യുഎഇ ഗോൾഡൻ വിസയെ കുറിച്ചുള്ള അബദ്ധ ധാരണകളും കള്ളങ്ങളും വിദേശ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തകർത്ത് മുന്നേറികൊണ്ടിരിക്കുകയാണ്. ഇത്തരം തെറ്റായ വാർത്തകളിൽ പ്രധാനിയാണ് ക്രിപ്റ്റോ കറൻസിയിലെ നിക്ഷേപത്തിലൂടെ ശാശ്വതമായ റെസിഡന്റ് വിസയോ എല്ലെങ്കിൽ ദീർഘകാലമായ വിസ ഉറപ്പ് വരുത്താനോ സാധിക്കുമെന്നത്. ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് അറബ് വാർത്താ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഗോൾഡൻ വിസയെപറ്റിയുള്ള മൂന്ന് പ്രധാന സംശയങ്ങൾ
സംശയം 1– സ്വത്തോ ബിസിനസ് നിക്ഷേപമോ ആവശ്യമില്ലാതെ ചില രാജ്യക്കാർക്ക് ആജീവനാന്ത യുഎഇ റെസിഡൻസി 100,000 ദിർഹം (23.3 ലക്ഷം രൂപ) എന്ന ഒറ്റത്തവണ ഫീസ് ഈടാക്കി അനുവദിക്കുമോ? നഴ്‌സുമാർ, അധ്യാപകർ, ഗവേഷകർ, ഡിജിറ്റൽ ക്രിയേറ്റർമാർ, സമുദ്ര വിദഗ്ധർ തുടങ്ങിയ പ്രൊഫഷണലുകൾക്കും ഇത് ബാധകമാണോ?
മറുപടി– ഇല്ല. “യുഎഇ നിരവധി രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ നൽകുന്നതിനെക്കുറിച്ച് ചില പ്രാദേശിക, വിദേശ മാധ്യമങ്ങളും വെബ്‌സൈറ്റുകളും പ്രചരിപ്പിച്ചിരുന്നു” ഐസിപി ഇത് നിഷേധിച്ചിട്ടുണ്ട്.
സംശയം 2– ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുന്ന വ്യക്തികൾക്ക് അവരുടെ ഡിജിറ്റൽ അസറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ യുഎഇ ഗോൾഡൻ വിസയ്ക്ക് യോഗ്യത നേടാൻ സാധിക്കുമോ? അടുത്തിടെ, ടെലിഗ്രാം അധിഷ്ഠിത ക്രിപ്‌റ്റോ ഇക്കോസിസ്റ്റം കൈകാര്യം ചെയ്യുന്ന ടൺ ഫൗണ്ടേഷന്റെ സിഇഒ മാക്‌സ് ക്രൗൺ എക്‌സിൽ പറഞ്ഞത്, ടോൺകോയിൻ ഉടമകൾക്ക് ഇപ്പോൾ ടൺ നിക്ഷേപിച്ചുകൊണ്ട് യുഎഇയുടെ ഏറെ ആവശ്യപ്പെടുന്ന ഗോൾഡൻ വിസ സ്വന്തമാക്കാമെന്നാണ്. ഇത് ശരിയാണോ?
മറുപടി– തീർച്ചയായും അല്ല. യുഎഇ ഇമിഗ്രേഷൻ ഏജൻസി, എസ്‌സിഎ (സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി), വിഎആർഎ (വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി) എന്നിവയ്‌ക്കൊപ്പം ഈ അവകാശവാദം ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറൻസിയായ ടോൺകോയിനിലെ നിക്ഷേപകർക്ക് രാജ്യത്തിന്റെ ഗോൾഡൻ വിസ അനുവദിച്ചുവെന്ന അവകാശവാദം യുഎഇ അധികൃതരും നിഷേധിച്ചിരുന്നു.
സംശയം 3– വൈദഗ്ദ്യം ആവശ്യമുള്ള തൊഴിൽ വിഭാഗത്തിന് കീഴിലുള്ള യുഎഇ ഗോൾഡൻ വിസയ്ക്കുള്ള ശമ്പള ആവശ്യകത, അടിസ്ഥാന ശമ്പളം മാത്രമാക്കി മാറ്റിയോ?
കഴിഞ്ഞ വർഷം, സോഷ്യൽ മീഡിയയിലെ ചർച്ചകളും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും യുഎഇയുടെ ദീർഘകാല വിസ ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾക്കിടയിൽ വ്യാപകമായ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. 30,000 ദിർഹമെന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പള പരിധി നിർത്തലാക്കാനും പകരം 30,000 ദിർഹമെന്ന അടിസ്ഥാന ശമ്പളം സ്‌കിൽഡ് പ്രൊഫഷണൽ വിഭാഗത്തിന് കീഴിൽ നൽകണമെന്ന് അധികൃതർ പദ്ധതിയിടുന്നതായി അഭ്യൂഹങ്ങൾ പരന്നു. ഇത് ശരിയാണോ?
മറുപടി– ഇല്ല. തൊഴിൽ വൈദഗ്ദ്യം ആവശ്യമായ തൊഴിലാളികളുടെ ശമ്പള മാനദണ്ഡങ്ങളിൽ മാറ്റങ്ങളൊന്നുമില്ല. ഒരു പ്രവാസി ഒരു മെയിൻ ലാൻഡ് കമ്പനിയിൽ ജോലി ചെയ്യുകയാണെങ്കിൽ, അവരുടെ കരാറിൽ ആകെ 30,000 ദിർഹമോ അതിൽ കൂടുതലോ ശമ്പളം കാണിക്കണം. ഒരു ഫ്രീ സോൺ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക്, ബന്ധപ്പെട്ട ഫ്രീ സോൺ അതോറിറ്റി നൽകുന്ന ശമ്പള സർട്ടിഫിക്കറ്റ് ആവശ്യമാണ്, ഇത് 30,000 ദിർഹമോ അതിൽ കൂടുതലോ ശമ്പളം സ്ഥിരീകരിക്കണം.