കയ്‌റോ– വടക്കന്‍ ഈജിപ്തിലെ ഖല്‍യൂബിയ ഗവര്‍ണറേറ്റിലെ ബന്‍ഹ നഗരത്തില്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ ഏഴു പേര്‍ മരണപ്പെടുകയും പതിനൊന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ സിവില്‍ പ്രൊട്ടക്ഷന്‍ സേന തീ നിയന്ത്രണവിധേയമാക്കി സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലെ ഏഴ് അന്തേവാസികളാണ് മരണപ്പെട്ടതെന്ന് ഖല്‍യൂബിയ ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് പതിനൊന്ന് പേരെ ബന്‍ഹ ടീച്ചിംഗ് ആശുപത്രിയിലേക്കും യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കും മാറ്റി.
ആരോഗ്യ വകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഖല്‍യൂബിയയിലെ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഉസാമ അല്‍ശല്‍ഖാനി പറഞ്ഞു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താനും പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം നല്‍കാനും സാങ്കേതിക, നിയമ സമിതികളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഈജിപ്തിലെ ലഹരിവിമുക്ത ചികിത്സാ കേന്ദ്രങ്ങളെയും സുരക്ഷാ, സിവില്‍ പ്രൊട്ടക്ഷന്‍ വ്യവസ്ഥകള്‍ അവ എത്രമാത്രം പാലിക്കുന്നുണ്ട് എന്നതിനെയും കുറിച്ച ചര്‍ച്ചകള്‍ക്ക് ഈ സംഭവം വീണ്ടും തുടക്കമിട്ടു. ഈ കേന്ദ്രങ്ങളില്‍ പലതിലും, പ്രത്യേകിച്ച് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ സ്ഥിതി ചെയ്യുന്നവയില്‍, എമര്‍ജന്‍സി എക്‌സിറ്റുകളുടെയും ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനങ്ങളുടെയും അഭാവമുണ്ട്. ഇത് വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടുകളോ അശ്രദ്ധയോ ഉണ്ടായാല്‍ ദുരന്തങ്ങള്‍ക്ക് ഇടയാകുന്നു. മെഡിക്കല്‍ മേല്‍നോട്ടമില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതുമായ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സുരക്ഷാ ഏജന്‍സികളുമായി ഏകോപിപ്പിച്ച് ആരോഗ്യ മന്ത്രാലയം ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്.



