.ഊണിന് വട്ടം കൂടിയിരുന്ന ഒരു ഉച്ച നേരത്താണ് അപ്രതീക്ഷിതമായി മദീനത്ത് നിന്ന് ഉപ്പയുടെ ഫോൺ കാൾ വന്നത്. ഹജിനുള്ള ഓൺലൈൻ ബുക്കിംഗ് മരുമകനെ കൊണ്ട് ചെക്ക് ചെയ്യിപ്പിക്കാനായിരുന്നു ആ ഫോൺ കാൾ. കഴിക്കാനായി ഉരുള ഒരുട്ടുന്ന നേരത്ത് അതിന്റെ രുചിയിൽ കൂടാൻ ഉപ്പായെ അരികിൽ കിട്ടാത്ത സങ്കടം ഉള്ളിൽ പെയ്തിറങ്ങിയ അതേ നിമിഷമാണ് ആ സ്വരം തേടിയെത്തിയതെന്ന അതിശയത്തോടെയും കൊതിയോടെയും ഉപ്പായെ കേട്ടിരുന്നു.
ഉള്ളിൽ നിന്നലച്ചു വന്ന ആഗ്രഹത്തിന് പിന്നെ കടിഞ്ഞാണിട്ടില്ല. ഞാനും കൂടെ ഉപ്പയുമൊരുമിച്ചു ഹജിന് പൊയ്ക്കോട്ടേ എന്ന ചോദ്യത്തിന് “ഉമ്മി പൊയ്ക്കോളൂ ,സിമയേം വാപ്പിയേം ഞങ്ങൾ നോക്കിക്കോളാം “എന്നായിരുന്നു മക്കളുടെ ഉത്തരം. പതിനാലാം വയസ്സിൽ ഉപ്പയുമൊത്തുള്ള ഹജ്ജിന് ശേഷം അങ്ങനൊരു അവസരമൊരു സ്വപ്നമായിരുന്നു. അതിനാൽ തന്നെ ഉപ്പയും ഞാനും മാത്രമായുള്ളൊരു ഹജ് എന്നത് കാത്ത് കാത്ത് കിട്ടിയൊരു സുവർണ്ണാവസരമായിരുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
ഉപ്പയുടെ അടുത്ത് മദീനത്ത് എത്തിയ ദിവസം മറക്കാൻ കഴിയാത്തത്ര സുന്ദരമാണ്. അത്രമേൽ ഉത്സാഹഭരിതനും,സന്തോഷവാനുമായി ഉപ്പയെ അടുത്തെങ്ങും അങ്ങനെ കണ്ടിരുന്നില്ല. സാധാരണ ഉപ്പയുടെ കാര്യങ്ങൾ അറിഞ്ഞു ചെയ്തു കൊടുക്കുകയാണ് പതിവ്. എന്നാൽ അന്ന് പതിവിന് വിപരീതമായി പലകാര്യങ്ങളും ഉപ്പ സന്തോഷത്തോടെ പറഞ്ഞു ഏൽപ്പിച്ചു ചെയ്യിപ്പിച്ചു.
ആനന്ദം കൊണ്ട് ഉള്ള് തുടിക്കുമ്പോഴാണ് അടുത്ത ആവശ്യം വന്നത്. “നീയെന്റെ പുറമൊക്കെ നന്നായി തേച്ചൊന്നു കുളിപ്പിച്ചേ എന്ന്”.
ഒരു കുഞ്ഞിനെ എന്ന പോലെ ഉപ്പയുടെ പുറവും കാലുകളുമൊക്കെ തേച്ചു കുളിപ്പിച്ച് നഖമൊക്കെ വെട്ടി കൊടുത്തു. തുടർന്നുള്ള യാത്രകൾ ഹജിന്റെ ഓരോ കർമ്മങ്ങളും ഉപ്പയുടെ അറിവിനും നിഷ്ഠക്കും അനുസരിച്ചുള്ളതായിരുന്നു. മറ്റുള്ളവരുടെ കീഴില്‍ നിൽക്കാനോ ആ നിഷ്ഠകൾക്കൊത്ത് ആരാധനാ കർമ്മങ്ങളിൽ ഏർപ്പെടാനോ തീരെ താത്പര്യമില്ലാത്ത ഉപ്പയുടെ കൂടെ ‘നടന്ന് ‘ തന്നെയുള്ള പോക്കും വരവും.
