പത്തനംതിട്ട– കോന്നിക്കടുത്ത പയ്യനാമണ്‍, ചെങ്കുളത്ത് ലൈസന്‍സില്ലാത്ത പാറമടയിലുണ്ടായ അപകടത്തില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയതെന്നും എന്നാല്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. രണ്ടു ഇതരസംസ്ഥാന തൊഴിലാളികളാണ് പാറമടയില്‍ അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ ആളുകള്‍ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായി തുടരുകയാണ്. അതിനിടെ, പാറ ഇടിഞ്ഞു വീണതിന്റെ മറുവശത്തു രണ്ട് തൊഴിലാളികള്‍ കൂടി കുടുങ്ങിയിരുന്നുവെന്നും അവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. പാറ വീണതിനെ തുടര്‍ന്ന് മറുവശത്തേക്ക് എത്താന്‍ കഴിയാതെ പ്രയാസപ്പെട്ടു നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഹിറ്റാച്ചിക്ക് മുകളില്‍ പാറ വീണാണ് അപകടമുഉണ്ടായത്.
പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയും ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവര്‍് അപകടത്തില്‍പെടുകയുമായിരുന്നു.
പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം എത്തും. 27 എന്‍ഡിആര്‍എഫ് സംഘം തിരുവല്ലയില്‍ നിന്ന് തിരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് കെയു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഹിറ്റാച്ചിക്കുള്ളില്‍ രണ്ട് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. പാറയിടിഞ്ഞ് വീണ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ഏറെ സാഹസപ്പെടേണ്ടി വന്നു. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍ പെട്ടത്. പൊലീസും ഫയര്‍ ഫോഴ്സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. അതിനിടെ പാറമടയിലെ ക്രഷറിന്റെ ലൈസന്‍സ് ഇക്കഴിഞ്ഞ ജൂണ്‍ 30ന് അവസാനിച്ചതാണെന്നും ഇതിനെതിരെ മുന്‍ പഞ്ചായത്ത് അംഗം ബിജി കെ വര്‍ഗീസ് കോന്നി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. 120 ഏക്കര്‍ ഭൂമിയില്‍ ആണ് പാറമട പ്രവര്‍ത്തിക്കുന്നത്.