ജയ്പൂർ – ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച വാൻ വഴിതെറ്റി പുഴയിൽ വീണ് നാല് മരണം. തീർത്ഥാടനയാത്ര കഴിഞ്ഞ് തിരിച്ചുപോകുന്ന വഴിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. ഒരു കുട്ടിയുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.
ഗൂഗിൾ മാപ്പ് നിർദേശിച്ച വഴി പിന്തുടർന്ന വാൻ, കഴിഞ്ഞ മൂന്ന് വർഷമായി ഉപയോഗശൂന്യമായിക്കിടക്കുന്ന സോംമ്പി-ഉപെർഡ പാലത്തിലേക്കാണ് കയറിപോയത്. തുടർന്ന് ബനാസ് നദിയിലെ ശക്തമായ ഒഴുക്കിൽ വാൻ ഒലിച്ചുപോവുകയായിരുന്നെന്നാണ് റിപ്പോർട്ട്. ബനാസ് നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നദി മുറിച്ചുകടക്കുന്നതിനുള്ള എല്ലാ വഴികളും അടച്ചിരുന്നു. അടച്ച പാലത്തിലേക്കാണ് മാപ്പ് വഴി കാണിച്ചത്.
ചിക്കോർഗഡ് ജില്ലയിലെ കനക്കേഡ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 9 യാത്രക്കാരിൽ 5 പേർ വാനിനു മുകളിൽ കയറിയിരുന്നു. ഇവരെ പൊലീസ് രക്ഷിച്ചു.