വാഷിംഗ്ടണ്‍ – അമേരിക്കയുടെ ഏതാനും സഖ്യകക്ഷികള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസ് നടത്തിയ ഭയാനകമായ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം ഉള്‍പ്പെടെയുള്ള ഭയാനകമായ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലമാണിത്. ഹമാസ് ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനോ വെടിനിര്‍ത്തല്‍ അംഗീകരിക്കാനോ വിസമ്മതിക്കുകയാണ്.
ഏഴ് മാസത്തിനിടെ ലോകമെമ്പാടുമുള്ള ഏഴ് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചു. നമ്മള്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം, സമാധാന ചര്‍ച്ചകള്‍ നടത്തണം, ബന്ദികളെ ഉടന്‍ തിരികെ എത്തിക്കണം. ആണവായുധങ്ങള്‍ കൈവശം വെക്കാന്‍ ഇറാനെ അനുവദിക്കില്ല. എന്റെ നിലപാട് വളരെ ലളിതമാണ്. ലോകത്ത് ഭീകരവാദത്തിന്റെ ഒന്നാമത്തെ സ്‌പോണ്‍സറായ ഒരു രാജ്യത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധം കൈവശം വെക്കാന്‍ അനുവദിക്കില്ല.ട്രംപ് കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭ സമാധാന നിര്‍മാണത്തിന് സംഭാവന നല്‍കുന്നില്ലെന്ന് വാദിച്ച് യു.എസ് പ്രസിഡന്റ് യു.എന്നിനെ വിമര്‍ശിക്കുകയും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭാ കെട്ടിടത്തെ പരിഹസിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭക്ക് അതിശക്തമായ ശക്തിയുണ്ട്, ഞാന്‍ എപ്പോഴും ഇത് പറഞ്ഞിട്ടുണ്ട്, അതിശക്തമായ ശക്തി, പക്ഷേ, അത് അല്‍പം പോലും ആവശ്യമായ നിലവാരത്തിലേക്ക് ഉയരുന്നില്ല. സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് തകര്‍ന്ന എസ്‌കലേറ്ററുകളെ കുറിച്ച് ട്രംപ് പരാതിപ്പെട്ടു. സൗദി അറേബ്യയുമായും ഗള്‍ഫ് രാജ്യങ്ങളുമായും താന്‍ വിലപ്പെട്ട ബന്ധങ്ങള്‍ കെട്ടിപ്പടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉടനടി നിര്‍ത്താന്‍ ട്രംപ് യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഉക്രെയ്‌നിലെ റഷ്യന്‍ യുദ്ധത്തിന് ഏറ്റവും വലിയ ധനസഹായം നല്‍കുന്നത് ചൈനയും ഇന്ത്യയുമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും വാങ്ങുന്നത് ഉടന്‍ നിര്‍ത്തണം. അതല്ലെങ്കില്‍, നാമെല്ലാവരും ധാരാളം സമയം പാഴാക്കേണ്ടിവരും.
സമീപ മാസങ്ങളില്‍ ഒരു അനധികൃത കുടിയേറ്റക്കാരനും അമേരിക്കയില്‍ പ്രവേശിച്ചിട്ടില്ല. അമേരിക്കയിലേക്ക് പണം ഒഴുകിയെത്തുകയാണ്. ഇപ്പോള്‍ നമ്മള്‍ ഏറ്റവും മികച്ച സമ്പദ്വ്യവസ്ത കെട്ടിപ്പടുക്കുകയാണ്. എന്റെ ആദ്യ ഭരണകാലത്ത്, ലോകചരിത്രത്തിലെ ഏറ്റവും മികച്ച സമ്പദ്വ്യവസ്ഥയാണ് ഞാന്‍ നിര്‍മിച്ചത്. ഇത്തവണ ഞാന്‍ അതിലും മികച്ച ഒരു സമ്പദ്വ്യവസ്ഥക്കായി പ്രവര്‍ത്തിക്കുകയാണ്. അധികാരമേറ്റ ശേഷം, ഞങ്ങള്‍ 17 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ നേടിയിട്ടുണ്ട്. അമേരിക്കക്ക് നിലവില്‍ ഏറ്റവും ശക്തമായ സൈന്യവും ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയും ലോകത്തിലെ ഏറ്റവും ശക്തമായ ബന്ധങ്ങളുമുണ്ട്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം അമേരിക്കക്ക് സാമ്പത്തിക ദുരന്തങ്ങള്‍ സമ്മാനിച്ചതായയും ട്രംപ് ആരോപിച്ചു.