ന്യൂദൽഹി/ന്യൂയോർക്ക്: ഇന്ത്യക്ക് കുടിയേറ്റക്കാരെ ഇഷ്ടമല്ലെന്നും അതാണ് ഇന്ത്യ സാമ്പത്തികമായി പിന്നോക്കം പോകാൻ കാരണമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വിദേശികളോടുള്ള ശത്രുതയാണ് ഇന്ത്യയുടെ വളർച്ചക്ക് തടസമെന്നും ബൈഡൻ ആരോപിച്ചു.
“നമ്മുടെ സമ്പദ്‌വ്യവസ്ഥ വളരുന്നതിൻ്റെ ഒരു കാരണം നിങ്ങളും മറ്റുള്ളവരും ആണ്. ഞങ്ങൾ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു. എന്തുകൊണ്ടാണ് ചൈന സാമ്പത്തികമായി മോശമായ രീതിയിൽ മുരടിപ്പ് നേരിടുന്നത്, എന്തുകൊണ്ടാണ് ജപ്പാന് പ്രശ്‌നങ്ങൾ നേരിടുന്നത്, റഷ്യയും ഇന്ത്യയും എന്തുകൊണ്ടാണ് ഇങ്ങിനെയാകുന്നത്. ഇതിന് കാരണം അവർ
വിദ്വേഷമുള്ളവരാണ്. അവർക്ക് കുടിയേറ്റക്കാരെ ആവശ്യമില്ല. കുടിയേറ്റക്കാരാണ് ഞങ്ങളെ ശക്തരാക്കുന്നത്- ബൈഡൻ പറഞ്ഞു.
2021-ൽ അധികാരമേറ്റതിനുശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനം
എടുത്ത ശേഷമുള്ള ബൈഡൻ്റെ പരാമർശം ആശ്ചര്യകരമാണ്. പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. വിശാലമായ അർത്ഥത്തിലാണ് ബൈഡന്റെ പ്രസ്താവന വായിക്കേണ്ടത് എന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.
“പ്രസിഡൻ്റ് ഉന്നയിക്കുന്ന വിശാലമായ പോയിൻ്റ്, ലോകമെമ്പാടുമുള്ള ആളുകൾ ഇത് തിരിച്ചറിയുന്നുവെന്ന് ഞാൻ കരുതുന്നു, യുണൈറ്റഡ് സ്റ്റേറ്റ്സ് കുടിയേറ്റക്കാരുടെ ഒരു രാഷ്ട്രമാണ്, അത് ഞങ്ങളുടെ ഡിഎൻഎയിൽ ഉണ്ട്,” ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബൈഡന്റെ പ്രസ്താവനക്ക് എതിരെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്തെത്തി. വൈവിധ്യമാർന്ന സമൂഹങ്ങളിൽ നിന്നുള്ള ആളുകളെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്യുന്നതാണെന്നും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നില്ലെന്നും ജയശങ്കർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനും ഇന്ത്യ ഒരുങ്ങുകയാണ്. ഇന്ത്യ എല്ലായ്‌പ്പോഴും വളരെ സവിശേഷമായ ഒരു രാജ്യമാണ്. ലോക ചരിത്രത്തിലെ തുറന്ന സമൂഹമായിരുന്നു ഇന്ത്യ. വ്യത്യസ്ത സമൂഹങ്ങളിൽ നിന്നുള്ള വ്യത്യസ്ത ആളുകൾ ഇന്ത്യയിലേക്ക് വരുന്നു. ബുദ്ധിമുട്ടുള്ള ആളുകൾക്ക് വേണ്ടി വാതിൽ തുറക്കുന്നതാണ് പൗരത്വനിയമം എന്നും ജയശങ്കർ അവകാശപ്പെട്ടു.