കോഴിക്കോട്: നാഥനായി സര്‍വ്വവും ത്യജിച്ച് സ്ഫുടം ചെയ്‌തെടുത്ത മനസ്സും ശരീരവുമായി ആത്മനിര്‍വൃതിയുടെ പെരുന്നാള്‍ ആഘോഷം വരുംകാല ജീവിതത്തിലേക്കുള്ള കരുതലും ഊര്‍ജ്ജവുമാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നണയുന്ന പെരുന്നാള്‍ സുദിനം പ്രാര്‍ത്ഥാ നിര്‍ഭരമായി ആചരിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
ആയിരം മാസങ്ങളെക്കാള്‍ പുണ്ണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്റും ഒരായിരം ആത്മഹര്‍ഷങ്ങളും വര്‍ഷിക്കപ്പെട്ട മാസത്തിനുള്ള അര്‍ഹിക്കുന്ന യാത്രയപ്പും വരും വര്‍ഷത്തേക്കുള്ള കാത്തിരിപ്പിന്റെ വിളംബരവും കൂടിയാണിത്. സര്‍വ്വശക്തന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഉയര്‍ത്തപ്പെടലും കാംക്ഷിച്ച്, പ്രാര്‍ത്ഥിച്ച് ഒരു മാസം കാത്തിരുന്ന് വന്നെത്തിയ സുദിനമാണിത്; വ്രത സമാപ്തിയുടെ വിജയാഘോഷം.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിര്‍വരമ്പിനെ വിശപ്പിനെയും ദാഹത്തെയും സമീകരിച്ചും സകാത്ത്, ദാനധര്‍മ്മങ്ങളിലൂടെ ലഘൂകരിച്ചും നടത്തുന്ന സാമൂഹിക വിപ്ലവമാണ് റമസാനിന്റെയും ഈദിന്റെയും അകംപൊരുള്‍. പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുതെന്നും എത്ര ഉള്ളവനായാലും ഇല്ലാത്തവനായാലും പെരുന്നാള്‍ ദിനം വ്രതം പോലും അനുവദനീയമല്ലെന്നും തീര്‍ച്ചപ്പെടുത്തുന്നു. നാട്ടിലെ മുഖ്യ ആഹാര ദാന്യം സഖാത്ത് നല്‍കുകയെന്നതാണ് ഇന്നത്തെ ദിനത്തിന്റെ ഏറ്റവും സ്രേഷ്ടമായ കടമ. പുത്തനുടുപ്പിട്ട് അത്തറു പൂശി തഖ്ബീര്‍ ധ്വനികളോടെ സ്രഷ്ടാവില്‍ സര്‍വ്വവും സമര്‍പ്പിച്ച് കളങ്ക രഹിത സമൂഹത്തിനും ലോക സമാധാനത്തിനും പ്രതിജ്ഞ പുതുക്കുന്ന ദിനമാണിത്.
മാനവ സ്‌നേഹത്തിന്റെ ഉദാത്തമായ പ്രകടനമാണ് നമ്മില്‍ നിന്നുണ്ടാവേണ്ടത്. പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകിച്ചും. കുടുംബബന്ധം ചേര്‍ക്കാനും, അയല്‍ക്കാരനെ ആദരിക്കാനും അനുയോജ്യമായ സന്ദര്‍ഭമാണ് പെരുന്നാള്‍. ബന്ധങ്ങള്‍ക്കിടയില്‍ അറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനും, വിദ്വേഷവും വൈരാഗ്യവും മാറ്റിവച്ച് ഹൃദയശുദ്ധി വരുത്താനും പെരുന്നാളിനേക്കാള്‍ നല്ലൊരു ദിനം വേറെയില്ല. വിട്ടുവീഴ്ചയും കാരുണ്യവുമില്ലാത്ത പെരുന്നാളിന് എന്തു മധുരമാണുള്ളത്. എല്ലാവരും ഒരു ശരീരമെന്ന ബോധത്തില്‍ നിന്നല്ലാതെ ഒരുമയുണ്ടാവുകയില്ല.
മനസ്സ് നിറയെ ആനന്ദവും ആഘോഷവുമായി കഴിഞ്ഞു കൂടേണ്ട പെരുന്നാള്‍ സുദിനത്തില്‍ കുടിവെള്ളത്തിന് പ്രയാസപ്പെടുന്നവരെയും ഫലസ്തീനിന്റെ മണ്ണില്‍ നരകയാതന അനുഭവിക്കുന്നവരെയും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഫലസ്തീനിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് റമസാനിന്റെ പുണ്യദിനങ്ങളില്‍പോലും നരഹത്യക്കിരയാവുന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളായ മനുഷ്യര്‍ക്കായി പ്രാര്‍ത്ഥിക്കുകയും പീഡിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യണം.
സയണിസ്റ്റ് ഭീകതരയെ കടിഞ്ഞാണിടാന്‍ ഐക്യരാഷ്ട്ര സഭയും ലോക രാഷ്ട്രങ്ങളും മനുഷ്യസ്‌നേഹികളും അടിയന്തരമായി ഇടപെടണം; വംശഹത്യ അവസാനിപ്പിച്ചേ മതിയാവൂ.
കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം. ഫലസ്തീനിലും യുക്രെയ്‌നിലുമുള്‍പ്പെടെ മനുഷ്യാവകാശം നിഷേധിക്കപ്പെട്ട ജനകോടികളുടെ ചോരയും കണ്ണീരും തേങ്ങലും ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നു. സയണിസത്തിന്റെ വംശഹത്യാ മുനമ്പായി ഗസ്സയില്‍ നിന്നുള്ള ദുതിക്കാഴ്ചകള്‍ക്ക് അറുതി ഉണ്ടായേ മതിയാവൂ. ആഘോഷ ദിനത്തിലും പ്രാര്‍ത്ഥനാ പൂര്‍വ്വം അവരോട് ഐക്യപ്പെടാനുളള ബാധ്യത നമുക്കുണ്ട്.
കടുത്ത വേനലിന്റെ ചൂടും പ്രയാസങ്ങളും സഹിച്ചാണ് ഇത്തവണ റമസാന്‍ വ്രതം പൂര്‍ത്തിയാക്കിയത്. വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മനിര്‍വൃതിയുടെതെന്ന പോലെ വിദ്വേഷ രഹിതവും സഹവര്‍തിത്വ സമഭാവനയുടെയും ആഘോഷമാണ്. ജാതി മത വര്‍ഗ ഭാഷാ ഭേദങ്ങള്‍ക്കപ്പുറം മാനവരാശിയുടെ സമത്വത്തിന്റെ പ്രഖ്യാപനം കേവലം ആചാരത്തിനപ്പുറമുള്ള പ്രാര്‍ത്ഥനാ നിര്‍ഭരമായ പ്രതിജ്ഞ പുതുക്കല്‍. വേനല്‍ ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സമൃദ്ധമായ മഴ ലഭിക്കാന്‍ പെരുന്നാള്‍ ദിനത്തില്‍ പ്രാര്‍ത്ഥന നടത്താനും തങ്ങള്‍ ആഹ്വാനം ചെയ്തു. എല്ലാവര്‍ക്കും ഹൃദ്യമായ ഈദുല്‍ഫിത്വര്‍ ആശംസകള്‍; അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്…