കര്‍മ്മങ്ങൾക്കൊക്കെയായി കുറേ നടന്നപ്പോഴാണ് ഉപ്പാന്റെ കാലിലെ വിരലുകൾക്ക് വേദനയായിട്ടു ചെരുപ്പുകൾ പരസ്പരം മാറി ഇട്ട് നടന്ന് തുടങ്ങിയത്. ആ നടത്തം ബാഹ്യാർത്ഥത്തിലും ആന്തരീക അർത്ഥത്തിലും ഒരുപാട് ഉണർച്ചക്ക് കാരണവുമായി. രാത്രി ഏറെ വൈകുവോളം ജംറയിലുള്ള പ്രാർത്ഥന കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോഴാകും എത്രയോ മനുഷ്യർ ഉപ്പാന്റെ പ്രാർത്ഥനയിൽ കൂട്ടായി കൂടിയ കാര്യമറിയുക.
പ്രാർത്ഥനയെന്നാൽ ബഹുവചനത്തിലുള്ള പ്രവർത്തനമൂല്യങ്ങൾ ആണെന്ന് അറിഞ്ഞത് ഉപ്പയിൽ നിന്നാണ്. അങ്ങനെങ്കിൽ അറിഞ്ഞതിൽ വെച്ച് ഏറ്റവും സുധാമയമായ പ്രാർത്ഥന ഉപ്പ തന്നെയാണ്.
ഉപ്പയുടെ മരണം ഞങ്ങളുടെ ഒരുമിച്ചുള്ള ഹജ് കഴിഞ്ഞുള്ള രണ്ടാം കൊല്ലമായിരുന്നു.
എല്ലാ അർത്ഥത്തിലും വിടവാങ്ങലിന്റെ ഹജ്.
ഒരു ബുധനാഴ്ച്ച രാത്രി രണ്ട് മണിക്കാണ് ഉപ്പയുടെ സുഹൃത്തും മദീന നിവാസിയുമായ സുലൈമാൻ മാമയുടെ ഫോൺ കാൾ വരുന്നത്. ഏറെ പരിഭ്രാന്തനായി കാൾ അറ്റന്റ് ചെയ്യുന്ന നല്ല പാതിയുടെ മുഖം വല്ലാത്തൊരു ആന്തലോടെയാണ് കണ്ടത്. കാര്യമെന്തെന്നു എത്ര ചോദിച്ചിട്ടും പറയാൻ കൂട്ടാക്കാത്ത കണ്ടപ്പോൾ വേഗം അംഗശുദ്ധി വരുത്തി പ്രാർത്ഥനയിൽ മുഴുകി.
ശേഷം ഖുർആൻ തുറന്നപ്പോൾ ആദ്യം കണ്ട സൂക്തം മരണത്തെ കുറിച്ചുള്ളത് തന്നെയായിരുന്നു.
അതോടെ പ്രാണനിലേക്ക് അരിച്ചു കയറുന്ന തണുപ്പിനിടയിലും ആ സത്യത്തെ ഉൾകൊള്ളാൻ മനസ് തയാറാകുന്നേ ഇല്ലായിരുന്നു. അനാഥത്വത്തിന്റെ കൊടും തണുപ്പിനെ പടർത്തിയ ആ ജനുവരി ദുഃഖാർത്തമായ മാസമായി മാറി. പുണ്യ പ്രവാചകന്റെ ചാരത്തുള്ള ജന്നത്തുൽ ബഖിയിൽ അവസാന നിദ്ര കൊള്ളണമെന്ന ആഗ്രഹം സഫലമാക്കിയാണ് ഉപ്പ മരണ ശേഷവും അതിശയിപ്പിച്ചത്.
.