന്ന് അന്താരാഷ്ട്ര പുരുഷദിനം. സമൂഹത്തിനും കുടുംബത്തിനും പുരുഷന്മാര്‍ നല്‍കുന്ന സംഭാവനകള്‍ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള ദിനം. പുരുഷന്മാരുടെ മാനസികാരോഗ്യം, ലിംഗസമത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങള്‍ അഭിസംബോധനചെയ്യാനും പുരുഷന്മാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാനും കൂടെയാണ് ഈ ദിനം.
‘സെലിബ്രറ്റിങ് മെൻ ആൻഡ് ബോയ്സ് ‘ എന്നാണ് 2025ലെ അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ തീം. തൊണ്ണൂറുകളിലാണ് പുരുഷന്മാര്‍ക്കായി പ്രത്യേകദിനമെന്ന ആശയം ഉടലെടുത്തത്. ട്രിനിഡാഡിലെ ഗവേഷകനായിരുന്ന ഡോ. ജെറോം ടീലക് സിങ് ആയിരുന്നു ഇത്തരമൊരു ആശയത്തിന് പിന്നില്‍. ഡോ ജെറോം ടീലക്‌സിങ് അദ്ദേഹത്തിന്റെ പിതാവിനെ ആദരിക്കാനും പുരുഷന്മാരുടെ പ്രാധാന്യം എടുത്ത് കാണിക്കാനും വേണ്ടിയാണു ഈ ദിവസം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്.
ജെറോം ടീലക്‌സിങ് പിതാവിന്റെ ജന്മദിനം നവംബർ 19 നു ആയതുകൊണ്ടും ട്രിനിഡാഡ് ആൻഡ് ടൊബാഗോ പുരുഷ ഫുട്‌ബോൾ ടീമിന്റെ ടീം വർക്കിനെ ആഘോഷിക്കുന്നത് ഇതേ ദിവസമായതുകൊണ്ടുമാണ് നവംബർ 19 പുരുഷ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. പിന്നീട് ഈ ആശയം പല രാജ്യങ്ങളിലോട്ടും വ്യാപിച്ചു. ഇന്ന് 80 അധികം രാജ്യങ്ങളാണ് പുരുഷന്മാരുടെ ആരോഗ്യം, മാനസിക ക്ഷേമം, ലിംഗസമത്വം എന്നിവ ലക്ഷ്യം വെച്ച് ഈ ദിവസം ആഘോഷിക്കുന്നത്.
ആദ്യമായി പുരുഷ ദിനം ആഘോഷിച്ചത് 1999ൽ ആണെങ്കിലും ഇന്ത്യയിൽ പുരുഷദിനം ആഘോഷിക്കാൻ തുടങ്ങിയത് 2007 മുതലാണ്. സേവ് ഇന്ത്യൻ ഫാമിലി എന്ന സംഘടനയാണ് പുരുഷ ദിനം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.



