വാഷിംഗ്ടണ്‍– യു.എസ് കോണ്‍ഗ്രസില്‍ ഇസ്രായിലിന് സ്വാധീനം നഷ്ടപ്പെടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഗാസയില്‍ നടക്കുന്ന യുദ്ധം ഇസ്രായിലിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നു. ഇസ്രായില്‍ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ അതിനാൽ അന്താരാഷ്ട്ര ബന്ധങ്ങള്‍ നഷ്ടപ്പെടും.
യുദ്ധം കാരണം ഇസ്രായിലിന്, അമേരിക്കയില്‍ പ്രത്യേകിച്ച് യു.എസ് കോണ്‍ഗ്രസില്‍ സ്വാധീനം നഷ്ടപ്പെടുന്നുണ്ട്. അമേരിക്കയിലെ ഇസ്രായിലി ലോബിക്ക് വലിയ കോട്ടം നേരിട്ടിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇസ്രായിലിനോടുള്ള നിലപാടിലെ മാറ്റങ്ങളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശ്ചര്യം പ്രകടിപ്പിച്ചു. ഇസ്രായിലി ലോബിക്ക് ഇപ്പോള്‍ പഴയപോലെ സ്വാധീനമില്ല. യുവ റിപ്പബ്ലിക്കന്‍മാര്‍ക്കിടയില്‍ ഇസ്രായിലിനുള്ള ജനപിന്തുണ വ്യക്തമായി കുറഞ്ഞുവരികയാണെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ അഭിപ്രായ സര്‍വേക്കുള്ള പ്രതികരണമായാണ് ട്രംപിന്റെ ഈ പരാമര്‍ശം. 53 ശതമാനം അമേരിക്കക്കാര്‍ക്കും ഇസ്രായിലിനെ കുറിച്ച് പ്രതികൂല വീക്ഷണമുള്ളതായി ഈ സര്‍വേ വെളിപ്പെടുത്തി. 2022 ല്‍ ഇത് 42 ശതമാനം ആയിരുന്നു. 50 വയസ്സിന് താഴെയുള്ള റിപ്പബ്ലിക്കന്‍മാരില്‍ പകുതി പേരും ഇപ്പോള്‍ ഇസ്രായിലിനെ കുറിച്ച് പ്രതികൂല വീക്ഷണം വെച്ചുപുലര്‍ത്തുന്നു. മൂന്ന് വര്‍ഷം മുമ്പ് ഈ അനുപാതം വെറും 35 ശതമാനം ആയിരുന്നു. ഇസ്രായിലിനുള്ള പരമ്പരാഗത അമേരിക്കന്‍ പിന്തുണയെ കൂടുതല്‍ സംശയിക്കുന്ന പ്രവണത വളര്‍ന്നുവരുന്നതിനെയാണ് അഭിപ്രായ സര്‍വേയിലെ ഈ കണ്ടെത്തലുകള്‍ പ്രതിഫലിപ്പിക്കുന്നത്.
താന്‍ പ്രസിഡന്റായിരിക്കെ തനിക്ക് ഇസ്രായിലില്‍ നിന്ന് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങള്‍ മുതല്‍ നയപരമായ തീരുമാനങ്ങള്‍ വരെ എന്നേക്കാള്‍ കൂടുതലായി ആരും ഇസ്രായിലിന് വേണ്ടി ചെയ്തിട്ടില്ല. ഞങ്ങള്‍ ഇസ്രായിലിന് അഭൂതപൂര്‍വമായ പിന്തുണ നല്‍കിയിട്ടുണ്ട്. സി.എന്‍.എന്‍ പോലുള്ള ചില മാധ്യമങ്ങള്‍ ഈ നടപടികളുടെ വിജയത്തെ കുറച്ചുകാണാന്‍ ശ്രമിച്ചു. പക്ഷേ അവ പൂര്‍ണവും അങ്ങേയറ്റം വിജയകരവുമാണ്.
എന്നാല്‍ വാഷിംഗ്ടണില്‍ ഇസ്രായിലിന്റെ സ്വാധീനത്തില്‍ ഗണ്യമായി മാറ്റമുണ്ടായിട്ടുണ്ടെന്ന് ട്രംപ് സമ്മതിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇസ്രായിലിന് യു.എസ് കോണ്‍ഗ്രസില്‍ ഏറ്റവും ശക്തമായ ലോബി ഉണ്ടായിരുന്നു. ഏതൊരു രാജ്യത്തെക്കാളും സ്ഥാപനത്തെക്കാളും കമ്പനിയെക്കാളും കൂടുതല്‍ ശക്തമായിരുന്നു ആ ലോബി. ഇന്ന് അത് അത്ര ശക്തമല്ല. ഇത് അതിശയകരമാണ്.
കോണ്‍ഗ്രസ് പ്രതിനിധി അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, എ.ഒ.സി പ്ലസ് ത്രീ ഗ്രൂപ്പ് തുടങ്ങിയ പുരോഗമന രാഷ്ട്രീയ ശബ്ദങ്ങളുടെ ഉദയവുമായി ട്രംപ് ഈ തകര്‍ച്ചയെ ബന്ധപ്പെടുത്തി. അവര്‍ കളിയുടെ നിയമങ്ങള്‍ മാറ്റി. അവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇസ്രായിലിനെ പരസ്യമായി വിമര്‍ശിക്കുന്നത് സാധ്യമാക്കി. മുമ്പ് അത് അസാധ്യമായിരുന്നു.
ഇസ്രായിലിനെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടന്ന 2023 ഒക്ടോബര്‍ ഏഴ് വളരെ ഭയാനകമായ ഒരു ദിവസമായിരുന്നു. ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഞാന്‍ തന്നെ കണ്ടു. എന്നിട്ടും, ആ ദിവസം എന്താണ് സംഭവിച്ചതെന്ന് ആളുകള്‍ ഇപ്പോള്‍ മറന്നുപോയിരിക്കുന്നതായി ട്രംപ് പറഞ്ഞു.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരുന്ന പ്രതിസന്ധിയെയാണ് ട്രംപിന്റെ പ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. ഒരു വശത്ത്, ഇസ്രായിലിനെ ഏറ്റവുമധികം പിന്തുണക്കുന്നയാളാണ് താനെന്ന് പ്രസിഡന്റ് വീമ്പിളക്കുമ്പോള്‍, മറുവശത്ത്, പൊതുജനങ്ങളുടെ മാനസികാവസ്ഥ, പ്രത്യേകിച്ച് യുവ റിപ്പബ്ലിക്കന്‍മാര്‍ക്കിടയില്‍, ഇപ്പോള്‍ പഴയതുപോലെയല്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. അമേരിക്കക്കുള്ളില്‍ തര്‍ക്കമില്ലാത്ത തന്ത്രപരമായ സഖ്യകക്ഷി എന്ന സ്ഥാനം നിലനിര്‍ത്തുന്നതില്‍ ഇസ്രായിലിന് ഇത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തും.