കഴിഞ്ഞ ദിവസം ജിദ്ദയിൽ ജിദ്ദ ഫെസ്റ്റിന്റെ ഭാഗമായി നടന്ന കലാവിരുന്നിൽ പങ്കെടുത്തിരുന്നു. സാധാരണ തുറന്ന വേദികളിലെ പരിപാടികളിൽ പങ്കെടുക്കാറില്ല. അലർജി രോഗങ്ങളും ആസ്തമ പ്രശ്നങ്ങളും കാരണമാണ് ഇവിടങ്ങളിലേക്ക് പോകാതിരിക്കാൻ കാരണം. എന്നാൽ മുന്നത്തെ ആഴ്ച ജിദ്ദയിൽ നടന്ന അലോഷിയുടെ ഗസൽമേളയിൽ പങ്കെടുത്തതോടെ ജിദ്ദ ഫെസ്റ്റിലും പങ്കെടുക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. സത്യത്തിൽ ജിദ്ദ ഫെസ്റ്റിൽ പങ്കെടുക്കാൻ നിർബന്ധം എനിക്കോ ഭർത്താവ് നൂറുദ്ദീനോ ആയിരുന്നില്ല. പകരം ഞങ്ങളുടെ ഏഴു വയസുള്ള മകൾ ഹിബക്കായിരുന്നു. ഡബ്സി ജിദ്ദയിൽ വരുന്നുണ്ടെന്ന് അവൾ ഇൻസ്റ്റഗ്രാമിലെ റീലിൽ കണ്ടിരുന്നു. അന്നു മുതൽ തുടങ്ങിയ വാശിയായിരുന്നു ഡബ്സിയുടെ പരിപാടി കേൾക്കാൻ പോകണം എന്നത്. അവളുടെ കൂട്ടുകാരികളിൽ ഭൂരിഭാഗവും നാട്ടിൽ അവധി ആഘോഷിക്കാൻ പോയതിനാൽ അവൾക്കൊരു ആവേശമായിക്കോട്ടെ എന്നു കൂടി കരുതിയാണ് ഈ പരിപാടിക്ക് പോയത്.
ഡബ്സിയുടെ റാപ്പിന് മുമ്പേയുള്ള പരിപാടികളെല്ലാം ഞാനും ഭർത്താവും ആസ്വദിച്ചിരുന്നു. സാധാരണ പത്തുമണിക്ക് ഗുഡ്നൈറ്റ് പറഞ്ഞുറങ്ങാറുള്ള ഹിബ ഡബ്സി വരുന്നത് വരെ കാത്തിരുന്നു. സദസ്സിന്റെ അഞ്ചാമത്തെ വരിയിൽ ഇരുന്നിരുന്ന ഞങ്ങളുടെ മടിയിൽനിന്ന് അധികം വൈകാതെ ഇറങ്ങി ഹിബ ഡബ്സിയുടെ സ്റ്റേജിന് താഴെയെത്തി. അവിടെ അപ്പോഴേക്കും മറ്റു കുട്ടികളും ഉണ്ടായിരുന്നു. ഡബ്സി നീട്ടിയ മൈക്കിൽ ഹിബയും സംഘവും ഇലൂമിനാറ്റി ഏറ്റുചൊല്ലി. പരിപാടി കഴിയുന്നത് വരെ മിക്കവാറും സമയം ഹിബ വേദിക്ക് താഴെയുണ്ടായിരുന്നു.
ഡബ്സിയുടെ പാട്ടുകൾ ഞാനും ഹസും നേരത്തെ കേട്ടിട്ടുണ്ട്. വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും വീട്ടിലിരിക്കുമ്പോഴുമെല്ലാം ഡബ്സിയുടെ പാട്ടുകളെല്ലാം കേട്ടതാണ്. അന്നൊന്നും തോന്നാത്ത ഒരു അസ്വസ്ഥത ജിദ്ദ ഫെസ്റ്റിൽ ഡബ്സിയെ നേരിട്ട് കേട്ടപ്പോൾ തോന്നിയെന്നത് വാസ്തവമാണ്. പക്ഷെ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുമ്പോഴും ഹിബ ഇല്യൂമിനാറ്റി പാടിക്കൊണ്ടിരിക്കുകയായിരുന്നു.
