ഗാന്ധിനഗർ– ഗുജറാത്തിൽ പാലം തകർന്ന് വീണ് ഒമ്പത് മരണം. ഗുജറാത്തിലെ മഹിസാഗർ നദിയിൽ സ്ഥിതി ചെയ്യുന്ന, വഡോദരയെയും ആനന്ദിനെയും ബന്ധിപ്പിക്കുന്ന ’ഗംഭീര’ പാലമാണ് തകർന്നത്. അപകടത്തിൽ അഞ്ചോളം വാഹനങ്ങളാണ് നദിയിൽ വീണത്. ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.


900 മീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ മധ്യഭാഗത്തായിട്ടാണ് പാലം തകർന്നിട്ടുള്ളത്. തകർച്ചയിൽ നദിയിലേക്ക് പതിച്ച ഒമ്പത് വാഹനങ്ങൾക്ക് പുറമേ ഒരു ട്രക്ക് പാലത്തിൽ കുടുങ്ങി കിടക്കുകയും ചെയ്തിട്ടുണ്ട്. ട്രക്ക് ഡ്രൈവർ രക്ഷപ്പെട്ടിട്ടുണ്ടെന്നും. ശേഷം ഇദ്ദേഹത്തെ കാണാനില്ല എന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പാലം തകർന്ന് മഹിസാഗർ നദിയിലേക്ക് പതിച്ച ലോറിയടക്കമുള്ള വാഹനങ്ങളെ ഒരു ക്രയ്നും മൂന്ന് ജെസിബിയും ഉപയോഗിച്ച് കരയിലെത്തിക്കാനായുള്ള ശ്രമം തുടർന്ന് കൊണ്ടിരിക്കെയാണ്. ഗംഭീര പാലത്തിലെ ദിനേനയുള്ള ഗതാഗത കുരുക്ക് കണക്കിലെടുത്ത് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ ഭുപേന്ദ്രപട്ടേൽ 212 കോടി മുതൽ മുടക്ക് വരുന്ന പുതിയ പാലത്തിന് അനുമതി നൽകിയത്. പുതിയ പാലത്തിന്റെ രൂപരേഖയും ടെൻഡറിങ് വർക്കും പുരോഗമിക്കവേയാണ് ഗംഭീര പാലം അപകടത്തിലാവുന്നത്.
പാലം പണിത മുഖ്യ എഞ്ചിനിയറോടും പാലം രൂപകൽപ്പന ചെയ്ത ടീമിനോടും മുഖ്യമന്ത്രി ഭുപേന്ദ്രപട്ടേൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. “സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ റോഡ് നിർമ്മാണ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി, ചീഫ് എഞ്ചിനീയർ – ഡിസൈൻ, ചീഫ് എഞ്ചിനീയർ – സൗത്ത് ഗുജറാത്ത്, പാലം നിർമ്മാണത്തിൽ വൈദഗ്ധ്യമുള്ള രണ്ട് സ്വകാര്യ എഞ്ചിനീയർമാർ എന്നിവരടങ്ങുന്ന ഒരു സംഘം ഉടൻ സ്ഥലത്തെത്തി, തകർച്ചയുടെ കാരണത്തെക്കുറിച്ചും മറ്റ് സാങ്കേതിക കാര്യങ്ങളെക്കുറിച്ചും പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി പട്ടേൽ എക്‌സിൽ എഴുതി.
ഗംഭീര പാലത്തിന്റെ നിർമ്മാണം 1981 ൽ ആരംഭിച്ചു, 1985 ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 2017 ൽ, പാലത്തിന്റെ തകർച്ച കാരണം ഭാരമേറിയ വാഹനങ്ങൾക്ക് പാലം അടച്ചിടണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ “അങ്ങേയറ്റം ദുഃഖകരം” എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പട്ടേൽ, ഏകദേശം 900 മീറ്റർ നീളമുള്ള പാലത്തിന്റെ 23 സ്പാനുകളിൽ ഒന്ന് തകർന്നുവീണതായി പറഞ്ഞു. “വഡോദര കളക്ടറുമായി സംസാരിച്ചതിന് ശേഷം പരിക്കേറ്റവർക്ക് അടിയന്തര വൈദ്യചികിത്സ ക്രമീകരിക്കാനും ആവശ്യമായ ക്രമീകരണങ്ങൾക്ക് മുൻഗണന നൽകാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്,” മുഖ്യമന്ത്രി പട്ടേൽ എക്‌സിൽ എഴുതി.