ജാര്‍ഖണ്ഡ്– ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിൽ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് ഏഴുപേര്‍ കൊല്ലപ്പെട്ടു. പൊള്ളലേറ്റയാളുമായി റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന റെഡ്ബേര്‍ഡ് എയര്‍വേസിന്‍റെ ബീച്ച് ക്രാഫ്റ്റ് C90 വിമാനമാണ് തകര്‍ന്നുവീണത്. രണ്ട് ജീവനക്കാരും രോഗിയും ഡോക്ടറും നഴ്സും ഉള്‍പ്പെടെയുള്ള അഞ്ച് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഛത്ര ജില്ലയിലെ കസാരിയ പഞ്ചായത്ത് പരിധിയിലാണ് അപകടം നടന്നതെന്ന് ഡിജിസിഎ സ്ഥിരീകരിച്ചു. രാത്രി 7.11-ന് റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്, 7.34-ഓടെ കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. രാത്രി 10 മണിക്ക് ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന വിമാനം, വാരണാസിക്ക് 100 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്ക് വെച്ചാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
പൂര്‍ണ്ണമായും തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജില്ലാ ഭരണകൂടത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



