വാഷിംഗ്ടണ്‍– ശരിയായ കാര്യം ചെയ്തില്ലെങ്കില്‍ ഹമാസിന്റെ അന്ത്യം വേഗത്തിലാകുമെന്നും ഇസ്രായിലുമായുണ്ടാക്കിയ കരാര്‍ മാനിച്ചില്ലെങ്കില്‍ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. അമേരിക്കയുടെ നിരവധി സഖ്യരാജ്യങ്ങള്‍ ഗാസയിലേക്ക് പോയി ഹമാസിനെ വലിയ ശക്തിയോടെ ഉന്മൂലനം ചെയ്യാനുള്ള അവസരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അതിന്റെ ആവശ്യമില്ല, ട്രംപ് പറഞ്ഞു.
ഹമാസ് മോശമായി പെരുമാറുകയും ഞങ്ങളുമായുള്ള കരാര്‍ ലംഘിക്കുകയും ചെയ്താല്‍ എന്റെ അഭ്യര്‍ഥന പ്രകാരം വലിയ ശക്തിയോടെ ഗാസയിലേക്ക് പോകുകയും അവരെ ശിക്ഷിക്കുകയും ചെയ്യുമെന്ന് മിഡില്‍ ഈസ്റ്റിലെയും പരിസര പ്രദേശങ്ങളിലെയും ഞങ്ങളുടെ വലിയ സഖ്യകക്ഷികളില്‍ പലരും വളരെ ആവേശത്തോടെ എന്നെ പരസ്യമായും ശക്തമായും അറിയിച്ചിട്ടുണ്ട് – ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് എഴുതി. ഇപ്പോള്‍ തന്നെ വേണ്ടെന്ന് ഈ രാജ്യങ്ങളോടും ഇസ്രായിലിനോടും താന്‍ പറഞ്ഞു. ഹമാസ് ശരിയായ കാര്യം ചെയ്യുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്. അങ്ങിനെ ചെയ്തില്ലെങ്കില്‍, ഹമാസിന്റെ അന്ത്യം വേഗത്തിലും കഠിനവുമാകും. സഹായത്തിനായി എത്തിയ എല്ലാ രാജ്യങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു – ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ സ്ഥിരപ്പെടുത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ലംഘനങ്ങളും ബന്ദികളുടെ അവശിഷ്ടങ്ങള്‍ തിരികെ നല്‍കുന്നതിലെ കാലതാമസവും കരാറിനെ ബാധിച്ചിരിക്കുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെയ് ഡി. വാന്‍സ് ഇന്ന് ഇസ്രായിലില്‍ എത്തി. ഇന്നലെ യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നര്‍ എന്നിവരുമായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഒക്ടോബര്‍ 13 നകം 28 ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് തിരികെ നല്‍കേണ്ടതായിരുന്നു. എന്നാല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും മൃതദേഹങ്ങള്‍ കണ്ടെത്താനും വലിയ ഉപകരണങ്ങള്‍ ആവശ്യമാണെന്ന് ഹമാസ് വ്യക്തമാക്കുന്നു. തിങ്കളാഴ്ച ഹമാസ് ഒരു ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ റെഡ് ക്രോസ് വഴി ഇസ്രായിലിന് കൈമാറി. ഇതോടെ ഹമാസ് കൈമാറിയ ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങളുടെ എണ്ണം 13 ആയി.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ ഹമാസ് പ്രതിജ്ഞാബദ്ധമാണെന്നും ശേഷിക്കുന്ന ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ഹമാസിന്റെ മുഖ്യ ചര്‍ച്ചക്കാരനായ ഖലീല്‍ അല്‍ഹയ്യ വ്യക്തമാക്കി. കരാര്‍ അതിന്റെ അവസാനം വരെ നടപ്പാക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. കരാറില്‍ പറഞ്ഞിരിക്കുന്നതുപോലെ എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത് തിരികെ നല്‍കാന്‍ ഞങ്ങള്‍ ഗൗരവത്തോടെ പ്രവര്‍ത്തിക്കുന്നു. ഗാസ മുനമ്പിലെ വ്യാപകമായ നാശനഷ്ടങ്ങള്‍ കാരണം ഭൂപ്രകൃതിയുടെ സ്വഭാവം മാറിയതിനാല്‍ അവ പുറത്തെടുക്കാന്‍ വളരെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതിന് സമയമെടുക്കും. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വലിയ ഉപകരണങ്ങള്‍ ആവശ്യമാണ്. നിശ്ചയദാര്‍ഢ്യത്തോടും ഇച്ഛാശക്തിയോടും കൂടി ഞങ്ങള്‍ ഒടുവില്‍ മുഴുവന്‍ മൃതദേഹങ്ങളും കൈമാറുമെന്നും കയ്‌റോ ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.