എന്റെ ചെറുപ്പത്തിലാണ് ലജ്ജാവതിയേ എന്ന പാട്ടു ക്യാംപസുകളെ അടക്കം ഇളക്കിമറിച്ചത്. ഞാൻ പഠിച്ച തൃശൂരിലെ കോളേജിൽ അക്കാലത്ത് ജാസി ഗിഫ്റ്റ് വന്നിരുന്നു. ഞങ്ങൾ പെൺകുട്ടികളടക്കം വലിയ ആവേശത്തോടെയാണ് അന്ന് ജാസിയെ സ്വീകരിച്ചത്. കോളേജിലെ മുതിർന്ന അധ്യാപകരിൽ ചിലർ അന്ന് ഞങ്ങളെ അധിക്ഷേപിക്കുകയും തലമുറയുടെ പോക്കിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു. ജാസിയുടെ പ്രോഗ്രാം അവസാനിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അധ്യാപകരിൽ ചിലരുടെ വിമ്മിട്ടം മാറിയിരുന്നില്ല. തലമുറകളുടെ മാറ്റം മനസിലാക്കാൻ കഴിയാത്തവരെന്ന് മലയാളത്തിലും ജനറേഷൻ ഗ്യാപ്പ് വന്നവരെന്ന് ഇംഗ്ലീഷിലും ഞങ്ങളവരെ കളിയാക്കി. സത്യത്തിൽ അവർക്ക് ഞങ്ങളെയോ ഞങ്ങൾക്ക് അവരെയോ മനസിലായിട്ടുണ്ടായിരുന്നില്ല.
ഇപ്പോൾ മകൾ ഹിബയെയും അവളുടെ പ്രായത്തിലുള്ളവരെയും ഞങ്ങൾക്കും മനസിലാകുന്നില്ല. തന്തവൈബ് എന്ന് ആരൊക്കെയോ കളിയാക്കി വിളിക്കുന്നുണ്ട്. ജനറേഷൻ ഗ്യാപ്പിന് പുതുതലമുറയിട്ട് പേരായിരിക്കാം തന്തവൈബ്. യഥാർത്ഥത്തിൽ ജനറേഷൻ ഗ്യാപ്പ് എന്നത് വളർച്ചയില്ലാത്ത ഒരു വസ്തുവാണ്. ആ പ്രായത്തിലൂടെ കടന്നുപോകുന്നവർക്കായി തുറന്നുവെച്ച ഗ്യാപ്പാണത്. മനുഷ്യർക്ക് വൃദ്ധിക്ഷയങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും ജനറേഷൻ ഗ്യാപ്പ് അങ്ങിനെ നിലനിൽക്കുന്നു. ഇന്ന് എന്നെയും നൂറുദ്ദീനെയും മനസിലാക്കാത്ത ഹിബക്കും കൂട്ടുകാരികൾക്കും ഞങ്ങളുടെ പ്രായമെത്തുമ്പോൾ അവരുടെ അഞ്ചും പത്തും വയസുള്ള മക്കളെ മനസിലാകാതെ പോകും.
അവരെ നേരെയാക്കാൻ ഇന്ന് നമ്മളെടുക്കുന്ന വടി നാളെ അവരെടുക്കും. ഇന്ന് നമ്മളെ നോക്കി അവർ മൂക്കത്തുവെക്കുന്ന വിരൽ നാളെ അവരുടെ മക്കൾ അവരെ നോക്കി മൂക്കത്തുവെക്കും. അന്നു പക്ഷെ തന്തവൈബ് എന്ന പേരുണ്ടാകുമോ എന്നറിയില്ല. പ്രതീക്ഷിക്കാത്ത എത്ര പേരുകളാണ് നമ്മുടെ കാലത്തേക്ക് വന്നത്. അതുപോലെ അവരെയും കാത്ത് അന്നൊരു പുതിയ പേരുണ്ടായിരിക്കും..