മനോഹരമായ പർവ്വതങ്ങൾക്കും തടാകങ്ങൾക്കും പേരുകേട്ട പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് കിർഗിസ്ഥാൻ. മലനിരകളും പാടങ്ങളും കൊണ്ട് അനുഗ്രഹീതമായ പ്രദേശം. ഇവിടെയുള്ള ഗ്രാമങ്ങളിൽ പുതിയ പരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് നൂർസുൽത്താൻ തബാൽഡിയേവ് എന്ന യുവ സംരംഭകൻ. കണ്ടാൽ സാധാരണ നിർമ്മിതിയിലുള്ളതാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഇവിടുത്തെ പുതിയ ചില വീടുകൾ നെല്ല് വൃത്തിയാക്കി കിട്ടുന്ന മാലിന്യത്തിൽ നിന്നും ഉണ്ടാക്കുന്ന കട്ടകൾ ഉപയോഗിച്ച് ഉള്ളതാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
സാധാരണ അരി മാലിന്യം വയലുകളിലേക്ക് വലിച്ചെറിഞ്ഞ് കത്തിക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. ഇത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ഇതിനൊരു വലിയ പരിഹാരം കൂടിയാണ് നൂർസുൽത്താൻ തബാൽഡിയേവിന്റെ നൂതന സാങ്കേതികവിദ്യ മുന്നോട്ടു വെക്കുന്നത്.
ചിലവേറിയതും വെള്ളം കൂടുതൽ ഉപയോഗിക്കുന്നതുമായ സിമന്റ് കട്ടകൾക്ക് പകരം ബാറ്റ്‌കെൻ മേഖലയിലെ സമൃദ്ധമായ നെൽക്കതിരുകളിൽ നിന്നുള്ള മാലിന്യങ്ങൾ ഉപയോഗിച്ചാണ് വീടുകൾക്കുള്ള കട്ടകൾ നിർമ്മിച്ചെടുക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ 300 വീടുകൾ ഇത്തരത്തിൽ നിർമ്മിച്ചു കഴിഞ്ഞുവെന്ന് അൽജസീറാ ചാനലുമായി സംസാരിക്കവെ നൂർ വ്യക്തമാക്കി.
അരിമാലിന്യം, കളിമണ്ണ് തുടങ്ങിയ തികച്ചും പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾകൊണ്ടാണ് വീടുനിർമിക്കാനുള്ള കട്ടകൾ ഉണ്ടാക്കിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന് ചിലവും കുറവാണ്. ചുവരുകൾ ചൂടും തണുപ്പും നന്നായി നിലനിർത്തുകയും ചെയ്യുന്നു. ചെലവ് കുറഞ്ഞതും നിർമ്മിക്കാൻ എളുപ്പവും ആയതിനാലാണ് ഞാൻ വീട് നിർമ്മിക്കാൻ ഇത്തരം കട്ടകൾ ഉപയോഗിച്ചത് എന്ന് ഈ രീതിയിൽ വീടുണ്ടാക്കിയ അക്മാത്ബൈക്ക് ഉറയ്മോവ് പറഞ്ഞു.
ലളിതമായ ടൂൾ ഉപയോഗിച്ച് പ്രാദേശികമായി നിർമ്മിക്കുന്ന ഇത്തരം കട്ടകൾ പ്രകൃതിക്ക് ഇണങ്ങുന്നതുമായതിനാൽ പരിസ്ഥിതി സംരക്ഷണം കൂടി സാധ്യമാവുന്നു.